Editorial

നഷ്ടം കോണ്‍ഗ്രസിനു മാത്രം

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ ഏറ്റവും ഭീമമായ നഷ്ടം സംഭവിച്ചത് കോണ്‍ഗ്രസിന്. “കോണ്‍ഗ്രസ്-മുക്ത ഭാരതം” എന്ന ബിജെപി മുദ്രാവാക്യം ശരിയാകും എന്ന പ്രതീതി നല്‍കിക്കൊണ്ട് പാര്‍ട്ടി ഭരണത്തിലിരുന്ന രണ്ട് സംസ്ഥാനങ്ങളിലും കനത്ത തോല്‍വി ഏറ്റുവാങ്ങി. നില മെച്ചപ്പെടുത്താം എന്ന പ്രതീക്ഷയില്‍ മറ്റ് രണ്ട് സുപ്രധാന സംസ്ഥാനങ്ങളില്‍ നടത്തിയ സഖ്യപരീക്ഷണം അമ്പേ പാളിപ്പോയി എന്ന യാഥാര്‍ഥ്യവും പാര്‍ട്ടിയെ തുറിച്ചു നോക്കുന്നു. പുതുച്ചേരിയില്‍ നേരിയ മുന്‍‌തൂക്കം നേടാനായി എന്നതു മാത്രമാണ് നേരിയതെന്നെങ്കിലും പറയാവുന്ന ഒരാശ്വാസം.

ആസ്സാമില്‍ തകര്‍ന്നു തരിപ്പണമായിപ്പോയ കോണ്‍ഗ്രസിന് മുഖ്യഎതിരാളിയായ ബിജെപി വന്‍ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരത്തില്‍ വരുന്ന കാഴ്ചയും കാണേണ്ടി വരും. ബിജെപി സഖ്യം ആസ്സാമില്‍ 85 സീറ്റുകള്‍ നേടി സുവ്യക്തമായ മേധാവിത്വം നേടിയിരിക്കുകയാണ്. 15 വര്‍ഷത്തെ ഭരണം കൈവിട്ട കോണ്‍ഗ്രസ് സംസ്ഥാനത്ത് 25 സീറ്റില്‍ ഒതുങ്ങിപ്പോകുകയും ചെയ്തു.

കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അവസ്ഥ കൂടുതല്‍ പരിതാപകരമാണ്. 21 സീറ്റുകള്‍ നേടാനേ പാര്‍ക്കാട്ടിയുള്ളു. യു.ഡി.എഫ്. മുന്നണി മൊത്തത്തില്‍ 46 സീറ്റുകള്‍ നേടിയപ്പോള്‍ സഖ്യകക്ഷിയായ മുസ്ലീംലീഗിനേക്കാള്‍ ഏതാനും സീറ്റുകള്‍ മാത്രമേ കോണ്‍ഗ്രസിന് കൂടുതലായുള്ളൂ. കനത്ത അഴിമതി ആരോപണം നേരിട്ട കോണ്‍ഗ്രസ് മന്ത്രിമാരില്‍ ചിലര്‍ തോറ്റപ്പോള്‍, അഴിമതിയുടെ പേരില്‍ രാജി വയ്ക്കേണ്ടി വന്നിട്ടും കെ.എം.മാണി വിജയിച്ചതും കോണ്‍ഗ്രസിന് ക്ഷീണമായി.

കോണ്‍ഗ്രസിന്‍റെ പാര്‍ട്ടി ഹൈക്കമാന്‍ഡിനു പോലും വേണ്ടത്ര ആതമവിശ്വാസം ഇല്ലാത്ത ഒരു കൂട്ടുകെട്ടായിരുന്നു ബംഗാളില്‍ സിപിഎമ്മുമായുള്ള സഖ്യം. കോണ്‍ഗ്രസിനേക്കാള്‍ ഈ സഖ്യത്തിന്‍റെ ആവശ്യം സിപിഎമ്മിനായിരുന്നു താനും. മമതാ ബാനര്‍ജി ഗവണ്‍മെന്‍റിനെതിരായി പുറത്തു വന്ന അഴിമതി ആരോപണങ്ങളും, സ്വാഭാവികമായി ഉണ്ടാകുന്ന ഭരണവിരുദ്ധ വികാരവും എല്ലാം ചേര്‍ന്ന്‍ തങ്ങളുടെ കൂട്ടുകെട്ടിനെ അധികാരത്തിലെത്തിക്കും എന്ന പ്രതീക്ഷ ഒടുവില്‍ ഫലം വന്നപ്പോള്‍ അസ്ഥാനതതായി. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ സീറ്റുകള്‍ നേടി മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടി മമത അധികാരം നിലനിര്‍ത്തുമ്പോള്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരുപോലെ തിരിച്ചടിയാണ്. പക്ഷേ, സിപിഎമ്മിന് പിടിച്ചു നില്‍ക്കാന്‍ കേരളത്തിലെ മിന്നുന്ന വിജയം ഉണ്ട്. പരാജയം അംഗീകരിക്കുകയല്ലാതെ കോണ്‍ഗ്രസിന് വേറെ പോംവഴിയില്ല.

തമിഴ്നാട്ടിലും കോണ്‍ഗ്രസിന് തന്ത്രം പാളിപ്പോയി. രണ്ടാം യുപിഎ സര്‍ക്കാരിനെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഡിഎംകെയുമായി കൂട്ടുചേര്‍ന്നാണ് കോണ്‍ഗ്രസ് തമിഴ്നാട്ടില്‍ ജയലളിതയെ നേരിട്ടത്. ഇവിടെയും ഭരണവിരുദ്ധ വികാരം മുതലെടുത്ത്‌ അധികാരത്തില്‍ പങ്കാളികളാകാം എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്. പക്ഷേ, തമിഴ്മക്കള്‍ തങ്ങളുടെ പ്രിയപ്പെട്ട “അമ്മ”യെത്തന്നെ വീണ്ടും തിരഞ്ഞെടുത്തു. പുതുച്ചേരിയില്‍ നേടിയ നേരിയ മുന്‍തൂക്കം ചെറിയ ഒരു ആശ്വാസം നല്‍കാന്‍ പോലും പര്യാപ്തമല്ല.

സമ്പൂര്‍ണ്ണ പരാജയം ആണ് തങ്ങള്‍ക്ക് സംഭവിച്ചത് എന്ന്‍ തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ഈ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം രാഹുല്‍ഗാന്ധിയുടെ തലയില്‍ വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ തുടങ്ങുകയാണ് അടിയന്തിരമായി ചെയ്തത്. എവിടെ പിഴച്ചു എന്നുള്ള ആത്മപരിശോധന നടത്താതെ, അടിക്കടിയുണ്ടാകുന്ന പരാജയങ്ങളില്‍ നിന്നും ഉത്തരവാദിത്തപ്പെട്ടവരെ രക്ഷിച്ചു നിര്‍ത്തുക എന്ന കോണ്‍ഗ്രസ് തന്ത്രം ഇവിടെയും മാറുന്നില്ല. പരാജയങ്ങളും ഇതുകൊണ്ട് തീരുമോ എന്ന് ഉറപ്പുമില്ല….

shortlink

Related Articles

Post Your Comments

Related Articles


Back to top button