തിരുവനന്തപുരം : വാട്ട്‌സ്ആപ്പ് സന്ദേശം വിശ്വസിച്ച് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചിറങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പേപ്പാറ പട്ടന്‍കുളിച്ചപാറ ആതിര ഭവനില്‍ പരേതനായ അനില്‍ കുമാറിന്റെയും സരളയുടെയും മൂത്ത മകള്‍ അര്‍ച്ചനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഞ്ചും മൂന്നും വയസ്സുള്ള മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം താമസിക്കുമ്പോഴാണ് അര്‍ച്ചനയെ തേടി വാട്ട്‌സ്ആപ്പ് മെസേജുകള്‍ എത്തിത്തുടങ്ങിയത്. മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട കടയ്ക്കല്‍ സ്വദേശിയും നിലമേലില്‍ ബാര്‍ബറുമായ യുവാവിന്റേതായിരുന്നു സന്ദേശം. മെസേജുകള്‍ നിരന്തരമായതോടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. കാമുകന്റെ വാക്കുകള്‍ വിശ്വസിച്ച അര്‍ച്ചന ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പോവുകയായിരുന്നു. വീട്ടില്‍ നിന്നും അര്‍ച്ചനയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് അര്‍ച്ചന വാട്ട്‌സ്ആപ്പ് കാമുകനോടൊപ്പമാണ് പോയതെന്നറിഞ്ഞത്. പോലീസിന്റെ സഹായത്തോടെ അര്‍ച്ചനയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും കാമുകനോടൊപ്പം പോകാനാണ് തനിക്ക് താല്പര്യമെന്നറിയിച്ചു.
തുടര്‍ന്ന് അര്‍ച്ചന കാമുകനൊപ്പം പോവുകയും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. ഈ മാസം മൂന്നിന് വൈകുന്നേരമാണ് അര്‍ച്ചനയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയ്ക്കുള്ളില്‍ രക്തം വാര്‍ന്നും കഴുത്തില്‍ കെട്ടിയ കൈലി അറുത്ത് മാറ്റിയ ശേഷം കസേരയില്‍ ഇരുത്തിയ നിലയിലും കാണപ്പെട്ട അര്‍ച്ചനയുടെ മരണത്തില്‍ കാമുകനെയാണ് ബന്ധുക്കള്‍ക്ക് സംശയം. എന്നാല്‍ ആത്മഹത്യയാണെന്നാണ് പോലീസ് ഭാഷ്യം. പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളാനുള്ള ആലോചനയിലാണ് അര്‍ച്ചനയുടെ ബന്ധുക്കള്‍.
Post Your Comments