തിരുവനന്തപുരം: കേരളത്തിലെ രണ്ടുകോടി വോട്ടര്‍മാര്‍ എഴുതിയ വിധി എന്തെന്ന് അല്‍പ്പസമയത്തിനകം അറിയാം. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി 2,01,25,321 പേര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. ഒന്‍പതു മുതല്‍ ആദ്യ ലീഡ് നില അറിയാം; ഉച്ചയോടെ അന്തിമഫലവും. ആകെ 1203 സ്ഥാനാര്‍ഥികളാണുള്ളത്
16നു വോട്ടെടുപ്പിനു ശേഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിച്ചു കനത്ത സുരക്ഷയില്‍ സൂക്ഷിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ ഇന്നു രാവിലെ ഏഴിനു പുറത്തെടുക്കും. എട്ടിനു വരണാധികാരിയുടെ മേശയില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. എട്ടരയ്ക്കാണു മറ്റു മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. സംസ്ഥാനത്തെ 80 കേന്ദ്രങ്ങളിലായാണു വോട്ടെണ്ണല്‍.
ഓരോ മണ്ഡലത്തിന്റെയും വോട്ടെണ്ണല്‍ ഹാളുകളില്‍ വരണാധികാരിയുടേത് ഉള്‍പ്പെടെ പരമാവധി 15 മേശകള്‍ വീതം. ഇവയില്‍ ബൂത്തുകളുടെ എണ്ണമനുസരിച്ചു 10 മുതല്‍ 15 വരെ റൗണ്ടുകളായി വോട്ടെണ്ണും. ഓരോ റൗണ്ട് എണ്ണിക്കഴിയുമ്പോഴും ഫലം ഇട്രെന്‍ഡ് സോഫ്റ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യും. ഇതുവഴിയാണു ഫലം പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ലഭിക്കുക. ഹാളിനുള്ളില്‍ ഏജന്റുമാര്‍ അടക്കമുള്ളവര്‍ക്കു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു നിയന്ത്രണമുണ്ട്.
ഓരോ മണ്ഡലത്തിലെയും ലീഡ് നിലയും ഫലവും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ www.ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാം. ഇതിനു പുറമേ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ PRDLIVE എന്ന മൊബൈല്‍ ആന്‍ഡ്രോയ്ഡ് ആപ് വഴിയും ഫലമറിയാം.
വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഫലം എന്തായാലും നിലവിലുള്ള മുഖ്യമന്ത്രി ഇന്നോ നാളെയോ ഗവര്‍ണര്‍ക്കു രാജിക്കത്തു കൈമാറും. ഭൂരിപക്ഷമുള്ള മുന്നണി തുടര്‍ന്നുള്ള ദിവസങ്ങളില്‍ യോഗം ചേര്‍ന്നു നേതാവിനെ തിരഞ്ഞെടുത്ത് അക്കാര്യം ഗവര്‍ണറെ അറിയിക്കും. നിലവിലെ പതിമൂന്നാം നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള ഗവര്‍ണറുടെ വിജ്ഞാപനത്തിനു പിന്നാലെ തിരഞ്ഞെടുപ്പു ഫല വിജ്ഞാപനം തിരഞ്ഞെടുപ്പു കമ്മിഷനും പുറപ്പെടുവിക്കും. ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ചു ഭൂരിപക്ഷമുള്ള മുന്നണി നേതാവും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നതോടെ കേരളത്തിലെ 22ാം സര്‍ക്കാര്‍ ഭരണമേല്‍ക്കും.
Post Your Comments