KeralaNewsIndia

ജിഷയെക്കുറിച്ച് ബി.എസ്.പി ദേശീയ നേതാവ് മായാവതി പരാമര്‍ശിച്ചില്ല; ബി.എസ്.പി സ്ഥാനാര്‍ഥിയുടെ പ്രതിഷേധം ഇങ്ങനെ

കോട്ടയം: പെരുമ്പാവൂരില്‍ കൊല്ലപ്പട്ട നിയമവിദ്യാര്‍ഥി ജിഷയുടെ വീട് സന്ദര്‍ശിക്കാനോ സംഭവത്തില്‍ പ്രതിഷേധിക്കാനോ തയാറാകാത്ത മായാവതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് വൈക്കത്തെ ബി.എസ്.പി സ്ഥാനാര്‍ഥി പിന്മാറി. വോട്ടെടുപ്പിന് രണ്ടുദിനം മാത്രം ശേഷിക്കെ കെ.സി. ചന്ദ്രശേഖരനാണ് പിന്മാറുന്നതായി വ്യക്തമാക്കിയത്. പെരുമ്പാവൂരില്‍ നടന്ന ക്രൂര ദലിത് വിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ശേഷിയില്ലാത്ത ബി.എസ്.പിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ രാഷ്ട്രീയബോധവും മാനവികബോധവും അനുവദിക്കാത്തതിനാലാണ് തീരുമാനമെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു.
 
ജിഷയുടെ ഘാതകരെ പിടികൂടാന്‍ വൈകുന്നത് കേരളത്തിലെ ദലിത് സമൂഹത്തോട് ഭരണകൂടവും പൊലീസും കാട്ടുന്ന വിവേചനമാണ്. പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍, ഇതൊന്നും അറിഞ്ഞില്‌ളെന്ന മട്ടിലാണ് ബി.എസ്.പി ദേശീയസംസ്ഥാന നേതൃത്വങ്ങളുടെ പ്രവര്‍ത്തനം. ബി.എസ്.പിയുടെ പരമോന്നത നേതാവ് മായാവതി പ്രശ്‌നസമയത്ത് കേരളത്തില്‍ എത്തിയെങ്കിലും ഈ സംഭവത്തില്‍ പ്രതികരിച്ചില്‌ളെന്ന് ചന്ദ്രശേഖരന്‍ ആരോപിച്ചു.
 
മറ്റു പാര്‍ട്ടികളുടെ ഭൂരിഭാഗം നേതാക്കളും ജിഷയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ മായാവതി ഇതിനും തയാറായില്ല. ഈ സാഹചര്യത്തിലാണ് പിന്മാറുന്നതെന്നും തനിക്ക് വോട്ടുചെയ്യാന്‍ ആഗ്രഹിച്ചവര്‍ മനസാക്ഷിയും രാഷ്ട്രീയബോധവും അനുസരിച്ച് മറ്റൊരു സ്ഥാനര്‍ഥിക്ക് വോട്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം ഭാവിതീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button