KeralaNewsIndia

ബി.ജെ.പി.-ബി.ഡി.ജെ.എസ് സഖ്യം തുടരും; ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതം

ന്യൂഡല്‍ഹി: വരാനിരിക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും ബി.ജെ.പി ബി.ഡി.ജെ.എസുമായി സഖ്യം തുടരുമെന്ന് റിപ്പോര്‍ട്ട്. ആസാമില്‍ ഭരണം പിടിച്ചതിന് പിന്നാലെ കേരളത്തിലും ബംഗാളിലും പാദമൂന്നാന്‍ കൂടി കഴിഞ്ഞതോടെ ബി.ജെ.പി തങ്ങളുടെ മുദ്രാവാക്യമായ ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ ആഘോഷമാക്കുന്നു. പുതിയ വിജയഫോര്‍മുല കണ്ടെത്തിയതോടെ തങ്ങള്‍ ഇക്കാര്യത്തില്‍ ഒരു ചുവട് കൂടി മുന്നോട്ട് വെച്ചതായി ബി.ജെ.പി പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷാ വ്യക്തമാക്കി
പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിക്കാനായി മോഡി ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോള്‍ പൂച്ചെണ്ട് നല്‍കിയായിരുന്നു സ്വീകരിച്ചത്. മാസങ്ങള്‍ക്ക് ശേഷമാണ് പാര്‍ട്ടിക്ക് സന്തോഷിക്കാന്‍ ഒരു കാരണമുണ്ടാകുന്നത്. കേന്ദ്രത്തില്‍ അധികാരമേറ്റ് രണ്ടു വര്‍ഷം തികയുന്നതിന് മുന്പായി വടക്കുകിഴക്കന്‍ വെല്ലുവിളികളില്‍ ഒന്ന് വിജയിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി വിലയിരുത്തുകയാണ്.

2019 ലെ ദേശീയ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം സൃഷ്ടിക്കുകയാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം. കേരളത്തില്‍ ഒരു സീറ്റ് എന്നത് വോട്ട് ശതമാനം 20 ആക്കി ഉയര്‍ത്തി കുടുതല്‍ സീറ്റുകള്‍ കൂട്ടിയെടുക്കാനാണ് പദ്ധതി. ഇതിനായി ബി.ഡി.ജെ.എസുമായുള്ള സഖ്യം പാര്‍ട്ടി തുടരും. ബി.ഡി.ജെ.എസുമായുള്ള കൂട്ടുകെട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും തിരുവനന്തപുരത്തും ഇടുക്കിയിലും പാര്‍ട്ടിക്ക് നേട്ടമായെന്നണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കുറഞ്ഞ കാലയളവില്‍ ആസാമില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ കേരളത്തിലും അക്കാര്യം സാധ്യമാകുമെന്നാണ് ബി.ജെ.പിയുടെ പൊതു വിലയിരുത്തല്‍.

വ്യാഴാഴ്ചത്തെ വലിയ തിരിച്ചടികളോടെ കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഏഴാക്കി ചുരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ ആറെണ്ണം ചെറിയ സംസ്ഥാനങ്ങളാണെന്നും അത് വെറും 15 ശതമാനം ജനസംഖ്യയില്‍ ആണെന്നും ചൂണ്ടിക്കാണിക്കുന്നു. അതേസമയം ബി.ജെ.പിയും അനുബന്ധ മുന്നണികളും ജനസംഖ്യയുടെ 43 ശതമാനത്തെ ഭരിക്കുന്ന 13 സംസ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

അതേസമയം ജയിച്ച സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി കോണ്‍ഗ്രസുമായി നേരിട്ട് പൊരുതുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളുമുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പിയ്ക്ക് കാര്യമായ പ്രതികരണം ഉണ്ടാക്കാനായിട്ടില്ല എന്നതാണ് വസ്തുത. ഇടതുപാര്‍ട്ടികള്‍ക്ക് കരുത്തുള്ള കേരളം ആപ്പിന് പ്രാമുഖ്യമുള്ള ഡല്‍ഹി, ജെ.ഡി.യുവിന്‍റെ ശക്തികേന്ദ്രമായ ബീഹാര്‍, ദ്രാവിഡ പാര്‍ട്ടികള്‍ ശക്തിയായ തമിഴ്നാട്, തൃണമൂലിന്‍റെ പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ബി.ജെ.പി പൊരുതാനുള്ള ശക്തി പോലുമല്ല. പ്രാദേശിക പാര്‍ട്ടികള്‍ കരുത്തരായ 11 സംസ്ഥാനങ്ങളിലെ 41 ശതമാനം ജനസംഖ്യയെ ഭരിക്കുന്നത് ഇവരാണ്. ഈ പാര്‍ട്ടികള്‍ ബി.ജെ.പിയുമായി സൗഹൃദത്തിലല്ല താനും.

shortlink

Related Articles

Post Your Comments

Related Articles


Back to top button