വാഷിങ്ടന്‍: പാകിസ്താന് ചൈന ആണവായുധങ്ങള്‍ കൈമാറുന്നതായി പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുടെ മുന്നറിയിപ്പ്. ചൈനയുടെ ഈ നീക്കം യു.എസിനും ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതാണെന്ന് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഒബാമ സര്‍ക്കാരിനെ അറിയിച്ചു.
ദക്ഷിണേഷ്യയില്‍ എവിടെയും ആക്രമണം നടത്താന്‍ പാകിസ്താനു ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. പാകിസ്താന്റെ ആണവായുധ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ചൈന രഹസ്യമായി സഹായിക്കുന്നുണ്ട്. യു.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇതു കടുത്ത ഭീഷണി ഉയര്‍ത്തുന്നു. ഈ വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് യു.എസ് കോണ്‍ഗ്രസ് ഒബാമ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
ചൈന പാകിസ്ഥാന് സൈനിക ബന്ധത്തിനെതിരെ നേരത്തെയും യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ജാഗ്രതയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. ഈ ബന്ധം ഇന്ത്യയ്ക്കാണ് ഏറ്റവും കൂടുതല്‍ ഭീഷണിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Post Your Comments