കടുത്തവേദനയാല്‍ ശരീരം തളര്‍ന്നു. ഡോക്ടര്‍മാരും കിടക്കുന്ന മുറിയും പതിയെ അവ്യക്തമായി. പെട്ടെന്ന് ഇരുട്ട് നിറഞ്ഞ ടണലിലേക്ക് വലിച്ചെടുക്കപ്പെട്ടു. ആ ടണലിന്റെ അങ്ങേതലയ്ക്കല്‍ ശക്തമായ പ്രകാശം…പ്രകാശത്തിന് ഇളംചൂട്…എല്ലാ വേദനകളും അതോടെ അവസാനിച്ചു..സുഖകരമായ ഒരു ശാന്തത..പ്രകാശത്തിലേക്ക് നടന്നെത്തിയപ്പോള്‍ രണ്ട് കരങ്ങള്‍ ആശ്ലേഷിക്കുന്നതുപോലെ..ഇതുവരെ അനുഭവിക്കാത്ത സുരക്ഷിതത്വം അനുഭവിക്കപ്പെട്ടു.
മുകളില്‍ പറയുന്നത് ഒരു ക്ലാസിക്കല്‍ മരണാസന്ന അനുഭവമാണ്. സ്‌പൈനല്‍ ട്യൂമറിനാല്‍ മരണമുഖത്തെത്തിയശേഷം രക്ഷപ്പെട്ട യുവതി വിവരിച്ചതാണിത്. ഇതേമാതൃക ആവര്‍ത്തിക്കുന്നവരാണ് ജീവിതത്തിന്റെയും മരണത്തിന്റെയും നൂല്‍പ്പാലം കടന്ന് തിരികെയെത്തിയവരില്‍ ഭൂരിഭാഗംപേരും. മരണം എല്ലാത്തിന്റെയും അവസാനമാണോ..? എന്താണ് മരണം എന്നത്..?. ജീവനുണ്ടായ കാലം മുതല്‍ ചോദിക്കുന്ന ചോദ്യമാകാമത്.
ശാസ്ത്രവും മതങ്ങളും വ്യത്യസ്തമായ അഭിപ്രായമാണ് പറയുന്നത്. എന്നാല്‍ മരണത്തിന്റെ തൊട്ടടുത്തെത്തിയശേഷം രക്ഷപ്പെട്ടവര്‍ പറയുന്ന മരണാസന്നാനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എന്താണ് ഈ അനുഭവങ്ങളെപ്പറ്റി ശാസ്ത്രലോകം പറയുന്നതെന്ന് നോക്കാം.
എന്‍ഡിഇ അഥവാ നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സ് എന്ന വാക്ക് അമേരിക്കയില്‍ സുപരിചിതമാണ്. റെയ്മണ്ട് മൂഡി എന്ന പാരസൈക്കോളജിസ്റ്റിന്റെ ലൈഫ് ആഫ്റ്റര്‍ ലൈഫ് എന്ന പുസ്തകമാണ് ഈ പ്രഹേളികയെ ചര്‍ച്ചകളിലേക്കെത്തിച്ചത്. വൈദ്യശാസ്ത്രം മരിച്ചെന്ന് വിധിയെഴുതിയ ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ അനുഭവങ്ങളുടെ അപഗ്രഥനമാണ് ഈ പുസ്തകം.
മരണമുഖത്തെത്തിയവരുടെ അനുഭവങ്ങളിലെ വ്യത്യാസങ്ങള്‍
മരണമുഖത്തു നിന്നും രക്ഷപ്പെട്ട പലര്‍ക്കും പറയാനുള്ളതാണ് ടണല്‍ എന്ന പ്രതിഭാസം. പലരും മരണത്തിന്റെ വക്കില്‍ നിന്ന് ടണല്‍ വഴി അനിര്‍വ്വചനീയമായ ഒരു സ്ഥലത്തെത്തിപ്പെട്ടെതായി വിവരിക്കും. മരണപ്പെട്ട ബന്ധുക്കളെ കണ്ടുമുട്ടല്‍, ഉയരത്തിലിരുന്ന് സ്വന്തം ശരീരം കാണുക, ആകാശ ഗോളങ്ങളെയും നക്ഷത്രങ്ങളെയും കാണാന്‍ സാധിക്കുക, ദൈവത്തെ കാണുക ഇങ്ങനെ നിരവധി അനുഭവ കഥകള്‍.
എന്‍ഡിഇയെക്കുറിച്ചുള്ള ഡച്ച് ഗവേഷകരുടെ പഠനം പറയുന്നത്. 56ശതമാനം ആളുകളും മരണത്തെ ഒരു സുഖാനുഭവമായാണ് കണ്ടതെന്നാണ്, 24 ശതമാനം പേര്‍ക്ക് ശരീരത്തിന് പുറത്തെത്തിയ തോന്നലും 30 ശതമാനം ആളുകള്‍ക്ക് ടണലിലൂടെ അതിവേഗം സഞ്ചരിക്കുന്നെന്ന തോന്നലുമാണത്രെ ഉണ്ടായത്.
മരണാനുഭവങ്ങളെ മാനസിക ശാരീരികചുറ്റുപാടുകളും സാമൂഹിക അവസ്ഥയും സ്വാധീനിക്കാറുണ്ട്. വിവിധ രാജ്യങ്ങളിലുള്ളവരുടെ മരണാസന്ന അനുഭവങ്ങള്‍ക്ക് ഒരു പൊതുസ്വഭാവവും കണ്ടുവരാറുണ്ടത്രെ. സൗത്ത് അമേരിക്ക, ഹവായ് പ്രദേശങ്ങളിലുള്ളവരുടെ അനുഭവങ്ങളില്‍ അഗ്‌നിപര്‍വതമുഖങ്ങളാണ് കടന്നുവരാറുള്ളത്.
തായ്‌ലന്‍ഡ്, ഇന്ത്യ പോലുള്ളവിടങ്ങളിലുള്ളവരുടെ അനുഭവങ്ങളില്‍ മനോഹരമായ ഭൂപ്രദേശങ്ങളും പ്രകാശോജ്ജ്വലമായ ടണലുമൊക്കെ കാണപ്പെടും. സാംസ്‌കാരികവും സമൂഹ്യപരവുമായ ഘടകങ്ങള്‍ മരണാനുഭവങ്ങളിലുണ്ടാകുന്നുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.
ശരീരത്തിന് പുറത്തെത്തുന്നെന്ന തോന്നല്‍
ഉയരത്തിലിരുന്ന് സ്വന്തം ശരീരം കാണുന്ന അഥവാ ശരീരമില്ലാതെ ആത്മാവ് മാത്രമാകുന്ന അവസ്ഥ മരണാനുഭവങ്ങളിലെ സ്ഥിരം കഥകളിലൊന്നാണ്. ജീവന്‍ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നതും ബന്ധുക്കളുടെ നിലവിളിയുമൊക്കെ ആ സമയത്ത് കാണുമത്രെ.
എന്നാല്‍ ന്യൂറോസയന്റിസ്റ്റുകള്‍ പറയുന്നത് ഈ തോന്നല്‍ ആര്‍ക്കും ഉണ്ടാകാമമെന്നാണ്. ഉറക്കത്തിനിടയില്‍ എണീറ്റിട്ട് കുറച്ചുനേരം ചലിക്കാനാവാതെ കിടക്കുന്ന സ്ലീപ് പരാലിസിസ് ഉണ്ടാകുന്നവര്‍ക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകാണ്ട്. കൃഷ്ണമണികള്‍ ചലിച്ചു തുടങ്ങുന്ന ‘റാപ്പിഡ് ഐ മൂവ്‌മെന്റ് എന്ന നിദ്രാവസ്ഥയിലാണ് സ്ലീപ് പരാലിസിസ് ഉണ്ടാകുന്നത്. തലച്ചോര്‍ പ്രവര്‍ത്തനാവസ്ഥയിലാകുകയും ശരീരം വിശ്രാന്തിയിലാവുകയും ചെയ്യുന്ന അവസ്ഥയാണിത്.
ഇത് മാത്രമല്ല തലച്ചോറിലെ തലാമസിലെ ടിപിജി എന്ന റൈറ്റ് ടെമ്പറോപറൈറ്റല്‍ ജങ്ക്ഷനെ ചില രാസവസ്തുക്കളാലും ഉത്തേജിപ്പിച്ച് ഈ അവസ്ഥ കൃത്രിമമായി ഗവേഷകര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
മരണപ്പെട്ടവരോട് സംസാരിക്കുക
നമ്മുടെ സംസ്‌കാരിക ചുറ്റുപാടുകളും മതവിശ്വാസങ്ങളുമൊക്കെ ഇത്തരത്തിലുള്ള കണ്ടുമുട്ടലുമായി ബന്ധപ്പെട്ടിരിക്കുന്നത്. മതവിശ്വാസി ദൈവത്തെ കണ്ടുമുട്ടുമ്പോള്‍ ഒരു യുക്തിവാദി പ്രകാശം മാത്രമാവും കാണുക. എന്നാല്‍ ഗവേഷകരുടെ അഭിപ്രായത്തില്‍ അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് ഇത്തരത്തിലുള്ള തോന്നലുകള്‍ പലപ്പോഴും ഉണ്ടാകാറുണ്ടത്രെ. ന്യൂറോട്രാന്‍സ്മിറ്ററായ ഡോപമൈന്‍ന്റെ തകരാറുകളാണ് ഹാലൂസിനേഷന്‍ അഥവാ ഇത്തരം വിഭ്രമമുണ്ടാക്കാന്‍ കാരണമാകുന്നതെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ടണല്‍ പ്രതിഭാസം
ഇരുട്ടുനിറഞ്ഞ ടണലിലൂടെ അതിവേഗം യാത്ര ചെയ്യുമ്പോള്‍ അകലെ ഒരു പ്രകാശം. തുടക്കത്തില്‍ മങ്ങി മാത്രം കണ്ട പ്രകാശം അടുക്കുംതോറും സൂര്യനെക്കാള്‍ ഉഗ്ര ശോഭയുള്ളതായി തീരുന്നു. ഇത്തരത്തില്‍ ടണലിലൂടെ പോകുന്നതുപോലുള്ള തോന്നലുണ്ടാകുന്നതിന് ശാസ്ത്രലോകം നല്‍കുന്ന മറുപടി റെററിനല്‍ ഇസ്‌കെമിയ( retinal ischemia) എന്നതാണ്. റെറ്റിനയിലേക്ക് ഓക്‌സിജനെത്തുന്നത് കുറയുന്നതിനാലാണ് ടണലിലെന്നതു പോലെ കാണാന്‍ തുടങ്ങുന്നതത്രെ.
ഏതായാലും ജീവിതത്തിലേക്ക് തിരിച്ചെത്തി അനുഭവം വിവരിച്ചവരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനവും ശ്വാസോച്ഛാസവുമെക്കെ നിലയ്ക്കുമ്പോളുള്ള ക്ലിനിക്കല്‍ ഡെത്തും തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ച ബ്രെയിന്‍ ഡെത്തും സാക്ഷ്യപ്പെടുത്തിയവരുമുണ്ട് . എന്നാല്‍ ഇത് മരണം സ്ഥിരീകരിച്ചതിലെ പിഴവാകാം അതെന്നാണ് ചില ഗവേഷകരുടെ വാദം. ഇസിജി മെഷീന്‍ പോലും ചിലപ്പോള്‍ തെറ്റായ വിവരം നല്‍കാമത്രെ.
എന്തായാലും മരണാനുഭവം ഇതേപോലെയുള്ള നിരവധി ശാരീരികമാനസികാവസ്ഥകളുടെ സംയോജനമാണെന്നതില്‍ സംശയമില്ല. മാത്രമല്ല ഇത്തരം അനുഭവങ്ങള്‍ക്ക് ചില പൊതുസവിശേഷതകളും നിലനില്‍ക്കുന്നു. ഏതായാലും മരണാസന്ന അനുഭവങ്ങളൂടെ നിഗൂഢതകള്‍ പൂര്‍ണ്ണമായും അനാവരണം ചെയ്യപ്പെടാനിരിക്കുന്നതേയുള്ളൂ.
Post Your Comments