തിരുവനന്തപുരം: വ്യാജ രേഖകളും സര്‍ട്ടിഫിക്കറ്റുകളും വ്യാജസന്ദേശങ്ങളും അയച്ച് ഇന്ത്യയില്‍നിന്നു കോടികള്‍ തട്ടിക്കുന്ന ആഫ്രിക്കന്‍ സംഘത്തെ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സംഘം ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍നിന്ന് അറസ്റ്റ് ചെയ്തു. സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം കേസിന്റെ അന്വേഷണമാണ് ഈ വന്‍ തട്ടിപ്പുസംഘത്തിന്റെ അറസ്റ്റിലെത്തിച്ചത്.
തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയുടെ 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ടാണ് ഈ സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും കോടികള്‍ ഈ സംഘം തട്ടിച്ചെടുത്തതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് ഈ സംഘത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ആനന്ദകൃഷ്ണന്റെ നിര്‍ദേശ പ്രകാരം രൂപീകരിച്ച അന്വേഷണ സംഘമാണ് ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇവരുടെ സങ്കേതമായ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ എത്തിച്ചേര്‍ന്നത്.
മൊബൈല്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ സഹായത്തോടെയാണ് ഇവര്‍ താമസിച്ചിരുന്ന ഗ്രേറ്റര്‍ നോയിഡയിലെ സിഗ്മാ സെക്ടറിലെത്തി പോലീസ് സംഘം കുടുക്കിയത്. പോലീസിനുനേര്‍ക്ക് ആദ്യഘട്ടത്തില്‍ ഇവര്‍ ആക്രമണത്തിന് മുതിര്‍ന്നെങ്കിലും സായുധരായ പോലീസ് സംഘം ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ഇവര്‍ താമസിച്ചിരുന്ന ആഢംബര വീട്ടില്‍ പരിശോധന നടത്തിയ പോലീസ് സംഘം ഇവരില്‍ നിന്നും നാല് ലാപ്‌ടോപ്പുകളും 30 മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കാന്‍ ഉപയോഗിക്കുന്ന 11 ഡോംഗിളുകളും 135 സിം കാര്‍ഡുകളും കണ്ടെടുത്തു. കൂടാതെ, വ്യാജസര്‍ട്ടിഫിക്കറ്റുകളും സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റും സര്‍ട്ടിഫിക്കറ്റുകളും ലാപ്‌ടോപ്പുകളില്‍ സൂക്ഷിച്ച, തട്ടിപ്പിന് ഉപയോഗിക്കുന്ന സന്ദേശങ്ങളും കൃത്രിമമായി ഉണ്ടാക്കിയ വിവിധ ഏജന്‍സികളുടെ രേഖകളും കണ്ടെടുത്തിട്ടുണ്ട്. വ്യാജരേഖകള്‍ ചമച്ചും ഗ്രാമങ്ങളില്‍ താമസിക്കുന്ന നിരപരാധികളായ ആള്‍ക്കാരുടെ പേരിലുമാണ് ഇവര്‍ ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചത്.
കേസിലെ മുഖ്യപ്രതിയായ ചാള്‍സ് ചുക്കുവടി (39) കഴിഞ്ഞ ഏഴു വര്‍ഷമായി മതിയായ രേഖകളൊന്നുമില്ലാതെ ഡല്‍ഹിയിലും മറ്റും മാറി മാറി കഴിയുകയായിരുന്നു. രണ്ടാം പ്രതി വിക്ടര്‍ ഒസുന്‍ഡു (41), മൂന്നാം പ്രതി ഒബിയാജുല (46) എന്നിവര്‍ നാലു വര്‍ഷമായി ഇന്ത്യയിലുണ്ടെന്നാണ് ലഭ്യമായ വിവരം. ഇവരുടെ കൈവശമുണ്ടായിരുന്ന പാസ്‌പോര്‍ട്ടും വിസയും മറ്റും പരിശോധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്.
സൈബര്‍ പോലീസ് സേ്റ്റഷനിലെ ഇന്‍സ്‌പെക്ടര്‍ ഒ.എ. സുനില്‍, സബ് ഇന്‍സ്‌പെക്ടര്‍ സജികുമാര്‍. ബി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍ കുമാര്‍. എന്‍, ബിജുലാല്‍. കെ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Post Your Comments