ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ മൂന്നിടങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 113 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷിയ വിഭാഗക്കാര്‍ തിങ്ങിപാര്‍ക്കുന്ന സദര്‍ നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 84 പേരാണ് മരിച്ചത്. 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനം നടന്ന പ്രദേശത്തിനു സമീപത്തെ കടകളും വാഹനങ്ങളും കത്തിനശിച്ചു.
വടക്കന്‍ ജില്ലയായ കാദിമയിലും പടിഞ്ഞാറന്‍ നഗരമായ ജാമിയയിലുമുള്ള പോലീസ് ചെക്ക്‌പോസ്റ്റുകള്‍ക്കു നേരെയാണ് മറ്റു രണ്ടു ചാവേര്‍ ആക്രമണങ്ങളും ഉണ്ടായത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെയാണ് ഐഎസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. അബു സുലൈമാന്‍ അല്‍-അന്‍സാരിയാണ് സ്‌ഫോടനം നടത്തിയ ചാവേറെന്നും പ്രസ്താവനയില്‍ പറയുന്നു.
സദറിലെ മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ടിരുന്ന പിക്അപ് ട്രക്കില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്. ട്രക്കില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഇടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്. ഡ്രൈവര്‍ മാര്‍ക്കറ്റില്‍ ട്രക്ക് പാര്‍ക്കുചെയ്ത ശേഷം കടന്നുകളഞ്ഞു. ഇതിനു പിന്നാലെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പോലീസ് ഉദ്യോഗസ്ഥരടക്കം 17 പേരാണ് മരിച്ചത്. 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേസമയം തന്നെയാണ് ജാമിയയിലും ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 12 പേര്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
Post Your Comments