KeralaNews

ഉന്നതരുമായുള്ള ബന്ധം : ഡിജിറ്റല്‍ തെളിവുമായി സരിത സോളാര്‍ കമ്മിഷനില്‍

കൊച്ചി: പല ഉന്നതരുമായി തനിക്കുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ സോളാര്‍ കമ്മിഷന് കൈമാറിയതായി സരിത എസ്. നായര്‍. രണ്ട് പെന്‍ഡ്രൈവുകളും സുപ്രധാന രേഖകള്‍ അടങ്ങിയ രണ്ട് ഫയലുകളുമാണ് കമ്മിഷനില്‍ സമര്‍പ്പിച്ചത്. കൂടാതെ തന്റെ വിവാദമായ കത്തും സരിത കമ്മിഷനില്‍ ഹാജരാക്കി. കേരളത്തിന് താങ്ങാനാകാത്ത കൂടുതല്‍ തെളിവുകള്‍ 13ന് സോളാര്‍ കമ്മിഷന്‍ മുമ്പാകെ സമര്‍പ്പിക്കുമെന്നും സരിത പറഞ്ഞു.

സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ മുമ്പാകെ തെളിവുകള്‍ ഹാജരാക്കിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സരിത. ഒരു കണ്‍വന്‍ഷന്‍ സെന്ററുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിന് ഉമ്മന്‍ചാണ്ടി ഒരു വ്യവസായിയുമായി നടത്തിയ ഫോണ്‍സംഭാഷണവും സോളാര്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ ഗൂഢാലോചന തെളിയിക്കുന്ന ശബ്ദരേഖയുമാണ് സരിത ഹാജരാക്കിയ രണ്ട് പെന്‍ഡ്രൈവുകളില്‍ ഉള്ളത്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തെളിവുകളാണ് ഇത്. തന്റെ കത്ത് ചാനലുകളിലൂടെ പുറത്തുവിട്ടതിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലും മാനനഷ്ടക്കേസ് നല്‍കിയ സാഹചര്യത്തിലാണ് ഇപ്പോള്‍ കമ്മിഷന് കൂടുതല്‍ തെളിവുകള്‍ കൈമാറുന്നതെന്നും സരിത വ്യക്തമാക്കി.

സ്ത്രീയെന്ന നിലയില്‍ അനുഭവിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുന്നതിന് തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും മാനസികമായി ഇതിനായി തയാറെടുപ്പുകള്‍ നടത്തി വരികയാണെന്നും സരിത എസ്. നായര്‍ പറഞ്ഞു. മനസില്‍ പക സൂക്ഷിച്ച് ഒതുങ്ങിയിരുന്ന് അയാളെ നശിപ്പിക്കാനോ അല്ലെങ്കില്‍ അവരെ കുടുംബത്തോടെ നശിപ്പിക്കാനോ ശ്രമിക്കുന്നയാളാണ് ഉമ്മന്‍ചാണ്ടിയെന്ന് കമ്മിഷനില്‍ തെളിവു സമര്‍പ്പിച്ചശേഷം പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സരിത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button