കൊച്ചി: ജിഷ വധക്കേസ് അന്വേഷണത്തിന്റെ ചുമതല ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥക്ക് നല്‍കിയേക്കും. എ.ഡി.ജി.പിമാരായ ശ്രീലേഖയോ ബി. സന്ധ്യയോ തലപ്പത്ത് എത്തുമെന്നാണ് സൂചന. നിലവില്‍ എ.ഡി.ജി.പി കെ. പത്മകുമാറിനാണ് ചുമതല.
പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. അതോടെ ജിഷയുടെ ഘാതകനെ പിടികൂടണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ എല്‍.ഡി.എഫ് നടത്തുന്ന രാപകല്‍ സമരം അവസാനിപ്പിക്കും. അന്വേഷണച്ചുമതല വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥക്ക് നല്‍കണമെന്ന് രാപകല്‍ സമരം ഉദ്ഘാടനം ചെയ്യവെ പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണസംഘത്തിലെ ചിലരെയും മാറ്റുമെന്ന സൂചനയുണ്ട്. പൊലീസില്‍ വന്‍ അഴിച്ചുപണി ഉണ്ടാകുമെന്നിരിക്കെ നിലവില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എറണാകുളം മേഖലാ ഐ.ജി മഹിപാല്‍ യാദവിനും റൂറല്‍ എസ്.പി യതീഷ് ചന്ദ്രക്കും അന്വേഷണം ഏകോപിപ്പിക്കുന്ന ഡിവൈ.എസ്.പി ജിജിമോനും മാറ്റമുണ്ടായേക്കും. അന്വേഷണവീഴ്ച ചൂണ്ടിക്കാട്ടി ചിലര്‍ക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.
അതിനിടെ, ബുധനാഴ്ച എറണാകുളം ഗെസ്റ്റ് ഹൗസില്‍ പൊലീസ് കംപഌയിന്റ് അതോറിറ്റി അന്വേഷണ സംഘത്തിനെതിരായ പരാതി പരിഗണിക്കും. അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നും തെളിവുകള്‍ നശിപ്പിച്ചെന്നുമുള്ള പരാതിയില്‍ വിസ്താരം നടക്കും.
Post Your Comments