തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുകളെ ദൈവമായി കണ്ട് പ്രകൃതിയെ ആരാധിക്കുന്നവരാണ് രാജസ്ഥാനിലെ ബിഷ്‌ണോയി വിഭാഗക്കാര്‍. പ്രകൃതിയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന സ്വഭാവക്കാരാണ് ഇവര്‍. ഈ വിഭാഗത്തിലെ അമ്മമാര്‍ മാനുകളെ കണക്കാക്കുന്നത് സ്വന്തം മക്കളെ പോലെയാണ്. സ്വന്തം മക്കളെ പോലെയെന്നു പറയുക മാത്രമല്ല മാനുകളെ വളര്‍ത്തുന്നതും ഭക്ഷണം കൊടുക്കുന്നതും സ്വന്തം മക്കളോടൊപ്പമാണ്. മക്കളോടൊപ്പം തന്നെ ഇവയെയും ഇവിടുത്തെ അമ്മമാര്‍ മുലയൂട്ടി വളര്‍ത്തുകയാണ്. കുട്ടിക്കാലത്തു തന്നെ ഇവരോട് ഇടപഴകി വളരുന്നതുകൊണ്ടാവാം ഈ മാനുകളും മൃഗങ്ങളും പറയുന്ന ഭാഷകള്‍ വരെ തങ്ങള്‍ക്കു മനസ്സിലാകുമെന്ന് ബിഷ്‌ണോയി വിഭാഗക്കാര്‍ പറയുന്നു. സ്‌നേഹവും കരുതലും കൊണ്ടാണ് ഈ രീതി ഉണ്ടാക്കിയെടുത്തതെന്നും ഇവിടുത്തുകാര്‍ വ്യക്തമാക്കുന്നു.
ഇവിടത്തെ കുഞ്ഞുങ്ങളും ഇവര്‍ കൂടെപ്പിറപ്പുകളായി കരുതുന്ന മാനുകളോടൊപ്പവും മറ്റ് മൃഗങ്ങളോടൊപ്പവുമാണ് കഴിയുന്നത്. അതുകൊണ്ട് തന്നെ മൃഗങ്ങളോടുള്ള പേടി ഇവര്‍ക്ക് തെല്ലും ഇല്ലെന്നു തന്നെ പറയാം.രാജസ്ഥാനില്‍ മാത്രം 2000 ബിഷ്‌ണോയി കുടുംബങ്ങളാണ് ഉള്ളത്. 15ആം നൂറ്റാണ്ടില്‍ ജീവിച്ചുവെന്നു കരുതുന്ന ഇവരുടെ ആചാര്യന്‍ ജംബേശ്വര്‍ ഭഗവാന്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള 20 നിയമങ്ങള്‍ അനുസരിച്ചാണ് ഇവര്‍ ജീവിക്കുന്നത്. ഈ തത്ത്വങ്ങളില്‍ പ്രധാനമായ പ്രകൃതി ആരാധനയും ജന്തു ആരാധനയും ഇന്നും ഇവര്‍ തുടരുന്നു. ഈ തത്ത്വങ്ങള്‍ പ്രകാരം മാനിനെ വിശുദ്ധ മൃഗമായി കണ്ടുകൊണ്ടുള്ള സ്‌നേഹവും സംരക്ഷണവുമാണ് ബിഷ്‌ണോയി അമ്മമാര്‍ ഇവര്‍ക്കു നല്‍കുന്നത്.
Post Your Comments