NewsIndia

ബി.എസ്.എന്‍.എല്ലില്‍ അടിമുടി മാറ്റം

ന്യൂഡല്‍ഹി : പൊതുമേഖലാ സ്ഥാപനമായ ബി.എസ.്എന്‍.എല്‍ ഈ വര്‍ഷം റിലയന്‍സ് ജിയോ, വോഡഫോണ്‍ എന്നിവരുമായി ടുജി റോമിംഗ് ഇന്‍ട്രാ സര്‍ക്കിള്‍ കരാറില്‍ ഒപ്പുവയ്ക്കും. മിക്കവാറും ഈ മാസം അവസാനത്തോടെ തന്നെ കരാര്‍ നിലവില്‍ വന്നേക്കുമെന്ന് ബി.എസ.്എന്‍.എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ അറിയിച്ചു.

ഈ കരാര്‍ നിലവില്‍ വരുന്നതോടെ റിലയന്‍സ് ജിയോ, വോഡഫോണ്‍ എന്നിവയുടെ ഉപഭോക്താക്കള്‍ക്ക് കൂടി ബി.എസ്.എന്‍.എല്‍ ന്റെ നെറ്റ്‌വര്‍ക്ക് ഉപയോഗപ്പെടുത്താനാവും. കവറേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ ഇങ്ങനെ ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗപ്പെടുത്തുന്നത് വഴി കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. വളരെ കുറഞ്ഞ വരുമാനം കാരണം സ്വകാര്യ കമ്പനികള്‍ മൊബൈല്‍ ടവറുകള്‍ വയ്ക്കാത്ത ഇടങ്ങളില്‍ പോലും ബി.എസ്.എന്‍.എല്ലിനു ടവറുകള്‍ നിലവില്‍ ഉണ്ട്.

ബി.എസ.്എന്‍.എല്ലിനു റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളില്‍ റിലയന്‍സ് ജിയോ, വോഡഫോണ്‍ എന്നിവയുടെ ടവറുകള്‍ തിരിച്ചും ഉപയോഗപ്പെടുത്താമെന്നും കരാറിലുണ്ട്. രാജ്യത്തെ മൊബൈല്‍ ബേസ് സ്റ്റേഷനുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാമതാണ് ബി.എസ.്എന്‍.എല്‍. നിലവില്‍ 1.14 ലക്ഷം ടവറുകളുള്ള ബി.എസ്.എന്‍.എല്‍ ഇനിയും 21000 ടവറുകള്‍ കൂടി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. അധികം വൈകാതെ മറ്റു ടെലികോം കമ്പനികളുമായി 3G ഇന്‍ട്രാസര്‍ക്കിള്‍ റോമിംഗ് കരാറില്‍ കൂടി ബി.എസ.്എന്‍.എല്‍ ഒപ്പു വയ്ക്കും.

ഇതോടെ രാജ്യത്തെ ഏതു മൊബൈല്‍ കമ്പനികളുടെ ടവറും ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്കും തിരിച്ചും ഉപയോഗപ്പെടുത്താനാവും. ഇതിന്റെ അവസാന നിരക്കുകള്‍ തീരുമാനമാക്കാനുള്ള ചര്‍ച്ചകളിലാണ് ഇപ്പോഴെന്നും ശ്രീവാസ്തവ പറഞ്ഞു. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ എന്നിവയുടെ നെറ്റ്‌വര്‍ക്കുകള്‍ പരസ്പരം ഉപയോഗിക്കുന്നതിനാല്‍ ഒരു കമ്പനിയ്ക്ക് റേഞ്ച് ഇല്ലാത്ത സ്ഥലത്ത് മറ്റു കമ്പനികളുടെ ടവറുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ ടവറുകളുടെ എണ്ണം കൂട്ടാതെ തന്നെ ഉള്ള ടവറുകള്‍ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നതിന് മാതൃക ആദ്യമേ തന്നെയുണ്ട്.

പ്രൈവറ്റ് ടെലികോം ഓപ്പറേറ്റര്‍മാരുമായി ഇങ്ങനെയൊരു സഹകരണം നടത്താന്‍ ശ്രമിക്കുന്നതായി ടെലികോം ട്രിബ്യൂണല്‍ TDSAT സ്ഥിതീകരിച്ചിട്ടുണ്ട്. രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ രണ്ടിടത്തും ഭാരതി എയര്‍ടെല്‍ ഗ്രൂപ്പുമായി സഹകരണം ലഭ്യമാക്കും. 1800,900,2100 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളില്‍ സ്‌പെക്ട്രം പങ്കുവയ്ക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. വരും കാലങ്ങളില്‍ 4G സര്‍വീസ് കൂടി ഇങ്ങനെ ലഭ്യമാക്കാനാവും.

പൊതുമേഖലാ സ്ഥാപനമായതിനാല്‍ തന്നെ സ്‌പെക്ട്രം പങ്കുവയ്ക്കുന്ന കാര്യത്തില്‍ ബി.എസ്.എന്‍.എലിന് സുതാര്യമായ നിലപാടുകള്‍ കൈക്കൊണ്ടേ മതിയാവൂ. ഇത് പ്രാഥമികഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം അധികദൂരമൊന്നും മുന്നോട്ടു പോയിട്ടില്ല. ഭീമമായ ലെവി കമ്പനികള്‍ തമ്മില്‍ പങ്കുവയ്ക്കപ്പെടും എന്നതുകൊണ്ടു തന്നെ നിലവില്‍ വന്നുകഴിഞ്ഞാല്‍ ടെലികോം കമ്പനികളെ സംബന്ധിച്ചും വലിയൊരാശ്വാസമായിരിക്കും ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button