കേരളത്തെ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയാക്കാന്‍ തീരുമാനിച്ചുറച്ച സര്‍ക്കാരിന്റെ ഒന്നാം പേജ് പരസ്യവുമായാണ് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രധാന പത്രങ്ങളെല്ലാം ചൊവ്വാഴ്ച ഇറങ്ങിയത്. അഴിമതി സര്‍ക്കാരെന്ന ചീത്തപ്പേരുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ഉമ്മന്‍ ചാണ്ടിയെയും കൂട്ടരെയും മൃഗീയ ഭൂരിപക്ഷത്തോടെ മറികടന്ന് അധികാരത്തിലെത്തിയ സര്‍ക്കാരാണിത്.
സ്ഥാനമേല്‍ക്കും മുമ്പേ കോടികളുടെ ഒന്നാം പേജ് പരസ്യം, ഇത് ശരിയോ പിണറായി സഖാവേ?
എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു തിരഞ്ഞെടുപ്പിനെ നേരിടാനായി മുന്നണിക്ക് നേതൃത്വം നല്‍കിയ സി പി എം ഒരുക്കിയ മുദ്രാവാക്യം. എല്ലാം ശരിയാക്കിയില്ലെങ്കിലും മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന പിണറായി വിജയന്‍ അടിയന്തിരമായി ശ്രദ്ധയൂന്നേണ്ട ചില കാര്യങ്ങളുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ശ്രമിക്കുമെന്ന് പറയുന്ന പിണറായി, പരസ്യത്തില്‍ പറഞ്ഞ പോലെ കേരളത്തെ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയാക്കാന്‍ ചെയ്യേണ്ട 10 കാര്യങ്ങള്‍ ഇവയാണ്.
1 പാര്‍ട്ടിക്കാരുടെയല്ല, ജനങ്ങളുടെ സര്‍ക്കാരാകണം അധികാരത്തില്‍ വരുന്നത്. യു ഡി എഫിനെ അപേക്ഷിച്ച് 31 ശതമാനം സീറ്റുകള്‍ കൂടുതലുണ്ടെങ്കിലും വോട്ട് ശതമമാനത്തിന്റെ കാര്യത്തില്‍ 4.6 ശതമാനത്തിന്റെ വ്യത്യാസമേയുള്ളൂ. ഇനിയുള്ള 5 വര്‍ഷം യു.ഡി.എഫിനും ബി.ജെ.പിക്കും വോട്ട് ചെയ്തവരുടെ കൂടി സര്‍ക്കാരാണ് ഭരിക്കുന്നത് എന്ന തോന്നലുണ്ടാക്കിയാലേ പിണറായി വിജയന് സല്‍പ്പേര് നിലനിര്‍ത്താന്‍ പറ്റൂ.
2, 5 വര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്നത് കേള്‍ക്കാന്‍ വളരെ സുഖമുള്ള കാര്യമാണ്. പക്ഷേ നടക്കുന്നതാണോ. ഐ ടി, കൃഷി, ടൂറിസം എന്നീ മേഖലകളിലാണ് പ്രധാനമായും ഈ തൊഴിലുകള്‍. ഇന്ത്യയില്‍ തന്നെ ഐ.ടി രംഗത്ത് തൊഴില്‍ സാധ്യതകള്‍ കുറഞ്ഞുവരികയാണ്. അപ്പോള്‍ പിന്നെ കേരളത്തിലെ കാര്യമോ. തിരഞ്ഞെടുപ്പ് മുദ്രാവാക്യം മാത്രമല്ല ഇതെന്ന് തെളിയിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്ക് തന്നെയാണ്
3. എല്‍.ഡി.എഫ് വിജയിച്ചു എന്ന വാര്‍ത്ത പരന്നതോടെ തന്നെ അക്രമങ്ങള്‍ തുടങ്ങി. ആര് തുടങ്ങി വെച്ചതായാലും എല്‍.ഡി.എഫ് വന്നതോടെ അക്രമങ്ങളും കൂടി എന്നാകും ജനങ്ങള്‍ക്ക് തോന്നുക. അതുകൊണ്ട് തന്നെ സ്വന്തം പാര്‍ട്ടിയായാലും എതിരാളികളായാലും അക്രമങ്ങളോട് സഹിഷ്ണുതയില്ല എന്ന നിലപാടാണ് വേണ്ടത്.
4, മാനവ വികസന സൂചികയില്‍ മുന്നില്‍ നില്‍ക്കുമ്പോഴും നിക്ഷേപ സൗഹൃദ സംസ്ഥാനമല്ല എന്ന ചീത്തപ്പേര് കേരളത്തിനുണ്ട്. കേരള വികസന മോഡലിന് ഒരു അഴിച്ചുപണി ആവശ്യമാണ്. പാര്‍ട്ടിക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും, പബ്ലിക് സെക്ടറിനൊപ്പം പ്രൈവറ്റ് സെക്ടറിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു സാമ്പത്തിക നയം സര്‍ക്കാര്‍ കൊണ്ടുവരേണ്ടതുണ്ട്.
5, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മദ്യനയമാണ് പിണറായി വിജയന്‍ ശ്രദ്ധയോടെ കാണേണ്ട ഒരു വിഷയം. ബാറുകള്‍ തുറന്നാല്‍ ഉമ്മന്‍ ചാണ്ടി പൂട്ടിച്ച ബാറുകള്‍ തുറന്നു എന്നാകും. മദ്യ നിരോധനം എന്നത് പറയാമെന്നല്ലാതെ പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്ത ഒരു കാര്യമാണ്. ലോകത്തെവിടെയും ഇത് നടപ്പില്‍ വന്നിട്ടില്ല. മദ്യനിരോധനം എന്നൊരു വാഗ്ദാനം പാര്‍ട്ടി നല്‍കിയിട്ടില്ല അത്രയും ആശ്വാസം.
6, പാര്‍ട്ടി സെക്രട്ടറിയായി മികച്ച പ്രകടനം കാഴ്ചവെച്ച നേതാവാണ് പിണറായി വിജയന്‍. എന്നാല്‍ സര്‍ക്കാരിന്റെ ഭരണമെന്നത് പാര്‍ട്ടിയുടെ കാഴ്ച്ചപ്പാടുമായി ഒത്തുപോകുന്നതാകണം എന്നില്ല. നവ മുതലാളിത്ത, ബൂര്‍ഷ്വാസി, കുത്തക വിരുദ്ധ മുദ്രാവാക്യങ്ങളൊക്കെ പാര്‍ട്ടി പരിപാടിയില്‍ വിമര്‍ശിക്കാന്‍ കൊള്ളാം. ഭരണത്തിലെത്തുമ്പോള്‍ ഏത് തള്ളണം ഏത് കൊള്ളണം എന്നത് മറ്റൊരു ചിത്രമാണ്.
7, കേരളത്തെ സൊമാലിയയുമായി താരതമ്യം ചെയ്തു എന്ന് പറഞ്ഞ് മോദിക്കെതിരെ ഹാഷ്ടാഗ് ഇറക്കിയതൊക്കെ അസലായി. പക്ഷേ മോദി പറഞ്ഞിട്ട് പോയതില്‍ ചെറിയൊരു കാര്യവും ഉണ്ട്. കാര്‍ഷിക രംഗത്ത് കേരളത്തിന്റെ സമീപകാല പ്രകടനങ്ങള്‍ അത്ര ആശാവഹമല്ല. ആവശ്യമുള്ളതിന്റെ 13 ശതമാനം മാത്രമേ കാര്‍ഷിക മേഖലയില്‍ നിന്നും കേരളത്തിന് ഇപ്പോള്‍ കിട്ടുന്നുള്ളൂ. കാര്‍ഷിക മേഖലയിലെ ഉത്പാദനത്തിന്റെ 10 ശതമാനം മാത്രമേ ഭക്ഷ്യവിളകളുള്ളൂ. ബാക്കി നാണ്യവിളകളാണ്.
8, കൃഷിയും ഐടിയും പോലെ തന്നെ കേരളത്തിന് പ്രതീക്ഷ വെക്കാവുന്ന മേഖലയാണ് ടൂറിസം. പത്തിലൊന്ന് ജി ഡി പിയും കാല്‍ഭാഗം തൊഴിലവസരങ്ങളും ടൂറിസം വഴിയാണ്. ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക, വിനോദ സഞ്ചാര സൗഹൃദ അന്തരീക്ഷം ഉണ്ടാക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. വിദേശ സഞ്ചാരികളുടെ എണ്ണം ഇരട്ടിയും സ്വദേശി യാത്രികരുടെ എണ്ണം 2 കോടിയും ആക്കുമെന്ന വാഗ്ദാനം പാലിക്കാനുള്ള നടപടികളെന്തൊക്കെയാണ് എന്നറിയാനും ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ട്.
9,വര്‍ദ്ധിച്ച് വരുന്ന ഗതാഗത പ്രശ്‌നങ്ങളും മാലിന്യ സംസ്‌കരണവുമായിരിക്കും എല്‍.ഡി.എഫ് സര്‍ക്കാര്‍ നേരിടേണ്ടി വരുന്ന മറ്റ് പ്രധാന വിഷയങ്ങള്‍.
ഏതായാലും കാത്തിരുന്ന് കാണാം അടുത്ത അഞ്ച് വര്‍ഷത്തെ ഭരണകാലം
Post Your Comments