സുല്‍ത്താന്‍ ബത്തേരി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെ ആദിവാസി മേഖലകൾ സന്ദർശിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി കേരളത്തിലെ ആദിവാസി മേഖലകളിലെ ശിശുമരണ നിരക്ക് സൊമാലിയയിലെ നിരക്കിനേക്കാള്‍ കൂടുതലാണെന്ന് ചൂണ്ടിക്കാണിച്ചത് ഇടതു-വലതു മുന്നണികള്‍ വിവാദമാക്കിയെങ്കിലും, സംസ്ഥാനത്തെ ആദിവാസികളുടെ ശോചനീയാവസ്ഥ ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനും വഴിതെളിച്ചു.
സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ആദിവാസി നേതാവുമായ സി.കെ.ജാനുവാണ് പ്രധാനമന്ത്രിയെ കേരളത്തിലെ ആദിവാസി മേഖലകള്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്. പ്രധാനമന്ത്രിയുടെ താരതമ്യം ശരിയാണെന്നും, വയനാടിലേയും മറ്റും ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ചാല്‍ ആയിരക്കണക്കിന് സൊമാലിയകള്‍ കാണാമെന്നും സി.കെ.ജാനു അഭിപ്രായപ്പെട്ടിരുന്നു. ഇരുമുന്നണികളും നാളിതുവരെ ആദിവാസികളോട് ഫാസിസ്റ്റ് സമീപനമാണ് സ്വീകരിച്ചിരുന്നതെന്നും ജാനു പറഞ്ഞിരുന്നു.
ജാനുവിന്‍റെ ക്ഷണവും, സൊമാലിയ പരാമര്‍ശത്തിലൂടെ ആദിവാസി പ്രശ്നം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതും ആദിവാസി മേഖലകളുടെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രിയില്‍ പ്രേരണ ചെലുത്തിക്കാണാം എന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.
Post Your Comments