ന്യൂഡല്‍ഹി: ഒളിവിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ആനന്ദ് ജോഷിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. അഴിമതി ആരോപണം നേരിടുന്ന അണ്ടര്‍ സെക്രട്ടറിയ്ക്കെതിരെ സി.ബി.ഐ സമന്‍സ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.. തന്നെ മാനസികമായി പീഡിപ്പിക്കുയാണെന്നും രാജ്യത്തെ സേവിച്ചതിന് തനിക്ക് ശത്രുക്കളെ മാത്രമാണ് കിട്ടിയതെന്നും കുറിപ്പ് എഴുതിവച്ചതിന് ശേഷമാണ് ഇയാൾ ഒളിവിൽ പോയത്.
വിദേശ എൻ.ജി.ഒ.കളിൽ നിന്നും കൈക്കൂലി കൈപ്പറ്റിയെന്നാണ് ആനന്ദ് ജോഷി നേരിടുന്ന ആരോപണം. പ്രമുഖ സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെറ്റിൽവാദിന്റെ സബ്രങ്ക് ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകൾ കാണാതായതിന് പിന്നിലും ഇയാളാണെന്ന് ആരോപണമുണ്ട്. ഈ രേഖകള്‍ പിന്നീട് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തിരുന്നു.
ജോഷിയെ പിടികൂടിയതായും ചോദ്യം ചെയ്തുവരികയാണെന്നും സി.ബി.ഐ. വക്താവ് ദേവ്പ്രീത് സിംഗ് വ്യക്തമാക്കി. ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ തിരച്ചിലിൽ കണക്കിൽ പെടാത്ത 7.5 ലക്ഷം രൂപ കണ്ടെടുത്തതായും സി.ബി.ഐ. വക്താവ് അറിയിച്ചു.
Post Your Comments