Kerala

ജിഷയുടെ കൊലപാതകം : സഹോദരി ദീപയുടെ മറുപടികളില്‍ വൈരുദ്ധ്യം

കൊച്ചി : പെരുമ്പാവൂരിലെ ജിഷ കൊലപാതകക്കേസില്‍ സഹോദരി ദീപയെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ ഉത്തരം ലഭിക്കാത്തതിനാല്‍ വീണ്ടും പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു.

ആദ്യഘട്ടത്തില്‍ ഒരു ഫോണ്‍ മാത്രമുണ്ടെന്നാണ് ദീപ പറഞ്ഞിരുന്നത്. ഇവര്‍ താമസിച്ചിരുന്ന വെങ്ങോലയിലെ വീട്ടിലെത്തിയ അന്വേഷണസംഘം പൂട്ടിയ നിലയിലായിരുന്ന അലമാര തുറപ്പിച്ചപ്പോള്‍ മറ്റൊരു മൊബൈല്‍ ഫോണ്‍ ലഭിച്ചു. ഇതില്‍ അന്യസംസ്ഥാനക്കാരായ നിരവധിയാളുകളുടെ നമ്പറുകളുണ്ടെന്നാണ് വിവരം. ഇതിനെക്കുറിച്ചാണ് പോലീസ് ഗൗരവമായി അന്വേഷിക്കുന്നത്. മാനസികമായി തകര്‍ന്നിരിക്കുന്ന മാതാവ് രാജേശ്വരിയെ ചോദ്യം ചെയ്യാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് ഡോക്ടര്‍മാര്‍ അന്വേഷണസംഘത്തെ അറിയിച്ചു. കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയെന്ന് സംശയിക്കുന്നയാളിലേക്ക് കൂടുതല്‍ തെളിവോടെ എത്തണമെങ്കില്‍ ദീപയെയും രാജേശ്വരിയേയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതിനുള്ള സാഹചര്യം ഒരുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

വനിതാ പോലീസുകാര്‍ക്ക് അന്വേഷണസംഘം കൈമാറിയ 100 ചോദ്യങ്ങള്‍ക്ക് മറുപടി തേടാനാണ് ദീപയെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ 40 ചോദ്യങ്ങള്‍ എത്തിയപ്പോഴേക്കും ചാനലുകളിലൂടെ ദീപയെ ചോദ്യം ചെയ്യുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നു. ഇതോടെ പോലീസ് ദീപയെ തിരികെയെത്തിച്ചു. പല ചോദ്യങ്ങള്‍ക്കും ദീപ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button