മക്ക: മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ നിര്‍മ്മാണക്കമ്പനികളില്‍ ഒന്നായ സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പിലെ നിരവധി ബസുകള്‍ തൊഴിലാളികള്‍ അഗ്നിക്കിരയാക്കി.
ശനിയാഴ്ച മക്കയിലാണ് സംഭവം. തുടര്‍ന്ന് മക്ക സിവില്‍ ഡിഫന്‍സ് എത്തിയാണ് തീയണച്ചതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ നായിഫ് അല്‍ ശരീഫ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും ആളപായമില്ല.
കമ്പനി 50,000 ത്തോളം വിദേശ തൊഴിലാളികളെ പിരിച്ചുവിട്ട് എക്സിറ്റ് വിസ നല്‍കിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ആറ് മാസത്തോളം ശമ്പളം ലഭിക്കാതെ വന്ന തൊഴിലാളികളില്‍ ചിലരാണ് അക്രമാസക്തരായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.
പിരിച്ചുവിടപ്പെട്ട തൊഴിലാളികളും ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചെങ്കില്‍ മാത്രമേ സ്വദേശങ്ങളിലേക്ക് മടങ്ങൂ എന്നുളള ഉറച്ച തീരുമാനത്തിലാണ്. ശമ്പളം ഉടന്‍ തങ്ങള്‍ക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അല്‍ സലാമ ഡിസ്ട്രിക്ടില്‍ കമ്പനി ഓഫീസിനു മുമ്പില്‍ തടിച്ചുകൂടിയ തൊഴിലാളികളില്‍ ചിലര്‍ കഴിഞ്ഞ ദിവസം നിര്‍ത്തിയിട്ടിരുന്ന കമ്പനി ബസിന്റെ ചില്ലും വാതിലുകളും അടിച്ചു തകര്‍ത്തിരുന്നു.
വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി മുഴുവന്‍ തൊഴിലാളികളുടെ ശമ്പള കുടിശികയും ആനുകൂല്യങ്ങളും തീര്‍ത്ത് നല്‍കുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കുകയില്ല എന്നാണ് റിപ്പോര്‍ട്ട് . 111 പേര്‍ മരിക്കാനിടയായ മക്കയിലെ ക്രെയിന്‍ അപകടമാണ് കമ്പനിയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചത്. തുടര്‍ന്ന് കരാറുകളില്‍ നിന്ന് ബിന്‍ ലാദിന്‍ കമ്പനി വിലക്കപ്പെട്ടു. സൗദിയില്‍ കമ്പനി ഏറ്റെടുത്ത എല്ലാ കരാറുകളും മുടങ്ങി. ഈ സാഹചര്യത്തില്‍ എങ്ങനെ തങ്ങള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നുളള ആശങ്കയിലാണ് തൊഴിലാളികള്‍.
ലോകത്തിലെ തന്നെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് 1931 ല്‍ സ്ഥാപിതമായ ജിദ്ദ ആസ്ഥാനമായ സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പ്. സൗദിയിലെ റോഡുകള്‍, ടണലുകള്‍, വിമാനത്താവളങ്ങള്‍, സര്‍വകലാശാലകള്‍, ഹോട്ടലുകള്‍ എന്നിവയുള്‍പ്പടെ സൗദി അറേബ്യയിലെ പ്രധാന പദ്ധതികളുടെയല്ലാം പിന്നില്‍ ബിന്‍ ലാദിന്‍ ഗ്രൂപ്പായിരുന്നു. പുണ്യനഗരമായ മക്കയില്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഭീമന്‍ ക്ലോക്ക് ടവറും, ആഡംബര ഹോട്ടലുകളും ഉള്‍പ്പടെ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഗ്രാന്‍ഡ് മോസ്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരവേ ക്രെയിന്‍ തകര്‍ന്നുവീണ് 111 തീര്‍ഥാടകര്‍ മരിച്ചതോടെയാണ് കമ്പനിയുടെ ശനിദശയും തുടങ്ങിയത്.
Post Your Comments