NewsIndia

സുരേഷ് പ്രഭു ഇന്ത്യ കണ്ട ഏറ്റവും മികച്ച റെയില്‍വേ മന്ത്രിയോ?

1996 മുതല്‍ 2009 വരെ തുടര്‍ച്ചയായി ശിവസേന ജയിച്ചിരുന്ന രാജാപ്പൂര്‍ ലോക്സഭാ മണ്ഡലം ഇപ്പോള്‍ നിലവിലില്ല. ശിവസേനയ്ക്ക് വേണ്ടി സുരേഷ് പ്രഭുവായിരുന്നു ഈ കാലയളവില്‍ ഈ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് ലോക്സഭയില്‍ എത്തിയിരുന്നത്. പക്ഷേ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ശുക്രനുദിച്ച സമയത്തായിരുന്നു സുരേഷ് പ്രഭു ശിവസേനയെ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഹരിയാനയില്‍ നിന്നുള്ള രാജ്യസഭാംഗമായി പ്രഭുവിനെ പാര്‍ലമെന്‍റില്‍ എത്തിച്ച നരേന്ദ്രമോദി ഗവണ്‍മെന്‍റ് അധികം താമസിക്കാതെ തന്നെ അദ്ദേഹത്തിന്‍റെ കയ്യില്‍ തന്ത്രപ്രധാന വകുപ്പുകളിലൊന്നായ റെയില്‍വേയുടെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചു കൊടുത്തു. അന്ന്മുതല്‍ നാളിതുവരെ സുരേഷ് പ്രഭുവിന്‍റെ കീഴിലുള്ള ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനം കാണുമ്പോള്‍ സ്വാഭാവികമായും ചോദിക്കാവുന്ന ചോദ്യമാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച റെയില്‍വേ മന്ത്രിയാണോ സുരേഷ് പ്രഭു?

നാളിതുവരെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഇന്ത്യയുടെ വടക്കു-കിഴക്കന്‍ മേഖലയെ മുഖ്യധാരാ റെയില്‍ ലിങ്കുമായി കൂട്ടിയോജിപ്പിച്ച സില്‍ചാര്‍-ന്യൂഡല്‍ഹി പ്രതിവാര ട്രെയിനായ പൂര്‍വ്വോത്തര്‍ സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് വന്നത് മാത്രം മതി സുരേഷ് പ്രഭുവിന്‍റെ ഭരണമികവിന്‍റെ അളവുകോലാകാന്‍. സ്വാതന്ത്ര്യലബ്ദിക്ക് 69-വര്‍ഷങ്ങള്‍ക്കുശേഷമാണ് ദക്ഷിണആസാമില്‍ നിന്ന്‍ ന്യൂഡല്‍ഹിക്ക് നേരിട്ട് ഒരു ട്രെയിന്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെട്ടത്.

ഇപ്പോളിതാ നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ സര്‍ട്ടിഫിക്കേഷന്‍റെ അനുമതി ലഭിച്ച പേരുകേട്ട സ്വതന്ത്ര തേര്‍ഡ്-പാര്‍ട്ടി ഓഡിറ്റിംഗ് കമ്പനികളെക്കൊണ്ട് ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. ട്രെയിനുകളില്‍ ഗുനനിലവാരമുള്ളതും, ആരോഗ്യദായകവുമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ്‌ ഈ നീക്കത്തിനു പിന്നില്‍.

നിശ്ചിത ഇടവേളകളില്‍ ഇത്തരം ഓഡിറ്റിംഗുകള്‍ നടത്തി സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ നിര്‍ത്താനാണ് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സുരേഷ് പ്രഭു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഇതുസംബന്ധിച്ച് തയാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 16 റെയില്‍വേ സോണുകളെ വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.

യാത്രക്കാരുടെ തൃപ്തിനിലവാരവും സ്ഥിരമായി രേഖപ്പെടുത്തിക്കൊണ്ടിരിക്കും. നേരിട്ടുള്ള അഭിപ്രായ ശേഖരണമടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ ഇതിനായി സ്വീകരിക്കും. ഇ-കാറ്ററിംഗ് വ്യാപകമാക്കി ലഭ്യമായ ഭക്ഷണസാധനങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക എന്നതും ഗുണനിലവാരം ഉയര്‍ത്താന്‍ റെയില്‍വേ സ്വീകരിക്കാന്‍ ഒരുങ്ങുന്ന മാര്‍ഗ്ഗമാണ്.

എറണാകുളം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട റെയില്‍വേ സ്റ്റെഷനുകളില്‍ വൈ-ഫൈ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ട്രെയിനായ “ഗതിമാന്‍ എക്സ്പ്രസ്സും”, നെക്സ്റ്റ്-ജെനറേഷന്‍ രൂപകല്‍പ്പനാ വൈദഗ്ദ്ധ്യത്തോടു കൂടിയ കോച്ചുകള്‍ മാത്രമുള്ള “മഹാമന എക്സ്പ്രസ്സും” സുരേഷ് പ്രഭുവിന്‍റെ കിരീടത്തിലെ പൊന്‍തൂവലുകലാണ്. ഇതിനെല്ലാം പുറമെയാണ് ട്രെയിനില്‍ വച്ച് യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ഏതുബുദ്ധിമുട്ടും തത്സമയം പരിഹരിക്കാന്‍ പ്രഭു കാട്ടുന്ന സന്നദ്ധതയും. തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ റെയില്‍വേ മന്ത്രിയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിന്‍റെ പേരില്‍ ട്വീറ്റ് ചെയ്യുകയേ വേണ്ടൂ, പരിഹാരം ഉടനടി. സ്റ്റേഷനുകളുടെ ആധുനീകരണം, കുറ്റമറ്റ ശുചിത്വ സംവിധാനം എന്നിവയിലും റെയില്‍വേ വിപ്ലവകരമായ മാറ്റങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്.

ഇങ്ങനെ എടുത്തുപറയാവുന്ന അസംഖ്യം നല്ലനടപടികളുമായി മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ഗരിമയോടെ ഇന്ത്യന്‍ റെയില്‍വേ മുന്നോട്ടു പോകുമ്പോള്‍ സുരേഷ് പ്രഭുവിനെ ഇന്ത്യ കണ്ട ഏറ്റവും മികച്ച റെയില്‍വേ മന്ത്രിയായി കാണുന്നതില്‍ അതിശയോക്തി പറയാനാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button