ദുബായ് : പ്രവാസികളുടെ പ്രിയ വിഭവമായ ഷവര്‍മ ഉണ്ടാക്കുന്നതിനും വില്‍ക്കുന്നതിനും പുതിയ വ്യവസ്ഥകള്‍ വരുന്നു. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്നു നഗരസഭ ഭക്ഷ്യ പരിശോധനാവകുപ്പ് തലവന്‍ സുല്‍ത്താന്‍ അല്‍ താഹിര്‍ അറിയിച്ചു.
എമിറേറ്റില്‍ 472 സ്ഥാപനങ്ങള്‍ക്കാണു ഷവര്‍മ വിതരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ഒട്ടേറെ ഹോട്ടലുകളിലും കഫറ്റീരിയകളിലും ഷവര്‍മ ഷോപ്പുകളുണ്ട്. ഇവയുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചുവരികയും ചെയ്യുന്നു. സ്ഥാപനങ്ങളോടു ചേര്‍ന്നുള്ള ഇടുങ്ങിയ ഇടങ്ങളില്‍ വില്പന നടത്തുമ്പോള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പലപ്പോഴും അവഗണിക്കുന്നതായാണു നിരീക്ഷണം. ഈ വിഭവത്തിനു മാത്രമായി ഒട്ടേറെപ്പേര്‍ സ്ഥാപനങ്ങളില്‍ എത്തുന്നതിനാല്‍, കൂടുതല്‍ സൗകര്യങ്ങള്‍ അനിവാര്യമാണെന്നു സുല്‍ത്താന്‍ ചൂണ്ടിക്കാട്ടി.
മികച്ച ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കാനുള്ള വ്യവസ്ഥകള്‍ നഗരസഭ എല്ലാ സ്ഥാപനങ്ങള്‍ക്കും തയാറാക്കി നല്‍കിയിട്ടുണ്ട്. ഇറച്ചി, പച്ചക്കറി എന്നിവയ്ക്കൊപ്പം മറ്റു ചേരുവകളും ചേര്‍ത്താണു ഷവര്‍മയുടെ പാചകം. ഇവ ഓരോന്നും പ്രത്യേകം സൂക്ഷിക്കണമെന്നാണു നിര്‍ദേശമെങ്കിലും ഇതിനുള്ള സൗകര്യം നിലവില്‍ മിക്ക ഷവര്‍മ ഷോപ്പുകളിലും ഇല്ലെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. പല ഷോപ്പുകളിലും ഉയര്‍ന്ന താപനിലയിലാണു ഷവര്‍മയുടെ കൂട്ടുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതു ബാക്ടീരിയകള്‍ പെരുകി ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിതെളിക്കും. ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങള്ക്കുണ്ടായിരിക്കേണ്ട വിസ്തീര്‍ണം, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാനുള്ള സംവിധാനം, വിതരണം ചെയ്യേണ്ട രീതി എന്നിവ വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണു സ്ഥാപനങ്ങള്‍ക്കു നല്‍കുക. പാചക ഉപകരണങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും മാലിന്യ നീക്കത്തിനു ശാസ്ത്രീയ സൗകര്യം വേണമെന്നും വ്യവസ്ഥയുണ്ട്. മാംസം കഴുകി വൃത്തിയാക്കുന്നതിനും ആളുകള്‍ക്കു കൈകഴുകാനും പ്രത്യേക സ്ഥലം ഒരുക്കണം. ശീതീകരിച്ച ഇറച്ചി പാകപ്പെടുത്തുന്നതിനു സാങ്കേതിക സംവിധാനവും വേണം. ഭക്ഷ്യസാധനങ്ങള്‍ക്ക് അനുയോജ്യമായ താപനിലയില്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ കഴിയണം. പത്തു മീറ്ററില്‍ കുറയാത്ത സ്ഥലസൗകര്യമാണു നഗരസഭ നിര്‍ദേശിക്കുന്നത്. പുതുതായി തുടങ്ങുന്ന ഷവര്‍മ വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുംമുന്പു നഗരസഭാ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് ആരോഗ്യ, സാങ്കേതിക സുരക്ഷ ഉറപ്പാക്കും. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഷവര്‍മ വില്പന കേന്ദ്രങ്ങള്‍ക്ക് ആറുമാസത്തെ സമയപരിധി അനുവദിച്ചതായി സുല്‍ത്താന്‍ അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് മരവിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.’>
Post Your Comments