ന്യൂഡല്‍ഹി: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചീഫ്ജസ്റ്റിസ് ഓഫ് ഇന്ത്യ ടി.എസ്.താക്കൂര്‍ വിതുമ്പിക്കൊണ്ട് നടത്തിയ അപേക്ഷയിന്മേല്‍ ത്വരിതനടപടിയെടുത്ത് പ്രതികരിച്ചിരിക്കുകയാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും. രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് കേസുകളുടെ വിധിന്യായം വേഗത്തിലാക്കാന്‍ കൂടുതല്‍ ന്യായാധിപന്മാരെ നിയമിക്കണം എന്ന അപേക്ഷയാണ് മുഖ്യന്യായാധിപന്‍ പ്രധാനമന്ത്രിക്ക് മുന്‍പില്‍ വച്ചത്. ഇപ്പോള്‍ സുപ്രീംകോടതിയിലേക്ക് പുതുതായി നാല് ന്യായാധിപന്മാരുടെ നിയമനത്തിന് അനുമതി നല്‍കിക്കൊണ്ട് ആ അപേക്ഷയിന്മേല്‍ ഉടനടി നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
3 ഹൈക്കോടതി ജഡ്ജിമാരുടേയും, ഒരു മുതിര്‍ന്ന അഭിഭാഷകന്‍റേയും പേരുകള്‍ ആണ് പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയുടെ നിയമനഉത്തരവ് ചാര്‍ത്തിക്കിട്ടുന്നതിനായി കേന്ദ്രനിയമമന്ത്രാലയം സമര്‍പ്പിച്ചിരിക്കുന്നത്.
മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് എ.എം.ഖാന്‍വില്‍കര്‍, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരോടൊപ്പം മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജെനറല്‍ എല്‍.നാഗേശ്വര്‍ റാവുവും അടങ്ങിയ നാല് പുതിയ പേരുകളാണ് സുപ്രീംകോടതി ന്യായാധിപന്‍മാരായി നിയമമന്ത്രാലയം പ്രസിഡന്‍റിന്‍റെ പരിഗണനയ്ക്ക് നല്‍കിയിരിക്കുന്നത്.
മെയ് 13-ന് ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.
Post Your Comments