കാസര്‍ഗോഡ്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാരമ്പര്യേതര ഊര്‍ജത്തിന് മുന്‍ഗണന നല്‍കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് കാസര്‍ഗോഡ് ആദായ നികുതി വകുപ്പ് കാര്യാലയം. ആവശ്യമായ വൈദ്യുതി സൗരോര്‍ജ പ്ലാന്റിലൂടെ ഉല്പാദിപ്പിച്ച് സ്വയം പര്യാപ്തമായാണ് സ്ഥാപനം രാജ്യത്തിന് തന്നെ മാതൃകയായിരിക്കുന്നത്.
സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ആദായനികുതി വകുപ്പ് കാര്യാലയം എന്ന പദവിയാണ് ഇതിലൂടെ കാസര്‍ഗോഡ് വിദ്യാനഗറിലെ ഓഫീസ് സ്വന്തമാക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയുടെ രൂപരേഖ ജീവനക്കാര്‍ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചത്. തുടര്‍ന്ന് ഒരു മാസത്തിനകം തന്നെ കാര്യാലയത്തിന്റെ മേല്‍ക്കൂരയില്‍, കേന്ദ്ര പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള മൂപ്പന്‍സ് എനര്‍ജി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പ്ലാന്റ് നിര്‍മ്മിച്ച് നല്കി. പ്രതിദിനം 57 യൂണിറ്റ് വൈദ്യുതി ഇവിടെ ഉല്പാദിപ്പിക്കാനാകും.
എന്നാല്‍ 40 മുതല്‍ 45 യൂണിറ്റ് വൈദ്യുതിയാണ് ഓഫീസ് ഉപയോഗത്തിന് ആവശ്യമുള്ളത്. ബാക്കി കെഎസ്ഇബിക്ക് കൈമാറാനാണ് ഇന്‍കംടാക്സ് അധികൃതരുടെ തീരുമാനം. വകുപ്പിന്റെ കണ്ണൂര്‍, കോഴിക്കോട് കാര്യാലയങ്ങളിലും പദ്ധതി ഉടന്‍ നടപ്പാക്കും. വൈദ്യുതി ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലട്ടത്തില്‍ മറ്റ് കേന്ദ്രസംസ്ഥാന സ്ഥാപനങ്ങള്‍ക്കും ഈ ഉത്തമ മാതൃക പിന്തുടരാവുന്നതാണ്.
Post Your Comments