ജോധ്പൂര്‍: സൗരോര്‍ജം ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ തീവണ്ടിയുടെ പരീക്ഷണ ഓട്ടം രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്നു. ഓരോ കോച്ചിന്റെയും മുകളില്‍ രണ്ട് നിരയായി സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകളില്‍ നിന്ന് ലഭിക്കുന്ന സൗരോര്‍ജം ഉപയോഗിച്ചാണ് കോച്ചിലെ ഫാനുകളും ലൈറ്റുകളും പ്രവര്‍ത്തിക്കുന്നത്. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ഒരുദിവസം 17 യൂണിറ്റ് വൈദ്യൂതി ഇത്തരത്തില്‍ ഉത്പാദിപ്പിക്കാനാകും. ഒരു യൂണിറ്റ് വൈദ്യുതിക്ക് 20 രൂപയാണ് റെയില്‍വേയ്ക്ക് ചിലവാകുക. 340 രൂപയാണ് ഇതുവഴി റെയില്‍വേയ്ക്ക് ഒരു കോച്ചില്‍ നിന്ന് ലാഭിക്കാനാകുക. ഒരുവര്‍ഷം ഒരു കോച്ചിനായി 1,24,100 രൂപ ലാഭിക്കാന്‍ സാധിക്കും.
ഒരു കോച്ചില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് നാല് ലക്ഷത്തോളം രൂപയാകും എന്നാണ് കണക്കാക്കിയിരിക്കുന്നത്. സോളാര്‍ പാനലുകള്‍ ഊര്‍ജത്തിനായി ഉപയോഗിച്ചാല്‍ ഒരുവര്‍ഷം 90,000 ലിറ്റര്‍ ഡീസല്‍ ഉപഭോഗം കുറയ്ക്കാനാകും എന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.
ഇന്ധന ചിലവില്‍ വലിയ ലാഭമാണ് റെയില്‍വേയ്ക്ക് ഉണ്ടാവുക. വരുമാനത്തിന്റെ 22 ശതമാനമാണ് റെയില്‍വേ ഇന്ധനത്തിനായി ചിലവഴിക്കുന്നത്.
Post Your Comments