NewsInternational

നോമ്പുകാലത്തെ വരവേല്‍ക്കാന്‍ ഗള്‍ഫ് നാടുകള്‍ ഒരുങ്ങി

ദുബായ് : വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ഥനയുടെയും നന്‍മനിറഞ്ഞ റമസാന്‍ സമാഗതമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. അടുത്തമാസം(ജൂണ്‍) ആറിന് റമസാന്‍ ഒന്നായിരിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. നോമ്പുകാലത്തെ വരവേല്‍ക്കാന്‍ ഗള്‍ഫ് നാടുകള്‍ ഒരുക്കം പൂര്‍ത്തിയാക്കിവരുന്നു. പള്ളികളും സ്വദേശി ഭവനങ്ങളും അറ്റകുറ്റപ്പണികള്‍ ദ്രുതഗതിയില്‍ നടത്തിവരുന്നു. പെയിന്റടിച്ചും പുതിയ കാര്‍പെറ്റുകള്‍ വിരിച്ചുമാണ് ആരാധനാലയങ്ങള്‍ വിശ്വാസികളെ വരവേല്‍ക്കുന്നത്. നോമ്പ് തുറയ്ക്കായി പള്ളികളോട് ചേര്‍ന്ന് വിപുലമായ ഇഫ്താര്‍ ടെന്റുകളും ഉയര്‍ന്നു കൊണ്ടിരിക്കുന്നു.

വ്രതസമയം യു.എ.ഇയില്‍ 15 മണിക്കൂറും 10 മിനിറ്റും നീണ്ടു നില്‍ക്കും.പകല്‍നേരം 42 മുതല്‍ 43 ഡിഗ്രി വരെ താപനില രേഖപ്പെടുത്തും. കൊടുംചൂടിനു പുറമേ, 2012ന് ശേഷമുള്ളഏറ്റവും ദൈര്‍ഘ്യമേറിയ പകലുകളായിരിക്കും ഇത്തവണത്തേത് എന്ന് ജ്യോതിശാസ്ത്ര ഗവേഷകന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. 2018 വരെ ഇതേ അവസ്ഥ തുടരും. എങ്കിലും ഏത് കഠിനപരീക്ഷണവും വ്രതാനുഷ്ഠാനത്തിലൂടെയും പ്രാര്‍ഥനയിലൂടെയും അതിജീവിക്കാനുള്ള ദൃഢവിശ്വാസത്തിലാണ് മുസ്‌ലീം സമൂഹം.

വ്രതാനുഷ്ഠാനത്തോടൊപ്പം ദാനധര്‍മ്മങ്ങളും ഇപ്രാവശ്യവും സജീവമാകും. ദ് ദാര്‍ അല്‍ ബര്‍ സൊസൈറ്റി 10,186,384 ദശലക്ഷം ദിര്‍ഹം ഇപ്രാവശ്യം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ചിട്ടുണ്ടെന്ന് അറിയിച്ചു. അവരെ സന്തോഷവാന്മാരാക്കൂ എന്ന പ്രമേയത്തില്‍ നടക്കുന്ന ദേശീയതലത്തിലുള്ള ക്യാംപെയിനില്‍ സൗജന്യ ഇഫ്താര്‍, പെരുനാള്‍ ഉടുപ്പുകള്‍, ഫിത്ര്‍ സകാത് വിതരണം തുടങ്ങിയവയും പൊതുവായ സഹായങ്ങളും ഉണ്ടായിരിക്കുമെന്ന് ദ് ദാര്‍ അല്‍ ബര്‍ സൊസൈറ്റി ചെയര്‍മാന്‍ ഖല്‍ഫാന്‍ ഖലീഫ അല്‍ മസ്‌റൂയി പറഞ്ഞു. കഴിഞ്ഞ റമസാനിനേക്കാള്‍ 67 ലക്ഷം ദിര്‍ഹം കൂടുതലാണിത്. ദുബായ്, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നീ എമിറേറ്റുകളിലെ ശാഖകളിലൂടെയും സൊസൈറ്റിയുടെ ഖുര്‍ആന്‍ സ്റ്റഡി സെന്ററുകള്‍ വഴിയും സഹായം വിതരണം ചെയ്യും. രാജ്യത്തെ എല്ലാ കൊ ഓപറേറ്റീവ് സൊസൈറ്റികളിലൂടെയും ഷോപ്പിങ് സെന്ററുകളിലൂടെയും പൊതുജനങ്ങളില്‍ നിന്ന് ധനസഹായം സ്വീകരിച്ച് നിര്‍ധനര്‍ക്ക് എത്തിക്കാന്‍ ദ് ദാര്‍ അല്‍ ബര്‍ സൊസൈറ്റിറിയുടെ 100 സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കും. യു.എ.ഇ റെഡ് ക്രസന്റും ഇപ്രാവശ്യവും വന്‍ തോതില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. യു.എ.ഇയിയോടൊപ്പം നിര്‍ധന രാജ്യങ്ങളിലേയ്ക്കും സഹായം വ്യാപിക്കും.

മലയാളികളടക്കമുള്ള ഇന്ത്യന്‍ കൂട്ടായ്മകളും ഇത്തരത്തില്‍ ക്യാംപെയിനുകള്‍ നടത്തും. ലേബര്‍ ക്യാംപുകളിലാണ് ഇവരെല്ലാം സൗജന്യ ഇഫ്താര്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. കേരളത്തിലെ കോളജുകളുടെ കൂട്ടായ്മകള്‍ ഇപ്രാവശ്യം വ്യാപാകമായ തോതില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചുവരുന്നതായി സംഘാടകര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button