NewsInternational

നിഗൂഢ രഹസ്യങ്ങള്‍ കൈമാറാന്‍ സുരക്ഷിതമാര്‍ഗം കോളകള്‍!…

രഹസ്യങ്ങള്‍ കൈമാറുന്നവര്‍ കാലാകാലങ്ങളില്‍ അതിനുപയോഗിക്കുന്ന രീതികളും വിചിത്രമാണ്. കോളകള്‍ പോലുള്ള പാനീയങ്ങള്‍ വഴി രഹസ്യവിവരങ്ങള്‍ കൈമാറുന്ന സാങ്കേതികവിദ്യയുമായാണ് ഒരുകൂട്ടം ഇസ്രയേലി ശാസ്ത്രജ്ഞരുടെ വരവ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന യാഥാര്‍ഥ്യമാണ് ശാസ്ത്രലോകത്ത് നടക്കുന്നതെന്നതിന്റെ തെളിവാണ് ഇവരുടെ കണ്ടുപിടുത്തം.

എല്ലാകാലത്തും രഹസ്യ വിവരങ്ങള്‍ കൈമാറുന്നവര്‍ അതിനായി വളരെ വ്യത്യസ്തമായ രീതികളും ഉപയോഗിച്ചിരുന്നു. സ്പാര്‍ട്ടയിലെ രാജാവായിരുന്ന ഡെമാരറ്റുസിന്റെ കാലത്ത് മെഴുകില്‍ എഴുതിയാണ് സന്ദേശങ്ങള്‍ രഹസ്യമാക്കിയിരുന്നത്. ഒന്നാം ലോക മഹായുദ്ധത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത് ചെറുനാരങ്ങാ ജ്യൂസില്‍ എഴുതിയ കത്തുകളായിരുന്നു. കടലാസില്‍ എഴുതി കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമാകുമെന്നതാണ് ചെറുനാരങ്ങാ ജ്യൂസിന്റെ പ്രത്യേകത. ഈ കടലാസ് പിന്നീട് ചൂടാക്കിയാല്‍ സന്ദേശം തെളിഞ്ഞ് വരുകയും ചെയ്യും.

വൈസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഇസ്രയേലി ശാസ്ത്രജ്ഞരുടെ സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ഇവരുടെ കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ നാച്ചുര്‍ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില പ്രത്യേക തരം രാസപദാര്‍ഥങ്ങളുമായി ചേര്‍ന്നാല്‍ വ്യത്യസ്ത തരംഗദൈര്‍ഘ്യമുള്ള വെളിച്ചം നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഫ്‌ളൂറസന്റ് മോളിക്യൂളുകളാണ് ഇവരുടെ കണ്ടുപിടുത്തത്തിന്റെ അടിസ്ഥാനം. ഈ രാസപദാര്‍ഥങ്ങള്‍ കോളയോ കാപ്പിയോ മൗത്ത് വാഷോ പോലുമാകാം!

രഹസ്യഭാഷകള്‍ ചുരുളഴിക്കുന്ന രീതിയിലാണ് കോളകള്‍ വഴിയുള്ള സന്ദേശവും മനസിലാക്കാനാകുക. സന്ദേശത്തിലെ ഓരോ അക്ഷരവും ഒരു കൂട്ടം നമ്പറുകളായി മാറ്റുകയാണ് ആദ്യം ചെയ്യുക. ഈ നമ്പറുകള്‍ അടങ്ങിയ തന്മാത്രകള്‍ കോളകളിലോ കാപ്പിയിലോ കലര്‍ത്തുന്നു. പിന്നീട് ചെറു യന്ത്രത്തിന്റെ സഹായത്തില്‍ ഇവ ഡീകോഡ് ചെയ്‌തെടുക്കാവുന്നതാണ്. ഒരു വാച്ചിനുള്ളില്‍ ഘടിപ്പിക്കാവുന്നത്രയും ചെറിയ യന്ത്രം ഉപയോഗിച്ചാണ് രഹസ്യകോഡ് തിരിച്ചറിയുക.

രഹസ്യ കോഡ് നിര്‍മ്മിക്കുന്നതിനും ഡീ കോഡ് ചെയ്യുന്നതിനും ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ ആവശ്യമാണ് ഇല്ലെങ്കിലും കോഡില്‍ വലിയവ്യത്യാസം വരും. ഇത് കോഡുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നു. അത് മാത്രമല്ല കോളയില്‍ ഉപയോഗിക്കുന്നതിന് വേണ്ടി നിര്‍മ്മിച്ച രഹസ്യകോഡ് അടങ്ങിയ തന്മാത്രകള്‍ കാപ്പിയിലോ മറ്റേതെങ്കിലും പാനീയത്തിലോ ഉപയോഗിച്ചാലും രഹസ്യ കോഡ് തിരിച്ചറിയാനാകില്ല. ഇതും ഈ രഹസ്യവിവര കൈമാറ്റത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നുവെന്നാണ് ഇസ്രയേലി സംഘത്തിന്റെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button