തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കളായ സി.ദിവാകരനെയും മുല്ലക്കര രത്‌നാകരനെയും ഒഴിവാക്കി നാലു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സി.പി.ഐ മന്ത്രിസ്ഥാനപ്പട്ടിക. ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍കുമാര്‍, പി.തിലോത്തമന്‍, കെ.രാജു എന്നിവരാണ് സി.പി.ഐ മന്ത്രിമാര്‍. വി.ശശിയെ ഡപ്യൂട്ടി സ്പീക്കറാക്കുന്നതിനും തീരുമാനമായി. സിപിഐ എക്‌സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങളിലാണ് അന്തിമതീരുമാനമായത്.
2006ലെ മന്ത്രിസഭയില്‍ നാലുപേരും പുതുമുഖങ്ങളായിരുന്നു. അതിനാല്‍ 2016ലെ മന്ത്രിസഭയിലെ നാലുപേരും പുതുമുഖങ്ങളാകുന്നതില്‍ സി.പി.ഐക്ക് പുതുമയില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. ആറു പേരടങ്ങിയ പാനലാണ് കൗണ്‍സില്‍ പരിഗണിച്ചത്.
മുതിര്‍ന്ന നേതാക്കളെ മന്ത്രിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതില്‍ കൊല്ലം ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. മുന്‍മന്ത്രിമാര്‍ വേണ്ടെന്ന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. മുന്‍മന്ത്രിമാരായ സി.ദിവാകരനും മുല്ലക്കര രത്‌നാകരനും വീണ്ടും അവസരം ലഭിക്കണമെന്ന ആഗ്രഹത്തിലായിരുന്നു.
അതേസമയം, മന്ത്രിസ്ഥാനത്തിന് അര്‍ഹനാണെന്ന് മുല്ലക്കര രത്‌നാകരന്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തില്‍ അറിയിച്ചു. എന്നാല്‍ എക്‌സിക്യൂട്ടീവ് യോഗം മുല്ലക്കരയെയും ദിവാകരനെയും ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എക്‌സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുല്ലക്കര കൗണ്‍സില്‍ യോഗത്തില്‍ നിന്നു വിട്ടുനിന്നു.
ദിവാകരനെ മല്‍സരിപ്പിക്കാനുള്ള തീരുമാനം ആദ്യം തന്നെ നിരാകരിച്ചിരുന്നതാണ്. ലോക്‌സഭാസീറ്റ് വിവാദത്തില്‍പ്പെട്ട ദിവാകരനു കരുനാഗപ്പളളി സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടുവെങ്കിലും വാശിയേറിയ മല്‍സരത്തില്‍ നെടുമങ്ങാട് നിന്ന് അദ്ദേഹം വിജയിച്ചിരുന്നു. അതിനാല്‍ തന്നെ മന്ത്രിസ്ഥാനത്തുനിന്നു ദിവാകരനെ മാറ്റാനാണ് ഇത്തരമൊരു നീക്കവുമായി എത്തുന്നതെന്നാണ് കൊല്ലം ജില്ലാക്കമ്മിറ്റിയിലെ ഒരു വിഭാഗം വാദിച്ചിരുന്നത്.
Post Your Comments