ഭുവനേശ്വര്‍: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ പിടികൂടിയ രഘു നായകിന്റെ വിധവയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ധനസഹായവുമായി ഒഡിഷ സര്‍ക്കാര്‍. രഘു നായക് മരിച്ച് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാര്യയായ മണ്ഡോദരി നായകിനെ തേടി സഹായമെത്തുന്നത്. ഡല്‍ഹി ബിര്‍ലാ ഹൗസില്‍ വച്ച് ഗാന്ധിജി വധിക്കപ്പെടുന്ന കാലത്ത് അവിടത്തെ തോട്ടം സൂക്ഷിപ്പുകാരനായിരുന്നു രഘു നായക്.
ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കാണ് മണ്ഡോദരിക്ക് തുക കൈമാറിയത് . മുഖ്യമന്ത്രിയുടെ സഹായനിധിയില്‍നിന്നാണ് തുക അനുവദിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. രഘു നായക് കാട്ടിയ ധീരതയ്ക്ക് അംഗീകാരമായി മുന്‍ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് അദ്ദേഹത്തിന് അഞ്ഞൂറ് രൂപ അനുവദിച്ചിരുന്നു. നായക് 1983 ല്‍ മരിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം മകനും മരിച്ചതോടെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ഭാര്യ മണ്ഡോദരിയുടെ ചുമലിലായി. രഘു നായകിന്റെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് അറിഞ്ഞതോടെയാണ് സര്‍ക്കാര്‍ സഹായമെത്തിച്ചത്.
Post Your Comments