KeralaNews

മറുകണ്ടം ചാടുമെന്ന് പേടി: എം.എല്‍.എമാരുടെ ‘വിശ്വസ്തതാ’ സത്യവാങ്മൂലം കോണ്‍ഗ്രസ് എഴുതിവാങ്ങി

കൊല്‍ക്കത്ത: മറുകണ്ടം ചാടുമോ എന്ന ഭയക്കുന്ന സാഹചര്യത്തില്‍ എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്‍കരുതല്‍. തെരഞ്ഞെടുക്കപ്പെട്ട 44 എം.എല്‍.എമാരും പാര്‍ട്ടിയോടു വിശ്വസ്തത പ്രഖ്യാപിക്കുന്ന സത്യവാങ്മൂലം നല്‍കണമെന്നു ബംഗാള്‍ പി.സി.സി. അധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരി നിര്‍ദേശം നല്‍കി. ഇതനുസരിച്ച് എം.എല്‍.എമാര്‍ നൂറു രൂപയുടെ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം നല്‍കിയെന്നാണു റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടും വിശ്വസ്തത പുലര്‍ത്തുമെന്നും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നുമാണ് സത്യവാങ്മൂലത്തിലുള്ളത്. പാര്‍ട്ടി തീരുമാനങ്ങളെ പൊതുജനമധ്യത്തില്‍ എതിര്‍ക്കില്ലെന്നും സത്യവാങ്മൂലത്തില്‍ എം.എല്‍.എമാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷം നേടിയെങ്കിലും ബംഗാളില്‍ നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിനായി. 44 എം.എല്‍.എമാരെ ലഭിച്ചെങ്കിലും അടുത്ത അഞ്ചുവര്‍ഷം ഇവരെ ഒപ്പംനിര്‍ത്തുകയാണു കോണ്‍ഗ്രസ് നേതൃത്വം നേരിടുന്ന പ്രധാന വെല്ലുവിളി. വന്‍ വാഗ്ദാനങ്ങള്‍ ലഭിച്ചാല്‍ എം.എല്‍.എമാരില്‍ പലരും തൃണമൂല്‍ കോണ്‍ഗ്രസിലേക്കു ചേക്കേറുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്. ബംഗാളില്‍ മുഖ്യപ്രതിപക്ഷ സ്ഥാനവും കോണ്‍ഗ്രസിനു ലഭിച്ചു.

എം.എല്‍.എമാരുടെ എണ്ണത്തില്‍ സി.പി.എം. തൃണമൂലിനും കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാമതായിപ്പോയി. ഈ സാഹചര്യത്തില്‍ മുഖ്യ പ്രതിപക്ഷമായതോടെയാണ് കൂറുമാറ്റം തടയാന്‍ പി.സി.സി. അധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരി നടപടി കൈക്കൊണ്ടത്. അതേസമയം, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബി.ജെ.പി. രംഗത്തെത്തി. കരാര്‍ തൊഴിലാളികളെപ്പോലെയാണു നിയമസഭാംഗങ്ങളെ കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നു ബി.ജെ.പി. നേതാവ് സിദ്ധാര്‍ഥ്‌നാഥ് സിങ് ആരോപിച്ചു. ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയില്‍ തെറ്റില്ലെന്നും എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button