ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദയാവധം ഭാഗികമായി നിയമവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ജീവിക്കുന്ന രോഗികള്‍ ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് ഉറപ്പായാല്‍ അവര്‍ക്ക് സ്വസ്ഥമായ മരണം അനുവദിക്കും വിധം നിയമം നിര്‍മിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞു. 2006 ല്‍ ലോ കമ്മിഷന് ഇതുസംബന്ധിച്ച് നിയമനിര്‍മാണത്തിന് ശുപാര്‍ശ ചെയ്തെങ്കിലും തുടര്‍നടപടിയുണ്ടായില്ല. 2011 ല്‍ ഇക്കാര്യം സുപ്രീം കോടതിയും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് നിയമനിര്‍മാണത്തിന് കേന്ദ്രം നടപടി തുടങ്ങിയത്.
വൈദ്യശാസ്ത്രമേഖല രണ്ടുരീതിയിലുള്ള ദയാവധം നിഷ്കര്‍ഷിക്കുന്നു. ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധ്യതയില്ലെന്ന് ഉറപ്പാക്കിയ രോഗികളെ മരുന്ന് കുത്തിവെച്ച് മരിക്കാന്‍ അനുവദിക്കുന്നതാണ് ആദ്യ രീതി. സോഡിയം പെന്റോതല്‍ പോലെയുള്ള മരുന്ന് കുത്തിവെയ്ക്കുന്നതോടെ രോഗി ഉറക്കത്തിലേക്ക് വീഴും. അത് വേദനരഹിതമായ അന്ത്യനിദ്രയാവുകയും ചെയ്യും. ‘ആക്ടീവ് യുതനേസ്യ’ എന്നാണിത് അറിയപ്പെടുന്നത്.
രക്ഷപ്പെടില്ലെന്നുറപ്പുള്ള രോഗിയുടെ ചികിത്സയും ജീവന്‍രക്ഷാ ഉപകരണങ്ങളും പിന്‍വലിക്കുന്ന രണ്ടാമത്തെ രീതിയായ ‘പാസീവ് യുതനേസ്യ’ നിയമവിധേയമാക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്. ഇത്തരം രോഗികള്‍ മരുന്നിനോടും രക്ഷാ ഉപകരണങ്ങളോടും പ്രതികരിക്കുന്നില്ലെന്ന് ഉറപ്പായ ശേഷമാണ് മരണം അനുവദിക്കുക. ഈ രീതിക്ക് കോടതിവിധിയുടെ പിന്‍ബലമുണ്ടെങ്കിലും നിയമനിര്‍മാണം ആവശ്യമായതിനാലാണ് നടപടി.
ബോധാവസ്ഥയില്‍ ആണെങ്കില്‍ രോഗിയുടെ അനുമതിയും അബോധാവസ്ഥയിലാണെങ്കില്‍ ബന്ധുക്കളുടെ സമ്മതവും നേടിവേണം ദയാവധം അനുവദിക്കുക. രോഗിയുടെ ആരോഗ്യനില സംബന്ധിച്ച് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം നല്കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചുവേണം നടപടിയെന്ന് നിര്‍ദ്ദിഷ്ട നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് ഇതിനായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കുന്നത്. കാലാകാലങ്ങളില്‍ ഇതിനുള്ള മാര്‍ഗരേഖ പുറപ്പെടുവിക്കുക മെഡിക്കല്‍ കൗണ്‍സില്‍ ആയിരിക്കും.
മനഃപൂര്‍വം ചികിത്സ നിരസിക്കുന്നവര്‍, ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് ദയാവധം അനുവദിക്കുന്നതിന് പ്രത്യേക നിയന്ത്രണം വ്യവസ്ഥ ചെയ്യും. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളോ, ആശുപത്രി അധികൃതരോ ഹൈക്കോടതിയുടെ അനുമതി വാങ്ങിയ ശേഷമേ മരണം അനുവദിക്കാവു എന്നും വ്യവസ്ഥ ചെയ്യും.
Post Your Comments