കൊച്ചി: പുല്ലേപ്പടി ചെറുകരയത്ത് ലെയ്‌നില്‍ റിസ്റ്റി ജോണ്‍ റിച്ചി (10) കുത്തേറ്റു മരിച്ച കേസില്‍ അറസ്റ്റിലായ അയല്‍വാസി അജി ദേവസിക്കെതിരെ (40) ജൂണ്‍ ആദ്യവാരംതന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കേസ് അന്വേഷിക്കുന്ന എറണാകുളം സെന്‍ട്രല്‍ പൊലീസ് പറഞ്ഞു.പിതാവ് ജോണിനോടുള്ള വൈരാഗ്യത്തെ തുടര്‍ന്ന് റിസ്റ്റിയെ കൊലപ്പെടുത്തിയെന്ന മുന്‍മൊഴിയില്‍ അജി ഉറച്ചുനില്‍ക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് അജി.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായ അജിയെ ലഹരി മോചന, മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കളെ സഹായിച്ചത് കുടുംബസുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ജോണായിരുന്നു.ഇതിലുള്ള വിരോധം തീര്‍ക്കാനാണ് റിസ്റ്റിയെ കൊലപ്പെടുത്തിയതെന്നാണ് അജി മൊഴി നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അജി ഫെബ്രുവരി ആദ്യമാണ് വീട്ടിലത്തെിയത്. റിസ്റ്റിയെ വധിക്കാന്‍ ലക്ഷ്യമിട്ട് കത്തിയുമായി അജി പലപ്പോഴും കറങ്ങിനടന്നിരുന്നതായും നാട്ടുകാരില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 26ന് രാവിലെ ഏഴേകാലോടെയാണ് റിസ്റ്റി വീടിനു മുന്‍വശത്തെ റോഡില്‍ കൊല്ലപ്പെട്ടത്. പാലും മറ്റു സാധനങ്ങളും വാങ്ങി വരവെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മുഖമടക്കം കൂട്ടിപ്പിടിച്ച് കഴുത്തില്‍ കത്തികൊണ്ട് പലതവണ കുത്തി. സംഭവം കണ്ട് അയല്‍വാസി ഒച്ചവെച്ചതോടെയാണ് അജി ആക്രമണം അവസാനിപ്പിച്ചത്. കരച്ചിലും ബഹളവും കേട്ട് റിസ്റ്റിയുടെ അമ്മ ലിനിയും ജ്യേഷ്ഠന്‍ ഏബിളും പിതാവ് ജോണും നാട്ടുകാരും ഓടിക്കൂടി. ജോണ്‍ സ്വന്തം ഓട്ടോയില്‍ റിസ്റ്റിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. റിസ്റ്റിയുടെ കഴുത്തില്‍ ആഴത്തിലുള്ള 17ഓളം മുറിവുകള്‍ ഏറ്റിരുന്നു. ആദ്യ കുര്‍ബാനക്കുള്ള ഒരുക്കത്തിനിടെയായിരുന്നു റിസ്റ്റിയുടെ മരണം.
Post Your Comments