റിയാദ്: എണ്ണ വിലയിടിവു തടയാന്‍ വിപണിയില്‍ ഇടപെടാനുള്ള ചര്‍ച്ചകള്‍ ഖത്തറും റഷ്യയും പുനരാരംഭിക്കുന്നു. റഷ്യന്‍ ഊര്‍ജ മന്ത്രി അലക്‌സാണ്ടര്‍ നൊവാകാണ് ഇക്കാര്യം അറിയിച്ചത്.
എണ്ണ ഉല്‍പാദനത്തിനു പരിധി നിശ്ചയിച്ച് വിലയിടിവ് പിടിച്ചു നിര്‍ത്താന്‍ ഖത്തറും റഷ്യയും ഉള്‍പ്പെടെ നാലു രാജ്യങ്ങള്‍ മുന്‍കകൈയെടുത്തു നടത്തിയ ചര്‍ച്ചകള്‍ ധാരണയിലെത്താതെ പിരിഞ്ഞിരുന്നു. ഇറാന്‍ കൂടി ഉത്പാദനം നിയന്ത്രിക്കാതെ ഇക്കാര്യത്തില്‍ പൊതുധാരണയിലെത്താന്‍ കഴിയില്ലെന്ന നിലപാടില്‍ സൗദി അറേബ്യ ഉറച്ചു നിന്നതോടെയാണു ചര്‍ച്ച അലസിപ്പിരിഞ്ഞത്. ദോഹ ചര്‍ച്ചകള്‍ക്ക് ശേഷം എണ്ണ വിലയില്‍ നേരിയ പ്രതീക്ഷ കണ്ടുതുടങ്ങിയിരുന്നെങ്കിലും ഡോളര്‍ വീണ്ടും കരുത്താര്‍ജിച്ചതോടെ എണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആഗോള വിപണിയില്‍ ദിവസേന 15 ലക്ഷം ബാരല്‍ എണ്ണ അധികമായി എത്തുന്നുണ്ടെന്നും ഈ നിലയില്‍ പോവുകയാണെങ്കില്‍ 2017 ന്റെ ആദ്യപകുതി വരെ എണ്ണ വിപണിയില്‍ സന്തുലിതാവസ്ഥ ഉണ്ടാകില്ലെന്നും റഷ്യന്‍ ഊര്‍ജ മന്ത്രി വ്യക്തമാക്കി. ജൂണ്‍ മൂന്നിനു മോസ്‌കോയില്‍ നടക്കുന്ന ഇന്റര്‍ ഗവണ്മെന്റല്‍ കമ്മീഷന്‍ യോഗത്തോടനുബന്ധിച്ച് റഷ്യയും ഖത്തറും തമ്മില്‍ വീണ്ടും എണ്ണ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
ഒപെക് രാജ്യങ്ങളുടെ ഉത്പാദനത്തില്‍ ഈ വര്‍ഷവും കുറവുണ്ടാകില്ലെന്ന റിപ്പോര്‍ട്ട് എണ്ണ വിപണിയില്‍ വീണ്ടും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഒപെക് ഇതര രാജ്യങ്ങളിലെ ഉല്‍പാദനത്തില്‍ കുറവുണ്ടാകുന്നതോടെ അടുത്ത വര്‍ഷം വിപണി ശക്തിപ്പെടുമെന്നാണ് ഒപെകിന്റെ നിഗമനം.
ദോഹ ചര്‍ച്ച വിജയിച്ചിരുന്നെങ്കില്‍ ആറു മാസത്തിനകം വിപണി ശക്തിപ്പെടുമായിരുന്നുവെന്ന പൊതു നിഗമനത്തിന്റെ അടിസ്ഥാനത്തില്‍, റഷ്യയും ഖത്തറും തമ്മില്‍ ജൂണ്‍ മൂന്നിനു നടക്കുന്ന ചര്‍ച്ചയില്‍ ഇറാനെയും സൗദിയെയും അനുനയിപ്പിച്ച് ഉത്പാദനം കുറയ്ക്കാനുള്ള മാര്‍ഗങ്ങളായിരിക്കും ആരായുക.
Post Your Comments