Editorial

വര്‍ണ്ണ-വംശ വെറികളുടേയും, ഇസ്ലാമോഫോബിയയുടേയും ഈറ്റില്ലമായ അമേരിക്ക എന്തധികാരത്തിലാണ് മറ്റുള്ളവരെ ഉപദേശിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്?

കേവലം മുന്നൂറ് വര്‍ഷങ്ങളുടെ പോലും ചരിത്രം അവകാശപ്പെടാനില്ലാത്ത കുടിയേറ്റക്കാരുടെ രാഷ്ട്രമാണ് അമേരിക്ക. അമേരിക്കയിലെ യഥാര്‍ത്ഥ തദ്ദേശവാസികളായ അപാച്ചെ-ഇന്ത്യക്കാരെ അമേരിക്കന്‍ മെയിന്‍ലാന്‍റില്‍ നിന്ന് ആട്ടിപ്പുറത്താക്കിയാണ് ഇന്ന് നാം കാണുന്ന അമേരിക്കക്കാര്‍ ആ രാജ്യത്ത് ആധിപത്യമുറപ്പിച്ചത്. കറുത്തവര്‍ഗ്ഗക്കാരായ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ ഇത്രയധികം പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കും ഇരകളായ, ഇരകളായിക്കൊണ്ടിരിക്കുന്ന മറ്റൊരു രാജ്യമില്ല. സിഖ് വംശജരുടെ നേരേ ഓരോ വര്‍ഷവും ലക്ഷ്യം വച്ചുള്ള അക്രമണങ്ങള്‍ അമേരിക്കയില്‍ ഏറിവരികയാണ്.

വിസ്കോന്‍സിന്‍ സംസ്ഥാനത്തെ ഒരു സിഖ് ഗുരുദ്വാരയില്‍ വര്‍ണ്ണവെറിയനായ ഒരു വെള്ളക്കാരന്‍ 6 സിഖുകാരെ വെടിവച്ചു വീഴ്ത്തിയിട്ട് അധികകാലമായിട്ടില്ല. കറുത്ത തൊലിയുള്ളവന്‍ ചെറിയ ഒരു പ്രകോപനം ഉണ്ടാക്കിയാല്‍ പോലും അവനെ വെടിവച്ചു വീഴ്ത്തും അമേരിക്കന്‍ പോലീസ്, ഇത്തരം സംഭവങ്ങള്‍ക്ക് കയ്യും കണക്കുമില്ല. കാലിഫോര്‍ണിയ സംസ്ഥാനത്തെ ഓക്ലാന്‍റിലുള്ള ഫ്രൂട്ട്വെയ്ല്‍ സ്റ്റേഷനില്‍ 2009-ന്‍റെ പുതുവര്‍ഷരാവില്‍ കറുത്തവര്‍ഗ്ഗക്കാരനായ ഓസ്കാര്‍ ഗ്രാന്‍റിനെ വെടിവച്ച് വീഴ്ത്തിയതടക്കമുള്ള ഇത്തരം സംഭവങ്ങളുടെ സംഖ്യ എണ്ണിയാലൊടുങ്ങാത്തതാണ്. 2016-ല്‍ മാത്രം ഇതുവരെ പോലീസിന്‍റെ കയ്യാല്‍ കൊലചെയ്യപ്പെട്ടിരിക്കുന്ന അമേരിക്കക്കാരുടെ എണ്ണം 400-നടുത്ത് വരും.

ഇസ്ലാമോഫോബിയയുടെ കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനം അമേരിക്കയ്ക്കാണ്. ഇസ്ലാമിക രാജ്യങ്ങളിലെ എണ്ണസമ്പത്തില്‍ കണ്ണുനട്ടുള്ള അമേരിക്കന്‍ കളി അവര്‍ക്ക് സമ്മാനിച്ചത് 9/11 വേള്‍ഡ് ട്രേഡ് സെന്‍റര്‍ ദുരന്തമാണ്. അതിനുശേഷം ലോകത്തുള്ള മുസ്ലീംങ്ങള്‍ മുഴുവന്‍ അമേരിക്കയ്ക്ക് തീവ്രവാദികളും അമേരിക്കന്‍ പൌരന്മാരുടെ ജീവന്‍ എടുക്കാന്‍ നടക്കുന്നവരുമാണ്. അമേരിക്കയുടെ അടുത്ത പ്രസിഡന്‍റാവാന്‍ കച്ചകെട്ടി നടക്കുന്ന ഡൊണാള്‍ഡ് ട്രംപ് എന്ന ഭ്രാന്തന്‍കോടീശ്വരന്‍ വാതുറക്കുന്നത് തന്നെ മുസ്ലീംങ്ങളെ ചീത്ത പറയാനാണ്.

സമാധാനസംരക്ഷകര്‍ എന്ന പേരില്‍ മദ്ധ്യേഷ്യയിലും അഫ്ഗാനിസ്ഥാനിലും സൈനികസേവനത്തിനെത്തിയ അമേരിക്കന്‍ സൈനികര്‍ തദ്ദേശീയരായ ആളുകളോട് കാട്ടിക്കൂട്ടിയ നെറികേടുകള്‍ ലോകം ഞെട്ടലോടെ മാത്രമാണ് ഇപ്പോളും ഓര്‍ക്കുന്നത്. 2012-ല്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിനടുത്തുള്ള വാര്‍ഡക് പ്രവിശ്യയിലെ നെര്‍ഖ് എന്ന ഗ്രാമത്തില്‍ പോസ്റ്റിംഗ് കിട്ടി വന്ന യു.എസ്.ആര്‍മി ഗ്രീന്‍ ബെറെറ്റ്സ് യൂണിറ്റിലെ സൈനികര്‍ ഗ്രാമവാസികളോട് ചെയ്ത ക്രൂരതകള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇറാഖ്, ക്യൂബയിലെ അമേരിക്കയുടെ സൈനികത്തവളം ഗ്വാണ്ടനാമോ എന്നിവിടങ്ങളിലെ സ്ഥിതിയും വിഭിന്നമായിരുന്നില്ല. ഈ മനുഷ്യത്വരഹിതമായ യുദ്ധകുറ്റകൃത്യങ്ങളെപ്പറ്റി യുഎന്‍ പോലുള്ള അന്താരാഷ്ട്ര വേദികളില്‍ അമേരിക്കയോട് ലോകരാജ്യങ്ങള്‍ വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങളുടെ ലോകപോലീസ് പദവി ഉപയോഗിച്ച് അവയൊക്കെ അടിച്ചമര്‍ത്തുകയായിരുന്നു കാലാകാലങ്ങളായുള്ള അമേരിക്കന്‍ ഭരണകൂടങ്ങള്‍ ചെയ്തത്. ഈ ശീലത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവായ ഒബാമയുടെ നേതൃത്വത്തിലുള്ള ഭരണകൂടവും മാറ്റങ്ങളൊന്നും വരുത്തിയില്ല.

പരാമര്‍ശവിധേയമാകേണ്ട മറ്റൊരു വിഷയം ലോകമെങ്ങും മിഷിനറി പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കയില്‍ നിന്ന്‍ ഒഴുകുന്ന പണം സംബന്ധിച്ചതാണ്. പ്രധാനമായും ടാക്സ് വെട്ടിപ്പിനായി ഒഴുക്കുന്ന ഇത്തരം പണം കൊണ്ട് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നടത്തുന്ന മിഷിനറി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിച്ചത്ര ഫലങ്ങള്‍ കിട്ടാത്തതും ഇപ്പോള്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തേയും സഹിഷ്ണുതയേയും ഇകഴ്ത്തിക്കാട്ടി ഒരു റിപ്പോര്‍ട്ട് പടച്ചുണ്ടാക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (USCIRF) എന്ന ഗവണ്‍മെന്‍റ് സ്ഥാപനത്തിന് പ്രേരണയായിക്കാണണം.

റിപ്പോര്‍ട്ട് USCIRF പുറത്തുവിട്ടയുടന്‍ ഇന്ത്യയെ ശരിയായി മനസ്സിലാക്കാതെ തയാറാക്കിയ ഒന്നാണിതെന്ന രീതിയില്‍ അതിനെ അപലപിച്ചതും, ഇത്തരം കാര്യങ്ങളില്‍ ആദ്യം ‘സ്വന്തം കണ്ണിലെ തടി ഊരിയിട്ട് മറ്റുള്ളവരുടെ കണ്ണിലെ പൊടി കളയാന്‍’ വന്നല്‍മതി എന്ന മട്ടില്‍ ഇന്ത്യ പ്രതികരിച്ചതും അമേരിക്കയുടെ മുഖമടച്ചുള്ള അടിയാണ്. പക്ഷേ ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടത് തന്നെയാണ് അവര്‍ ആദ്യം ചെയ്യേണ്ടത്. ആദ്യമായി സ്വന്തം പൌരന്മാര്‍ക്ക് സ്വൈര്യമായി ജീവിക്കാനും, തോക്ക് കൈവശം വയ്ക്കാതെ വീടിനു വെളിയില്‍ ഇറങ്ങി നടക്കാനും ഉള്ള അന്തരീക്ഷം അമേരിക്ക ഉണ്ടാക്കട്ടെ, എതിരേ വരുന്നവന്‍റെ തൊലിയുടെ നിറം നോക്കി നടപിയെടുക്കുന്ന ശീലം മാറ്റാന്‍ ആദ്യം സ്വന്തം പോലീസ് സേനയെ അവര്‍ പഠിപ്പിക്കട്ടെ, സിഖ് മതവിശ്വാസികള്‍ക്കും മുസ്ലീംങ്ങള്‍ക്കും ഭയരഹിതമായി തങ്ങളുടെ മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ആദ്യം അവര്‍ ഉണ്ടാക്കിക്കൊടുക്കട്ടെ, ഒരു ഭരണകൂടം നിലവിലുണ്ടായിരുന്ന ലിബിയ പോലുള്ള രാജ്യങ്ങളുടെ എണ്ണസമ്പത്ത് കൊള്ളയടിക്കാനായി അനാവശ്യ ഇടപെടലുകള്‍ നടത്തി പൂര്‍ണ്ണ അരാജകത്വത്തിലേക്ക് ഈ രാജ്യങ്ങളെ തള്ളിവിടുന്ന സ്വന്തം ശീലം ആദ്യം അമേരിക്ക നിര്‍ത്തട്ടെ, വിയറ്റ്നാം യുദ്ധം മുതല്‍ അമേരിക്കന്‍ സൈന്യം കാട്ടിക്കൂട്ടിയ യുദ്ധകുറ്റകൃത്യങ്ങള്‍ക്കും നെറികേടുകള്‍ക്കും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുകയും, ഇരകളായ രാജ്യങ്ങളോട് മാപ്പപേക്ഷ നടത്തുകയും ചെയ്യട്ടെ….എന്നിട്ട് മതി ലോകപോലീസ് കളി….

shortlink

Related Articles

Post Your Comments

Related Articles


Back to top button