ന്യൂഡല്‍ഹി : രാജ്യത്ത് 13 നഗരങ്ങളെ കൂടി സ്മാര്‍ട്ട് സിറ്റികളായി പ്രഖ്യാപിച്ചു. കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു വാര്‍ത്താസമ്മേളനത്തിലാണ് സ്മാര്‍ട്ട്‌സിറ്റികളെ പ്രഖ്യാപിച്ചത്.
ലക്‌നൗ, വാറങ്കല്‍, പനാജി, ധരംശാല, ചണ്ഡീഗഡ്, റായ്പൂര്‍, കൊല്‍ക്കത്ത ന്യൂടൗണ്‍, ഭഗല്‍പുര്‍, പോര്‍ട്ട് ബ്‌ളയര്‍, ഇംഫാല്‍, റാഞ്ചി, അഗര്‍തല, ഫരീദാബാദ് എന്നിവയാണ് രണ്ടാംഘട്ട മല്‍സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട് സിറ്റികള്‍. അതേ സമയം സ്മാര്‍ട്ട് സിറ്റികളാകാനുള്ള മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് കൊച്ചിക്ക് പുറമെ തിരുവനന്തപുരം കൂടി യോഗ്യത നേടി. നേരത്തെ മാറ്റി നിര്‍ത്തിയ തിരുവനന്തപുരം അടക്കം ഏഴ് സംസ്ഥാന തലസ്ഥാനങ്ങളെയും സ്മാര്‍ട്ട് സിറ്റി മല്‍സരത്തിന് അനുവദിക്കുകയാണെന്ന് വെങ്കയ്യ നായിഡു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരത്തോടൊപ്പം ബംഗളൂരു(കര്‍ണാടക), പട്‌ന(ബിഹാര്‍), ഷിംല(ഹിമാചല്‍ പ്രദേശ്), ന്യൂ റായ്പൂര്‍(ഛത്തീസ്ഗഢ്), ഇറ്റാനഗര്‍(അരുണാചല്‍ പ്രദേശ്), അമരാവതി(ആന്ധ്ര പ്രദേശ്) എന്നീ തലസ്ഥാന നഗരങ്ങളെയാണ് സ്മാര്‍ട്ട് സിറ്റി യോഗ്യതക്ക് മല്‍സരിക്കാന്‍ ഉള്‍പ്പെടുത്തിയത്. ഇത് കൂടാതെ ഉത്തര്‍പ്രദേശിലെ റായ്ബറേലി, മീറത്ത് ജമ്മു കശ്മിരിലെ ജമ്മു, ശ്രീനഗര്‍ എന്നിവക്കും മല്‍സരത്തില്‍ പങ്കെടുക്കാമെന്നും നായിഡു പറഞ്ഞു. അതേസമയം ഈ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ആകെയുള്ള സ്മാര്‍ട്ട് സിറ്റികളുടെ എണ്ണത്തില്‍ വര്‍ധന അനുവദിക്കില്ല.
Post Your Comments