ഡല്‍ഹിയിലെ മാധ്യമവൃത്തങ്ങളില്‍ എ.കെ.ആന്റണി അറിയപ്പെടുന്നത് “ഇന്ത്യയുടെ ഏറ്റവും മോശം പ്രതിരോധമന്ത്രി” എന്നാണ്. അഴിമതിരഹിതനാണ് താന്‍ എന്ന് പേരെടുക്കാന്‍ ആന്റണി നടത്തിയിട്ടുള്ള ശ്രമങ്ങള്‍ ഭൂരിപക്ഷം മലയാളികള്‍ക്കും അറിവുള്ളതാണ്. 8 വര്‍ഷം ഇന്ത്യയുടെ പ്രതിരോധമന്ത്രി ആയിരുന്ന സമയത്ത് അഴിമതി ഭയന്ന് ആന്റണി ചെയ്തുകൂട്ടിയ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍, രാജ്യം അക്കാലത്ത് നടത്തിയ പ്രതിരോധ ഇടപാടുകളില്‍ നിന്ന് അഴിമതിയെ തുടച്ചുനീക്കിയില്ല (അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ അഴിമതി തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം) എന്നു മാത്രമല്ല സൈന്യത്തിന് അത്യന്താപേക്ഷിതമായിരുന്ന പല പ്രതിരോധ കരാറുകളും ഇല്ലാതാക്കുകയും ചെയ്തു.
തന്റെ കാലയളവില്‍, അഴിമതി ഭയന്ന് അല്ലെങ്കില്‍ അഴിമതി സംശയിച്ച് ആന്റണി അനുമതി കൊടുക്കാതിരുന്ന പ്രതിരോധ ഇടപാടുകള്‍ അനവധിയാണ്. ഇതില്‍ ഏറ്റവും പ്രധാനം കിഴുക്കാംതൂക്കായ പ്രദേശങ്ങളില്‍ സൈന്യത്തിന് പ്രയോജനപ്പെടുന്ന 155-mm ലൈറ്റ് ഹോവിറ്റ്സേഴ്സ് ചെറുപീരങ്കികള്‍ വാങ്ങുന്നതിനുള്ള ഉടമ്പടിയായിരുന്നു. ഈ ഉടമ്പടിക്കായി ടെണ്ടര്‍ സമര്‍പ്പിച്ച എല്ലാ കമ്പനികളേയും കൈക്കൂലി ആരോപണങ്ങളെത്തുടര്‍ന്ന് ആന്റണിയുടെ മന്ത്രാലയം അയോഗ്യരാക്കി. ഈ ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കാന്‍ പോലും മിനക്കെടാതെയായിരുന്നു അയോഗ്യരാക്കല്‍ നടപടി. ഈ നടപടിയുടെ അനന്തരഫലമായി ഇന്ത്യയ്ക്ക് ഹോവിറ്റ്സേഴ്സ് പീരങ്കികള്‍ വില്ക്കാന് തയാറുള്ള കമ്പനികളെല്ലാം അയോഗ്യരായി. ഒടുവില്‍, അപ്പോള്‍ കൈവശമുള്ള, കാലപ്പഴക്കംകൊണ്ട് പകുതിയും പ്രയോജനരഹിതമായ ഹോവിറ്റ്സേഴ്സ് ഉപയോഗിച്ചു തന്നെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ട ഗതികേടിലായി സൈന്യം.
ഇസ്രയേലി മിലിട്ടറി ഇന്‍ഡസ്ട്രീസ് ബീഹാറിലെ നളന്ദയില്‍ സ്ഥാപിക്കാം എന്ന് വാഗ്ദാനം ചെയ്ത ആയുധനിര്‍മ്മാണ ശാലയും ഇത്തരത്തില്‍ ആന്റണിയുടെ ഇടപെടല്‍ മൂലം അവതാളത്തിലായി. ഇന്ത്യയുടെ ഏറ്റവും “ക്ലീന്‍” ആയ പ്രതിരോധമന്ത്രി എന്ന് പേരെടുക്കാന്‍ ആന്റണി ഒരുവശത്ത് സൈന്യത്തിന് ആവശ്യമായിരുന്ന ഉടമ്പടികള്‍ ഇങ്ങനെ മുടക്കിക്കൊണ്ടിരുന്നപ്പോള് മറുവശത്ത് അദ്ദേഹത്തിന്റെ മൂക്കിന്‍കീഴില്‍ കോണ്‍ഗ്രസിലെ മറ്റ് ഉന്നതര്‍ ചേര്‍ന്ന് അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ അഴിമതി നടത്തുകയും ചെയ്തു.
വിചിത്രമെന്ന് തോന്നാം, പക്ഷേ, ഒരു രാജ്യം നടത്തിയ പ്രതിരോധ ഇടപാടില്‍ അഴിമതി ആരോപിക്കപ്പെടുമ്പോള്‍ ആദ്യപ്രതിയുടെ സ്ഥാനത്ത് വരേണ്ടത് ആ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയാണ്. കാരണം അദ്ദേഹം വഴിയാണ്, അദ്ദേഹം വഴിയാകണം എല്ലാ പ്രതിരോധ ഇടപാടുകളും നടക്കേണ്ടത്. അത്തരം ഇടപാടുകളിലെ അവസാന വാക്ക് പ്രതിരോധ മന്ത്രിയുടേതാകണം. പക്ഷേ, അഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാടില്‍ അഴിമതി നടന്നു എന്ന് വ്യക്തമായിട്ടും ആരും ആന്റണിക്കെതിരെ സംസാരിക്കുന്നതോ, അദ്ദേഹം അഴിമതി നടത്തിയതായി ആരോപിക്കുന്നതോ ഇല്ല. പക്ഷേ അഴിമതി നടന്നിട്ടുണ്ട് താനും.
യുപിഎ ഭരണകാലത്ത് എയര്‍ ചീഫ് മാര്‍ഷല്‍ ആയിരുന്ന എസ്.പി.ത്യാഗി ഈ അഴിമതിയിലെ ഒരു പ്രധാന കണ്ണിയാണ്. പക്ഷേ ആയിരക്കണക്കിന് കോടി ഡോളര്‍ മൂല്യമുള്ള ഒരു ഇടപാടില്‍ തീരുമാനമെടുക്കുന്നത് ഒരിക്കലും എയര്‍ ചീഫ് മാര്‍ഷല്‍ ഒറ്റയ്ക്കാവില്ല. അതിനര്‍ത്ഥം, കൈക്കൂലി വിഹിതം ലഭിച്ച ഉന്നതര്‍ ആരോ ഈ ഉടമ്പടിയുമായി മുന്നോട്ടു പോകാന്‍ താത്പര്യം എടുത്തിട്ടുണ്ട്. മാത്രമല്ല, എസ്.പി.ത്യാഗി ഈ അഴിമതി ഇടപാടില്‍ നിര്‍ണായക പങ്ക് വഹിച്ചെങ്കിലും ആഗസ്റ്റ വെസ്റ്റ്ലാന്റ്, യു.കെയുമായി ഇന്ത്യ കാരാര്‍ ഒപ്പുവയ്ക്കുന്ന സമയത്ത് അദ്ദേഹം തന്റെ പദവിയില്‍ ഇല്ല. അപ്പോള്‍, തന്നെക്കാള്‍ മുകളിലുള്ള ആരുടെയൊക്കെയോ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ആന്റണി ഈ കരാറുമായി മുന്നോട്ടുപോയത്. ഇന്ത്യയിലെ കോണ്‍ഗ്രസ് സംവിധാനത്തില്‍ എ.കെ.ആന്റണിയുടെ മുകളില്‍ അധികാരമുള്ള വിരലിലെണ്ണാവുന്ന ആളുകളേയുള്ളൂ എന്നതും എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. അപ്പോള്‍, അഴിമതിയൊന്നും കാണിക്കാതെ തന്റെ പ്രതിരോധമന്ത്രി വേഷം ഭംഗിയായി പൂര്‍ത്തിയാക്കണം എന്നു കരുതി രാജ്യത്തിന്റെ പ്രതിരോധസംവിധാനത്തെ മുഴുവന്‍ വര്‍ഷങ്ങള്‍ പുറകോട്ടടിച്ച എ.കെ.ആന്റണി അറിഞ്ഞോ, അറിയാതെയോ ഇത്ര വലിയ ഒരു അഴിമതി അദ്ദേഹത്തിന്റെ കാലത്ത് തന്നെ നടന്നു. ഇത് ആന്റണി തന്നെ സ്വയം പാര്‍ലമെന്റില്‍ സമ്മതിച്ചിട്ടുള്ളതും ആണ്.
യഥാര്‍ത്ഥത്തില്‍ ആന്റണി വ്യാകുലപ്പെടേണ്ടത്, വലിയൊരു ആദര്ശധീരന് എന്ന് കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം സാധാരണ പ്രവര്‍ത്തകരും ഇപ്പോഴും വിശ്വസിക്കുന്ന താന്‍, രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വം വഹിച്ച സമയത്ത് ഈ അഴിമതി എങ്ങിനെ നടന്നു എന്നതും, ഇതിലെ കുറ്റക്കാര്‍ ആരൊക്കെയാണ് എന്നുമാണ്. പക്ഷേ അതെപ്പറ്റി യാതൊരു കുറ്റബോധവും ഇല്ലാതെ അദ്ദേഹം ചെയ്യുന്നതോ, ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അഴിമതികള്‍ നടത്തിയ കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാരിന് കുടപിടിക്കുകയും. തന്റെ പാര്‍ട്ടിയില്‍ അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന കുടുംബവാഴ്ചയുടേയും, സ്വജനപക്ഷപാതത്തിന്റേയും, അഴിമതിയുടേയും ദുര്ഭൂതങ്ങളെക്കുറിച്ചോര്ത്ത് വ്യാകുലപ്പെടേണ്ട ആന്റണി വ്യാകുലപ്പെടുന്നതാകട്ടെ ബിജെപി കേരളനിയമസഭയില്‍ കാലുകുത്തുമോ എന്ന് ആലോചിച്ചും.
പ്രിയ ആന്റണി, ആ വ്യാകുലപ്പെടല്‍ താങ്കള്‍ നടത്തേണ്ട കാര്യമില്ല. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും തനിനിറം അറിവുള്ളതാണ്. അവര്‍ക്ക് ബിജെപിയെ വേണമെങ്കില്‍ അവര്‍ തിരഞ്ഞെടുത്തുകൊള്ളും, വേണ്ട എന്നുണ്ടെങ്കില്‍ അത് മെയ് 16-ന് അവര്‍ തീരുമാനിച്ചു കൊള്ളും. താങ്കള്‍ യഥാര്‍ത്ഥത്തില്‍ വ്യാകുലപ്പെടേണ്ട വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് മുകളില്‍ പറഞ്ഞുവല്ലോ. അവയേക്കുറിച്ചോര്ത്ത് താങ്കള്‍ വ്യാകുലപ്പെടില്ല എന്നറിയാം. കാരണം അഴിമതി നടത്തുന്നതും, അതില്‍ പിടിക്കപ്പെടുന്നതും താങ്കളുടെ പാര്‍ട്ടിക്ക് പുത്തരിയല്ലല്ലോ. പക്ഷേ, രാജ്യത്തിന്റെ സുരക്ഷയ്ക്കായി അഹോരാത്രം യത്നിക്കുന്ന സൈന്യത്തെ താങ്കളുടെ കാലത്ത് ഇരുട്ടില്‍ നിര്‍ത്തിയതിന്, താങ്കളില്‍ നിന്ന് അല്‍പ്പം കുറ്റബോധം എങ്കിലും പ്രതീക്ഷിക്കാമോ….
Post Your Comments