ന്യുഡല്‍ഹി: ഐ.പി.എല്‍ വാതുവായ്പില്‍ കോടികണക്കിന് രൂപ നഷ്ടം വന്നതിന്‍റെ വിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. പാര്‍ലമെന്‍റിനു സമീപം ഒരു മരത്തിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്നും 23 പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.
മധ്യപ്രദേശിലെ ശിവപുരി സ്വദേശി രാം ദയാല്‍ വര്‍മ്മ (39) ആണ് മരിച്ചത്. മധ്യപ്രദേശില്‍ നിന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയ ഇയാള്‍ നേരെ വിജയ് ചൗക്കിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് പാര്‍ലമെന്‍റ് മന്ദിരത്തിനു സമീപമുള്ള മരത്തില്‍ കയറി തൂങ്ങിമരിച്ചു. നിരവധി രേഖകളും റെയില്‍വേ ടിക്കറ്റും ഇയാളുടെ സമീപത്തുകിടന്ന ബാഗില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
വിജയ് ചൗക്കിലെ റെയില്‍ ഭവനും മീഡിയ പാര്‍ക്കിംഗ് സെന്‍ററിനും ഇടയിലുള്ള മരത്തിലാണ് രാവിലെ 7.15 ഓടെ മൃതദേഹം കണ്ടെത്തിയത്. ഐ.പി.എല്ലിലും മറ്റു മത്സരങ്ങളിലും വാതുവച്ച് കോടികള്‍ നഷ്ടപ്പെട്ടതായി ആത്മഹത്യാകുറിപ്പില്‍ പറയുന്നുണ്ട്. വാതുവയ്പിലൂടെ കോടികള്‍ നേടാമെന്ന് ആഗ്രഹിച്ച് പലരില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങിയിരുന്നുവെന്നും എന്നാല്‍ സന്പാദ്യമുള്‍പ്പെടെ മുഴുവന്‍ നഷ്ടപ്പെടുകയായിരുന്നുവെന്നും ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗം തനിക്കു മുന്നിലില്ലെന്നും കത്തില്‍ പറയുന്നു.
വര്‍മ്മയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും ഡി.സി.പി ജതിന്‍ നര്‍വാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനാണെന്ന് ഭാര്യയോട് പറഞ്ഞശേഷമാണ് വര്‍മ്മ ഇന്നലെ ഉച്ചകഴിഞ്ഞ് മധ്യപ്രദേശിലെ വീട്ടില്‍ നിന്ന് പോന്നതെന്ന് പോലീസ് അറിയിച്ചു. വര്‍മ്മയുടെ വാതുവയ്പിനെ കുറിച്ച് ഭാര്യയ്ക്കും അറിവുണ്ടായിരുന്നു. മരണവിവരം അറിയിക്കാന്‍ പോലീസ് വിളിച്ചപ്പോള്‍ ഭര്‍ത്താവ് അറസ്റ്റിലായി എന്നാണ് ഇവര്‍ കരുതിയത്.
ആത്മഹത്യ ചെയ്യാന്‍ നിശ്ചയിച്ച് ഉറപ്പിച്ച വര്‍മ്മ വീട്ടില്‍ നിന്നും കയറും മറ്റും കൊണ്ടുവന്നിരുന്നു. ട്രെയിനില്‍ വച്ചാണ് ഇയാള്‍ ആത്മഹത്യാകുറിപ്പ് എഴുതിയത്. വര്‍മ്മയുടെ മരണത്തില്‍ വാതുവയ്പ് റാക്കറ്റിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
Post Your Comments