തിരുവനന്തപുരം : പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പിനെ പൂര്‍ണമായും ഒരു ഡിജിറ്റല്‍ തിരഞ്ഞെടുപ്പാക്കി മാറ്റിയ ദിവസങ്ങളായിരുന്നു കഴിഞ്ഞ രണ്ട് മാസം.സ്ഥാനാര്‍ഥികള്‍ മുതല്‍ താഴെക്കിടയിലെ സാധാരണ പ്രവര്‍ത്തകര്‍വരെ തങ്ങളാലാവുന്ന വിധം സോഷ്യല്‍ മീഡിയയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് തിരഞ്ഞെടുപ്പിന്റെ ആവേശം പൂര്‍ണമായും ആസ്വദിച്ചുവെന്ന് വേണമെങ്കില്‍ പറയാം.96വയസുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വരെ ഫേസ്ബുക്ക് പേജിനും,ട്വിറ്റര്‍ അക്കൗണ്ടിനുമെല്ലാം തുടക്കം കുറിച്ച തിരഞ്ഞെടുപ്പ്.കൂടാതെ ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കാരും സോഷ്യല്‍മീഡിയ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം ആളുകളെ തന്നെ നിയോഗിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.അത്രമേല്‍ സ്വാധീനമായിരുന്നു ഈ തിരഞ്ഞെടിപ്പിന് സോഷ്യല്‍ മീഡിയക്കുണ്ടായത്.
വിവാദങ്ങള്‍ ഏറെയുണ്ടായപ്പോഴും ട്രോളുകളും ഹാഷ് ടാഗുകളും ട്വീറ്റുകളും മറുപടി നല്കിയ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത്തവണയും താരമായത് പഴയ തലമുറക്കാരാണെന്ന് പറയാം.വണ്ടി വിട് മോനെ ചാണ്ടി, പോ മോനെ മോദി എന്നീ ഹാഷ് ടാഗുകള്‍ക്ക് വലിയ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത് .വി.എസും ഉമ്മന്‍ചാണ്ടിയും കുമ്മനം രാജശേഖരനുമെല്ലാം ഉരുളക്കുപ്പേരി പോലെ വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കും ഫേസ്ബുക്ക് പേജിലൂടെയും ട്വിറ്റര്‍ അക്കൗണ്ടിലൂടെയും മറുപടി നല്കിയപ്പോള് പലപ്പോഴും പുതിയ തലമുറക്കാര്‍ നോക്കി നില്ക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്.
വീഡിയോ പ്രചാരണത്തിന് എടുത്തുപറയാവുന്നതായിരുന്നു അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളായ നികേഷ് കുമാറിന്റെയും കെ.എം ഷാജിയുടെയും കിണറ്റിലിറങ്ങിയ പ്രചാരമാണെന്ന് തന്നെ പറയാം.
വിഷ്വല്മാധ്യമത്തിന്റെ എല്ലാ സാധ്യതയും പഠിച്ച് പാസായി തെരഞ്ഞെടുപ്പ് ഗോദയിലെത്തിയ നികേഷ്കുമാര്‍ തന്റെ പ്രചാരണത്തിനും ഇതേ രീതി ഉപയോഗിച്ചപ്പോള്‍ എതിരാളികള്‍ വേനല്‍ചൂടിനേക്കാള്‍ വിയര്‍ത്തു. മാധ്യമപ്രവര്‍ത്തന കാലത്ത് സോഷ്യല്‍മീഡിയയെ കാര്യമായി ഉപയോഗിക്കാതിരുന്ന നികേഷ് ഇത്തവണ തന്റെ പ്രചാരണണത്തിന് പൂര്‍ണമായും സോഷ്യല്‍മീഡിയ തന്നെയായിരുന്നു ഉപയോഗിച്ചത്.
എന്നാല്‍ വിട്ടുകൊടുക്കാന്‍ മനസില്ലാത്ത കെ.എം ഷാജിയും ഇതേ മാധ്യമത്തിലൂടെ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ പോരാട്ടം കട്ടയ്ക്കാവുകയായിരുന്നു. സൈബര്‍ ലോകം ഇത് ഏറ്റെടുക്കുകയും ചെയ്തു.ഏറെ വിവാദമായ സോമാലിയന്‍ പരാമര്‍ശത്തെ സോഷ്യല്‍മീഡിയ അതിന്റ എല്ലാ ശക്തിയുമെടുത്ത് ആഞ്ഞടിച്ചപ്പോള്‍ നേതാക്കള്‍ പ്രതിരോധിക്കാന്‍ അല്‍പ്പം വിയര്പ്പൊഴക്കേണ്ടിയും വന്നു.
വി.എസ് അച്യൂതാനന്ദന് തിരഞ്ഞെടുപ്പ് വെബ്പേജ് തുടങ്ങി രണ്ട് മാസമാവുന്നതിന് മുന്നെ തന്നെ ശനിയാഴ്ചവരെ 181,693 ലൈക്കാണ് നേടിക്കഴിഞ്ഞത്. ഉമ്മന്‍ചാണ്ടിയുടെ ഫെയസ്ബുക്ക് പേജിന് 960632 ലൈക്കുകളും,കുമ്മനംരാജശേഖരന്റെ പേജിന് 110,827 പേരും ശനിയാഴ്ചവരെ ലൈക്കടിച്ചു. ഇതേപോലെ ഈ മൂന്ന് നേതാക്കളുടെയും ട്വിറ്റര്‍ അക്കൗണ്ടിനും വലിയ സ്വീകരണമാണ് സൈബര്‍ലോകം നല്‍കിയത്.
മാധ്യമപ്രവര്‍ത്തനം നിര്‍ത്തി അഴീക്കോട് പിടിച്ചടക്കാനെത്തിയ നികേഷിനും എതിരാളി കെ.എം ഷാജിക്കും ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചതും സൈബര്‍ ലോകത്ത് നിന്നുതന്നെയായിരുന്നു.എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും,വളരണമീ നാട് തുടരണമീ ഭരണം,വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബി.ജെ.പി തുടങ്ങിയ തിരഞ്ഞെടുപ്പ് കുറിപ്പുകളും വിവിധ തരത്തിലാണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടത്.
തടയണം ഈ കൊള്ളസംഘത്തെ, രക്ഷിക്കണം ഈ നാടിനെ.
‘ആരാണ് അവിടെ കലം വടിക്കുന്നത്?”കലം വടിക്കുന്നതല്ല, ശമ്പളം കൊടുക്കാന്‍ ഖജനാവ് വടിച്ചെടുക്കുന്നതാണ്’!!!
കേരളത്തിന് നരേന്ദ്രമോദി യുടെ ഏക സംഭാവന ഹെലികോപ്ടറില്‍ കറങ്ങി നടന്ന് മാലിന്യം വിതറുന്ന നടേശന്!!! തുടങ്ങി ഏറെ രസകരമായ ടോളുകളാണ് ഇത്തവണ സോഷ്യല്‍ മീഡിയ നിറഞ്ഞാടിയത്
Post Your Comments