തൊടുപുഴ: ഹൈറേഞ്ചിലെ മണ്ഡലങ്ങളില്‍ ഒഴുക്കുന്നതിനായി തമിഴ്‌നാട്ടില്‍ നിന്നും പണമെത്തിക്കുന്നത് പാചകവാതക സിലിണ്ടറുകളില്‍!!! തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് പണമൊഴുകുന്നത് തടയുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും, അനധികൃതമായി പണം എത്തിക്കുന്നുണ്ടെന്ന് സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും വാഹന പരിശോധന ര്‍ക്കശമാക്കിയതിനെത്തുടര്‍ന്നാണു അധികൃതരുടെ കണ്ണുവെട്ടിച്ച് പണം കടത്തുവാന്‍ നൂതന രീതി അവലംബിച്ചിരിക്കുന്നത്. കാലിയായ ഗ്യാസ് സിലിണ്ടറുകളുടെ അടിഭാഗം, തമിഴ്‌നാട്ടിലെ രഹസ്യകേന്ദ്രങ്ങളില്‍ വച്ച് കട്ടര്‍ കൊണ്ട് വേര്‍പെടുത്തിയ ശേഷം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കെട്ടുകളാക്കി ഉള്ളില്‍ നിറക്കും. പിന്നീട് വേര്‍പെടുത്തിയ ചുവടുഭാഗം സ്‌പോട്ട് വെല്‍ഡ് ചെയ്ത് തിരികെ ഉറപ്പിക്കുകയും ചെയ്യുന്നു. ഈ ഭാഗം തുടര്‍ന്ന് പെയ്ന്റ് ചെയ്ത് പഴയപടിയാക്കും. ഇപ്രകാരം തയ്യാറാക്കുന്ന പണസിലിണ്ടറുകള്‍ കേരള തമിഴ്‌നാട് ട്രിപ്പ് നടത്തുന്ന വാനുകളിലും ജീപ്പുകളിലും കയറ്റിയാണു പൂപ്പാറ, ഉടുമ്പഞ്ചോല, നെടുങ്കണ്ടം തുടങ്ങിയ അതിര്‍ത്തിപ്പട്ടണങ്ങളില്‍ എത്തിക്കുന്നത്. ഈ സിലിണ്ടറുകള്‍ ഉള്‍പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇരുമ്പുപണിക്കാരുടെ ആലകളില്‍ എത്തിച്ച് അടിഭാഗത്തെ വെല്‍ഡിംഗ് വെട്ടി വേര്‍പെടുത്തി പണം പുറത്തെടുക്കും. രാപ്പകല്‍ വ്യത്യാസമില്ലാതെ സിലിണ്ടറുകള്‍ കടത്തുന്നുണ്ടെങ്കിലും, ആലകളില്‍ എത്തിച്ച് തുറക്കുന്നത് രാത്രികാലങ്ങളില്‍ മാത്രമാണ്. അധികൃതര്‍ രാത്രിയും പകലും വാഹനങ്ങള്‍ അരിച്ചുപെറുക്കി പരിശോധന നടത്താറുണ്ടെങ്കിലും നിത്യോപയോഗ സാധനങ്ങള്‍ ട്രിപ്പ് വണ്ടികളില്‍ കൊണ്ടുവരുന്നത് സാധാരണമായതിനാല്‍ പാചകവാതക സിലിണ്ടറുകള്‍ക്ക് പ്രത്യേക പ്രാധാന്യം കൊടുക്കാറോ, പരിശോധിക്കാറോ ഇല്ല എന്നതാണ് സത്യം.
Post Your Comments