KeralaNews

ട്രെയിന്‍ പാളംതെറ്റി; ചില ട്രെയിനുകള്‍ ഇന്ന് വൈകും

തിരുവനന്തപുരം: ഇന്നലെ രാത്രി 11 ന് കന്യാകുമാരിയില്‍ നിന്ന് തിരിച്ച ട്രെയിന്‍ നമ്പര്‍ 15905 കന്യാകുമാരി-ദിബ്രുഗഡ് എക്സ്പ്രസ് നാഗര്‍കോവിലിനു സമീപം ഇരണിയില്‍ സ്റ്റേഷനടുത്ത് ഇന്നു പുലര്‍ച്ചെ 1.10 ന് പാളം തെറ്റി. ആര്‍ക്കും പരുക്കില്ല. പരശുറാം എക്സ്പ്രസ് അടക്കം നാഗര്‍കോവിലിലേക്കും തിരിച്ചുമുളള ചില ട്രെയിനുകള്‍ വൈകുമെന്ന് ദക്ഷിണ റയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി.

കനത്തമഴയെത്തുടര്‍ന്ന് ഇരണിയലില്‍ റയില്‍വേ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് കന്യാകുമാരി-ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റിയത്. ഡിവിഷനല്‍ റയില്‍വേ മാനേജര്‍ അടക്കമുളള സംഘം തുടര്‍നടപടികള്‍ക്കായി രംഗത്തിറങ്ങി. നാഗര്‍കോവില്‍ – തിരുവനന്തപുരം സെന്‍ട്രല്‍ വരെയുളള ഒറ്റവരി റയില്‍പാതയിലെ ചില ട്രെയിനുകളാണ് റദ്ദാക്കുകയോ വൈകുകയോ ചെയ്യുക.
വൈകിയോടുന്ന, റദ്ദാക്കിയ ട്രെയിനുകള്‍:
നാഗര്‍കോവിലില്‍ നിന്ന് രാവിലെ 6.45 നുള്ള ട്രെയിന്‍ നമ്പര്‍ 56310 നാഗര്‍കോവില്‍ – തിരുവനന്തപുരം പാസഞ്ചറും തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവിലിലേക്കുള്ള ട്രെയിന്‍ നമ്പര്‍ 56311 തിരുവനന്തപുരം – നാഗര്‍കോവില്‍ പാസഞ്ചറും ഇന്നത്തേക്കു റദ്ദാക്കി.

നാഗര്‍കോവിലില്‍ നിന്ന് 12.30 നു പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 56304 നാഗര്‍കോവില്‍ – കോട്ടയം പാസഞ്ചര്‍ നാഗര്‍കോവില്‍ ജംക്ഷനും തിരുവനന്തപുരം സെന്‍ട്രലിനുമിടയില്‍ ഇന്നു സര്‍വീസ് നടത്തില്ല.
പുലര്‍ച്ചെ രണ്ടിനു നാഗര്‍കോവിലില്‍ നിന്ന് മംഗലാപുരത്തേക്കുള്ള ട്രെയിന്‍ നമ്പര്‍ 16606 ഏറനാട് എക്സ്പ്രസ് രാവിലെ ഏഴിനാകും പുറപ്പെടുക.
നാഗര്‍കോവിലില്‍ നിന്ന് പുലര്‍ച്ചെ 4.20 ന് മംഗലാപുരത്തേക്കുളള ട്രെയിന്‍ നമ്പര്‍ 16650 പരശുറാം എക്സ്പ്രസ് രാവിലെ എട്ടിനു പുറപ്പെടും.
നാഗര്‍കോവിലിനും തിരുവനന്തപുരത്തിനുമിടയില്‍ സര്‍വീസ് നടത്തുന്ന മറ്റു ട്രെയിനുകള്‍ ഏഴു മണിക്കൂര്‍ വരെ വൈകാനിടയുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button