അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ജനനത്തീയതിയിലും ആശയക്കുഴപ്പമുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. വിസ്നഗറിലെ മോദി പഠിച്ച എം.എൻ. കോളജിലെ റജിസ്റ്ററിൽ അദ്ദേഹത്തിന്റെ ജനനത്തീയതി ഓഗസ്റ്റ് 29, 1949 എന്നും ഇന്റർനെറ്റിൽ വിക്കിപ്പീഡിയ പോലുള്ള വെബ്സൈറ്റുകളിൽ അദ്ദേഹത്തിന്റെ ജനനത്തീയതി സെപ്റ്റംബർ 17, 1950 ആണെന്നും പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പു സത്യവാങ്ങ്മൂലത്തിൽ വയസ്സ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മോദിയുടെ വ്യത്യസ്ത തരത്തിലുള്ള ജനനത്തീയതികൾ എന്തുകൊണ്ടാണെന്നു ഞങ്ങൾക്ക് അറിയണം എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശക്തിസിൻഹ് ഗോഹിൽ പറഞ്ഞു. മോദിയുടെ 56 ഇഞ്ച് നെഞ്ചളവിനെക്കുറിച്ചറിയാൻ രാജ്യത്തിലെ ജനങ്ങൾക്ക് താൽപര്യമില്ല. എന്നാൽ അദ്ദേഹത്തിന്റ ജനന തീയതി അറിയാൻ താല്പര്യമുണ്ട്. എവിടെനിന്നാണ് അദ്ദേഹം ബിരുദം നേടിയത്? അങ്ങനെയെങ്കിൽ കൂടെ പഠിച്ച 10 സഹപാഠികളുടെ പേരുകൾ അദ്ദേഹത്തിനു പറയാൻ സാധിക്കുമോയെന്നും ഗോഹിൽ വെല്ലുവിളിച്ചു.
Post Your Comments