ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് നിയമം ഇന്ന് നിലവില്‍ വരും. പാര്‍പ്പിടങ്ങള്‍ വാങ്ങുന്നവരെ സംരക്ഷിക്കാന്‍ രൂപം കൊടുത്ത നിയമത്തിലെ 69 വകുപ്പുകള്‍ കേന്ദ്രഗവണ്മെന്റ് വിജ്ഞാപനം ചെയ്തതോടെയാണിത്. റിയല്‍ എസ്റ്റേറ്റ് നിയമത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങി എട്ടുവര്‍ഷം പിന്നിടുമ്പോഴാണ് നിയമം നടപ്പാക്കാനുള്ള നടപടിയുടെ തുടക്കം. ഇനി നിയമനടത്തിപ്പിനുള്ള ചട്ടങ്ങള്‍, തയ്യാറാക്കല്‍, സംസ്ഥാനതല റെഗുലേറ്ററി അഥോറിറ്റി നിയമനം, അപ്പലേറ്റ് ട്രൈബ്യൂണല്‍ നിയമനം എന്നിവ നടക്കണം. 2 മാസത്തിനുള്ളില്‍ ചട്ടങ്ങള്‍ തയാറാക്കണമെന്നാണു വ്യവസ്ഥ. അഥോറിറ്റികളും ട്രൈബ്യൂണലുകളും ഒരു വര്‍ഷത്തിനകം നിലവില്‍ വരണം.
റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമവ്യവസ്ഥ. അഥോറിറ്റി നിലവില്‍ വരുന്നതുവരേക്ക് സംസ്ഥാന ഭവനവകുപ്പ് സെക്രട്ടറിയെ താല്‍ക്കാലിക റഗുലേറ്ററി അതോറിറ്റിയായി നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരവും നല്‍കിയിട്ടുണ്ട്.
അഥോറിറ്റിയുടെ ഉത്തരവുകള്‍ക്കെതിരെ പരാതികളില്‍ 60 ദിവസത്തിനകം ട്രൈബ്യൂണലുകള്‍ തീര്‍പ്പുകല്‍പ്പിക്കും. റിയല്‍ എസ്റ്റേറ്റ് നിയമത്തിലെ 92 വകുപ്പുകളില്‍ 69 എണ്ണമാണ് കേന്ദ്ര നഗരവികസന മന്ത്രാലയം കഴിഞ്ഞ ബുധനാഴ്ച വിജ്ഞാപനം ചെയ്തത്.
മാര്‍ച്ചിലാണ് രാജ്യസഭയും ലോക്സഭയും ബില്‍ പാസാക്കിയത്. മാര്‍ച്ച് 25ന് രാഷ്ട്രപതി ഒപ്പുവച്ച് നിയമമാക്കി.
Post Your Comments