Editorial

ജാനുവിന്‍റെ സ്വത്വവാദത്തെ എതിര്‍ക്കുന്നവരുടെ തനിനിറം നാം എത്രയോ തവണ കണ്ടിരിക്കുന്നു

സി.കെ.ജാനു എന്ന ആദിവാസി നേതാവിനെ ചിലര്‍ ഭയക്കുന്നു. ആദിവാസികളുടെ അവകാശത്തെ കാലാകാലങ്ങളായി ചവിട്ടിമെതിച്ചു കൊണ്ടിരുന്ന ഛിദ്രശക്തികളുടെ പിടിയില്‍ നിന്നും മുക്തിനേടി തന്‍റേതായ മാര്‍ഗ്ഗത്തില്‍ അവര്‍ സഞ്ചരിച്ചു തുടങ്ങിയതാണ്‌ ഇക്കൂട്ടരുടെ ഭയത്തിന് നിദാനം. ആദിവാസികളുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് സി.കെ.ജാനു എന്ന അവരുടെ നേതാവിനെ സംബന്ധിച്ചുള്ള നിലനില്‍പ്പിന്‍റേതായ പ്രശ്നം. വര്‍ഷങ്ങളായി ആദിവാസികളെ തങ്ങളുടെ നേട്ടങ്ങള്‍ക്ക് മാത്രമായി ചൂഷണം ചെയ്തു കൊണ്ടിരുന്നവരെ ഇനി വിശ്വസിച്ചിട്ട് കാര്യമില്ലെന്ന് കണ്ട് അത്തരക്കാരെ ഒഴിവാക്കുകയും തങ്ങള്‍ അടിയന്തിരപരിഹാരം കാണണമെന്ന് ആഗ്രഹിക്കുന്ന പ്രശ്നങ്ങളില്‍ തങ്ങളെ സഹായിക്കാന്‍ കെല്‍പ്പുണ്ടെന്ന് അവര്‍ക്ക് തോന്നിയ ആളുകളുമായി സഖ്യത്തിലേര്‍പ്പെടുകയും ചെയ്തത് ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. അതിനെ ജാതി സ്വത്വവാദം മുതലായ വാദമൊക്കെ ഉയര്‍ത്തി ആക്ഷേപിക്കുകയാണ് എം.എ.ബേബിയെപ്പോലുള്ള ചിന്താശേഷിയുള്ള ഇടതു നേതാക്കന്മാര്‍ വരെ ചെയ്തത്.

ശ്രീ എം.എ.ബേബി പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ അവകാശവാദം വര്‍ഗ്ഗ-വര്‍ണ്ണ സങ്കല്‍പ്പങ്ങളുടെ അടിസ്ഥാനത്തിലുള്ള മുന്നേറ്റത്തിലൂടെയേ സാമൂഹിക സമത്വം കൈവരിക്കാനാകൂ എന്നതാണ്. പക്ഷേ കാലാകാലങ്ങളായി കേരളത്തിന്‍റെ രാഷ്ട്രീയയുദ്ധത്തിന്‍റെ അങ്കത്തട്ടില്‍ ഇവര്‍ ഈ വര്‍ഗ്ഗ-വര്‍ണ്ണ സങ്കല്‍പ്പങ്ങളെയൊക്കെ വലിച്ചെറിഞ്ഞ് സ്വത്വബോധത്തിനു പുറകേ പോയ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. വി.എംസുധീരനെ പരാജയപ്പെടുത്താന്‍ ആദ്യം സിപിഎം ശ്രമിച്ചത് സി.എസ്.സുജാതയെ രംഗത്തിറക്കിയായിരുന്നു. ആലപ്പുഴയിലെ നായര്‍ വോട്ടുകളില്‍ വിശ്വാസമര്‍പ്പിച്ച് ഈ നീക്കം നടത്തിയപ്പോള്‍ സ്വത്വബോധമല്ലേ മുന്നിട്ടു നിന്നത്. സുജാത പരാജയപ്പെട്ടിടത് തൊട്ടടുത്ത തവണ സിനിമാ നടന്‍ എന്ന നിലയില്‍ മുരളിയെ ഇറക്കി നടത്തിയ കളിയും പരാജയപ്പെട്ടു. അറ്റകൈക്ക് എല്ലാ വര്‍ഗ്ഗ-വര്‍ണ്ണ സങ്കല്‍പ്പങ്ങളേയും കാറ്റില്‍പ്പറത്തി ലത്തീന്‍-കത്തോലിക്ക യൂത്ത് ഫെഡറേഷന്‍ പ്രസിഡന്‍റും ഒന്നാംതരം മതവിശ്വാസിയുമായ കെ.എസ്.മനോജിനെ ഇറക്കി കളിച്ച കളി വിജയിച്ചു. സുധീരന്‍ പരാജയപ്പെട്ടു.

പക്ഷേ ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ മനോജ്‌ സിപിഎമ്മില്‍ നിന്ന്‍ രാജിവച്ച് പിരിഞ്ഞു. പാര്‍ട്ടിയില്‍ തനിക്ക് തന്‍റെ മതവിശ്വാസം പുലര്‍ത്താന്‍ സാധിക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ രാജിയിലേക്ക് നയിച്ചത്. മനോജിന്‍റെ രാജിയെക്കുറിച്ച് പിണറായി വിജയന്‍ ചിരിച്ചുകൊണ്ട് പ്രതികരിച്ചത് “അല്ലെങ്കിലും മനോജ്‌ ഞങ്ങളുടെ അടുത്ത് വരുമ്പോള്‍ത്തന്നെ ഒരു അരപ്പാതിരി ആയിരുന്നു” എന്നാണ്. ഈ സമയത്ത് വര്‍ഗ്ഗബോധവും, സ്ഥിതിസമത്വവാദവുമൊന്നും സിപിഎമ്മിന് ഒരു പ്രശ്നമേ ആയിരുന്നില്ല.

ഏറ്റവുമടുത്ത് ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ശക്തി കണ്ട് കണ്ണു മഞ്ഞളിച്ചു പോയപ്പോള്‍ ജോയ്സ് ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടി വന്നതും തിരുവനന്തപുരത്ത് ബെന്നറ്റ്‌ എബ്രഹാം വന്നതും എല്ലാം ജാതി-മത പരിഗണനകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്.

2016-ലെ തിരഞ്ഞെടുപ്പില്‍ തന്നെ ഫ്രാന്‍സിസ് ജോര്‍ജ്ജും, ആന്‍റണി രാജുവും ഒക്കെ അണിനിരക്കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ സിപിഎം കൂടെക്കൂട്ടിയിരിക്കുന്നതും ഇതേ മാനദണ്ഡത്തിലാണ്. അപ്പോള്‍ ജാനുവിനോടുള്ള എതിര്‍പ്പ് യഥാര്‍ത്ഥത്തില്‍ സ്വത്വബോധത്തോടുള്ള എതിര്‍പ്പോ ജാതിചിന്തയോടുള്ള സന്ധിയില്ലാ സമരമോ ഒന്നുമല്ല. തലചായ്ക്കാന്‍ ഒരു തുണ്ടു ഭൂമി എന്ന ആദിവാസികളുടെ ന്യായമായ ആവശ്യം അധികാരത്തില്‍ ഇരുന്നപ്പോഴൊന്നും പരിഹരിക്കാന്‍ സാധിക്കാത്തത്തിന്‍റെ ജാള്യത ഒരു വശത്ത്, തങ്ങള്‍ ഊണിലും ഉറക്കത്തിലും എതിര്‍ക്കുന്ന നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ കൂടെ കൂടി ആദിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്ന അവസ്ഥ നേരിടേണ്ടി വരും എന്ന ആശങ്ക മറുവശത്ത്‌. ഇതൊക്കെയാണ് സ്വത്വബോധവും, ജാതിചിന്തയും പോലുള്ള കടിച്ചാല്‍ പൊട്ടാത്ത പദങ്ങളൊക്കെ എടുത്തിട്ട് ലേഖനങ്ങള്‍ പടച്ചുവിട്ട് വിമര്‍ശിക്കാനുണ്ടായ യഥാര്‍ത്ഥ കാരണം.

ഗോത്രമഹാസഭ മാത്രമല്ല കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാ സംഘടനകളുടേയും പിന്തുണ ഇപ്പോള്‍ ജാനുവിനും ജാനുവിന്‍റെ ജനാധിപത്യ രാഷ്ട്രീയസഭയ്ക്കും ലഭിക്കുന്നുണ്ട്. ഇടതുപക്ഷ ചിന്തകനായ കെ വേണു അഭിപ്രായപ്പെട്ടത് “കമ്യൂണിസ്റ്റുകാരുടെ വഞ്ചനാപരമായ രാഷ്ട്രീയ ഇടപെടലുകള്‍ ദളിത് പിന്നാക്ക വിഭാഗങ്ങളെ രാഷ്ട്രീയ ശൂന്യതയിലേക്ക് തള്ളിവിട്ടെന്നും കമ്യൂണിസ്റ്റുകളുടേയും കോണ്‍ഗ്രസ്സ്കാരുടേയും പരാജയമാണ് ഇതിലൂടെ ദൃശ്യമാവുന്നതെന്നും” എന്നാണ്.

എം.എ.ബേബി ജാനുവിനെ വിമര്‍ശിച്ചത് കണ്ട സിവിക് ചന്ദ്രന്‍ ബേബിയെ വെല്ലുവിളിച്ചത് “വനവാസികള്‍ക്ക് സ്വയംഭരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പെസ നിയമം നടപ്പാക്കാത്തതിനെക്കുറിച്ച് സിപിഎം മറുപടി പറയണമെന്ന്” ആവശ്യപ്പെട്ടു കൊണ്ടായിരുന്നു.

പറച്ചിലൊന്നും പ്രവര്‍ത്തി മറ്റൊന്നുമായ ആളുകള്‍ രാഷ്ട്രീയതിരിച്ചടികള്‍ ഭയന്ന്‍ നടത്തുന്ന വിമര്‍ശനങ്ങളെ അവഗണിച്ച് തന്‍റെ മാര്‍ഗ്ഗത്തില്‍ നിര്‍ഭയം മുന്നേറുന്ന ജാനുവിന് ലക്ഷ്യം കൈവരിക്കാന്‍ കഴിയട്ടെ എന്ന് നമുക്കാശംസിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button