ന്യൂഡൽഹി: രാജ്യത്തുടനീളം വമ്പൻ ഹിറ്റായി കേന്ദ്രസർക്കാറിന്റെ സോളാർ പദ്ധതിയായ പ്രധാനമന്ത്രി സൂര്യ ഘർ യോജന. പദ്ധതി പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോൾ ഒരു കോടിയിലധികം കുടുംബങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടാം മോദി സർക്കാറിന്റെ അവസാന ബഡ്ജറ്റിലാണ് സോളാർ പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്. ഒരു കോടി അപേക്ഷകൾ പിന്നിട്ടെന്ന സന്തോഷവിവരം എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്.
വീടുകളിൽ റൂഫ്ടോപ്പ് സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കുന്നതാണ് പ്രധാനമന്ത്രി സൂര്യ ഘർ യോജന. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും പദ്ധതിക്കായുള്ള അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. അസം, ബീഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് 5 ലക്ഷത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ ഉടൻ പുറത്തുവിടുന്നതാണ്.
ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിലാണ് സോളാർ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. പദ്ധതി പ്രകാരം, 3 കിലോവാട്ട് ശേഷിയുള്ള സോളാർ പാനൽ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ 40 ശതമാനം സബ്‌സിഡിയാണ് നൽകുന്നത്. 10 കിലോവാട്ട് ശേഷിയുള്ള സോളാർ പാനൽ തിരഞ്ഞെടുക്കുന്നവർക്ക് 20 ശതമാനമാണ് സബ്സിഡി ലഭിക്കുന്നത്.
Post Your Comments