ലോകകായിക ചരിത്രത്തില്‍ പല “ഡേവിഡ്-ഗോലിയാത്ത്” ഏറ്റുമുട്ടലുകളും നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ 2015-16 സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (ഇപിഎല്‍) കണ്ടതുപോലുള്ള ഒന്ന് ആരും കണ്ടിരിക്കാന്‍ സാധ്യതയില്ല. ഒരു പറ്റം ഗോലിയാത്തുമാരെ വീഴ്ത്തി അവിടെയതാ ഒരു ഡേവിഡ് – ലെസ്റ്റര്‍സിറ്റി എന്ന കുഞ്ഞന്‍ ക്ലബ് – ലോകത്തേറ്റവും അധികം ആളുകള്‍ പിന്തുടരുന്ന ലീഗ് ടൂര്‍ണമെന്‍റായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്താനുള അവസാന കടമ്പ വരെ എത്തിനിക്കുന്നു. ആ അവസാന കടമ്പയായ – ഗോലിയാത്തുമാരിലും വച്ചേറ്റവും വലിയ ഗോലിയാത്തായ – മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഇന്ന്‍ അവരുടെ തട്ടകമായ “തീയേറ്റര്‍ ഓഫ് ഡ്രീംസ് (സ്വപ്നങ്ങളുടെ രംഗശാല)” എന്ന് വിളിപ്പേരുള്ള ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയത്തില്‍ വച്ച് വീഴ്ത്തിയാല്‍ ലെസ്റ്റര്‍ ചാമ്പ്യന്‍ പട്ടമണിയും, രണ്ടു കളികള്‍ക്കൂടി ബാക്കിനില്‍ക്കേ.
ഇപിഎല്‍-ലെ “ബിഗ് ഫോര്‍” ടീമുകളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ആഴ്സണല്‍, ചെല്‍സി, മാഞ്ചെസ്റ്റര്‍ സിറ്റി എന്നിവരല്ലാതെ 1992-ലെ പ്രീമിയര്‍ ലീഗ് രൂപീകരണത്തിനു ശേഷം ഒരു ടീം ചാമ്പ്യന്മാരായത് ഒരിക്കല്‍ മാത്രമാണ്. 1994-95 സീസണില്‍ ബ്ലാക്ക്ബണ്‍ റോവേഴ്സാണ് ഈ നേട്ടം കൈവരിച്ചത്. ആ സീസണില്‍ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ട ടീമാണ് ലെസ്റ്റര്‍സിറ്റി. പിന്നീട് പ്രീമിയര്‍ ലീഗില്‍ വന്നുംപോയും ഇരുന്ന ലെസ്റ്റര്‍ കഴിഞ്ഞ സീസണില്‍ തരംതാഴ്ത്തല്‍ ഭീഷണിയിലും ആയിരുന്നു. ഒടുവില്‍ കഴിഞ്ഞ സീസണിലെ അവസാന 9 മത്സരങ്ങളില്‍ 7 ഉം വിജയിച്ച് 14-ആം സ്ഥാനത്തെത്തി കഷ്ടിച്ച് കരകയറിയ ടീമാണ് ഈ സീസണില്‍ അതികായന്മാരെ മറികടന്ന്‍ കപ്പുയര്‍ത്താന്‍ പോകുന്നത്.
ക്ലോഡിയോ റാനിയേരി എന്ന ഇരുത്തംവന്ന ഇറ്റാലിയന്‍ പരിശീലകനും കഠിനാധ്വാനം നടത്താന്‍ തയാറായ 18-യോദ്ധാക്കളായ കളിക്കരുമാണ് ലെസ്റ്ററിന്‍റെ നേട്ടങ്ങളുടെ ആണിക്കല്ല്. 4-4-2 ശൈലിയില്‍ ആക്രമണവും പ്രതിരോധവും നന്നായി സമന്വയിപ്പിച്ച് കളിക്കുന്ന രീതിയാണ് ലെസ്റ്റര്‍ പിന്തുടരുന്നത്. ഇന്നത്തെ നിര്‍ണ്ണായക മത്സരത്തില്‍ ലെസ്റ്ററിന്‍റെ എതിരാളികളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ടീമിന്‍റെ മൊത്തം ചിലവ് 328.5 മില്ല്യന്‍ പൗണ്ടാണ്. ലെസ്റ്ററിന്‍റെ ടീമാകാട്ടെ വെറും 30.9 മില്ല്യന്‍ പൗണ്ടും. അതായത് ലെസ്റ്റര്‍ അവരുടെ കളിക്കാര്‍ക്കായി മുടക്കിയ പണത്തിന്‍റെ പത്തിരട്ടി തങ്ങളുടെ കളിക്കാര്‍ക്കായി യുണൈറ്റഡ് മുടക്കിയെങ്കിലും അഞ്ചാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. യുണൈറ്റഡിന്‍റെ മദ്ധ്യനിരയിലെ ആസൂത്രണമികവുള്ള കളിക്കാരനായ യുവാന്‍ മാട്ടയുടെ വില 37.1-മില്ല്യന്‍ പൗണ്ടാണ്. അതിലും 7 മില്ല്യന്‍ പൗണ്ടോളം കുറച്ച് ചിലവിട്ടാണ് ലെസ്റ്റര്‍ തങ്ങളുടെ മൊത്തം ടീമിനേയും സജ്ജമാക്കിയിരിക്കുന്നത്. യഥാര്‍ത്ഥത്തിലുള്ള മികവ് പണത്തിനും മറ്റ് ആഡംബരങ്ങള്‍ക്കും മേലേയുള്ള ഒരു തലത്തിലാണ് ഉള്ളതെന്ന എളിയ ഓര്‍മ്മപ്പെടുത്തലാണ് ലെസ്റ്ററിന്‍റെ ഇത്തവണത്തെ കുതിപ്പോടെ ഒരിക്കല്‍ക്കൂടി തെളിയുന്നത്.
വെറും 4-മില്ല്യന്‍ പൗണ്ടിന് ലെസ്റ്റര്‍ ഫ്രാന്‍സിലെ ലെ ഹാവ്രേ ക്ലബ്ബില്‍ നിന്ന് വാങ്ങിയ റിയാദ് മെഹ്റസാണ് ഈ സീസണിലെ മികച്ച കളിക്കരാനായി തിരഞ്ഞെടുക്കപ്പെട്ടത്. മെഹ്റസും ടോപ്-സ്കോറര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള സ്ട്രൈക്കര്‍ ജയ്‌മി വാര്‍ഡിയും ചേര്‍ന്ന കൂട്ടുകെട്ടിന്‍റെ ക്രിയാത്മകതയാണ് ലെസ്റ്ററിന്‍റെ വിജയങ്ങളുടെ പ്രധാന സൂത്രവാക്യം. ലീഗില്‍ ലെസ്റ്റര്‍ ഇതുവരെ 3 കളികളേ തോറ്റിട്ടുള്ളൂ. 22 വിജയങ്ങളും 10 സമനിലയും നേടിയ ടീം 63 ഗോളുകള്‍ എതിരാളികളുടെ വലയില്‍ നിക്ഷേപിച്ചപ്പോള്‍ തിരികെ വാങ്ങിയത് 33 എണ്ണം മാത്രം.
അത്രയൊന്നും അറിയപ്പെടാതിരുന്ന ലെസ്റ്റര്‍ താരങ്ങള്‍ ഇപ്പോള്‍ ലോകപ്രശസ്തരാണ്. ലെസ്റ്റര്‍ ചാമ്പ്യന്മാരാകും എന്ന്‍ ഉറപ്പിച്ച് ഒരു ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനി 3-4 മാസങ്ങളായി എല്ലാ ലെസ്റ്റര്‍ മത്സരങ്ങളും സിനിമാറ്റിക് ക്വാളിറ്റിയില്‍ ചിത്രീകരിക്കുന്നുമുണ്ട്. ലെസ്റ്റര്‍ നേടുന്ന ഐതിഹാസിക വിജയത്തിന്‍റെ കഥ ഒരു ബിഗ്-ബജറ്റ് സിനിമയാക്കുക എന്നതാണ് അവരുടെ ഉദ്ദേശം.
മുത്തശ്ശിക്കഥകള്‍ കേട്ടും അവ സത്യമാണെന്ന് ഉറച്ചു വിശ്വസിച്ചും വളര്‍ന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും ലോകത്ത് നടക്കുന്ന ഇത്തരം സംഭവങ്ങള്‍ നമ്മുടെ ആ വിശ്വാസത്തിന്‍റെ പരിശുദ്ധിയെ, അതിന്‍റെ സത്യത്തെ മനസ്സില്‍ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു. ഇനിയുമുണ്ടാകട്ടേ ലെസ്റ്ററിനെപ്പോലെ ഒരുപാട് ടീമുകള്‍….ഫുട്ബോളില്‍ മാത്രമല്ല…എല്ലാ കായികരൂപങ്ങളിലും….
Post Your Comments