പുണ്യപ്രവാചകന്റെ മരുമകന് ഹസ്രത്ത് അലിയുടേതെന്ന് കരുതപ്പെടുന്ന, ഏഴാം നൂറ്റാണ്ടില്‍ കുഫിക് ലിപിയിലെഴുതപ്പെട്ട വിശുദ്ധ ഖുറാന് ആണ് ഇറാനിയന്‍ പരമോന്നത നേതാവ് സയ്യിദ് അയത്തൊള്ള അലി ഖമേനിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന് സമ്മാനമായി നല്‍കിയത്. ഹസ്രത്ത് അലി ഇസ്ലാമിന്റെ നാലാമത്തെ ഖലീഫയും ആദ്യത്തെ ഷിയാ ഇമാമും ആണ്.
ഖമേനിയുടെ ഓഫീസില്‍ വച്ച് നടന്ന കൂടിക്കാഴ്ച്ചയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പ്രെത്യേകം കമ്മീഷന് ചെയ്ത ഈ അപൂര്‍വ്വ ഏഴാം ശതക ഖുറാന്റെ പുനരാവിഷ്കരിച്ച പതിപ്പ് സമാനിച്ചത്.
സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴില്‍ ഉത്തര്‍പ്രദേശിലുള്ള രാംപൂര്‍ റാസാ ലൈബ്രറിയുടെ അമൂല്യശേഖരത്തില്‍ ഉള്‍പ്പെട്ടതാണ് കുഫിക് ലിപിയില്‍ എഴുതപ്പെട്ട ഈ ഖുറാന്. വിവിധ അറബിക് ലിപി രൂപങ്ങള്‍ ഉള്ളതില്‍ ഏറ്റവും പഴയതെന്ന് കരുതപ്പെടുന്ന കൈയ്യെഴുത്ത് ലിപിയാണ് ഇറാഖിലെ കുഫയില്‍ ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വികസിപ്പിക്കപ്പെട്ട കുഫിക് ലിപി.
ഇറാനിയന്‍ പ്രസിഡന്റ് ഹസന് റൂഹാനിക്ക് നരേന്ദ്രമോദി സമ്മാനിച്ചത് മിര്‍സാ ഗാലിബിന്റെ കവിതകളുടെ പ്രത്യേകം കമ്മീഷന് ചെയ്ത പേര്‍ഷ്യന്‍ പതിപ്പാണ്. 1863-ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട കുല്ലിയത്ത്-ഏ-ഫര്‍സി-ഏ-ഗാലിബ് എന്ന ഈ കവിതാ ശേഖരത്തില്‍ ഗാലിബിന്റേതായ 11,000-ല്‍പരം കവിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സുമെയ്ര് ചന്ദ് തയാറാക്കിയ രാമായണത്തിന്റെ പേര്‍ഷ്യന്‍ പരിഭാഷയും മോദി റൂഹാനിക്ക് സമ്മാനിച്ചു. 1715-ല്‍ തയാറാക്കപ്പെട്ട 260-ല്‍ പരം ചിത്രീകരണങ്ങളടങ്ങിയ രാമായണത്തിന്റെ അപൂര്‍വ്വ പേര്‍ഷ്യന്‍ പതിപ്പാണിത്.
Post Your Comments