കൊച്ചി: കേരളത്തില്‍ പൊതുഖജനാവില്‍ നിന്ന് പണം നല്‍കി സര്‍ക്കാര്‍ രണ്ട് മാധ്യമങ്ങളെ വിലയ്‌ക്കെടുത്തിരിക്കുകയാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇത് പെയ്ഡ് ന്യൂസിനെക്കാള്‍ ഭീതിജനകമാണെന്നും സംസ്ഥാനം സന്ദര്‍ശിച്ച പ്രസ് കൗണ്‍സില്‍ പ്രതിനിധികള്‍ പറഞ്ഞു. പെയ്ഡ് ന്യൂസ് സംബന്ധിച്ച് നിരീക്ഷണത്തിന് തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശ പ്രകാരം പ്രസ്‌കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റിയിലെ അംഗങ്ങളായ ടി. അമര്‍നാഥ്, സി.കെ. നായ്ക് എന്നിവര്‍ രണ്ടുദിവസം കേരളം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് ആശങ്ക പങ്കുവെച്ചത്. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് പ്രസ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സര്‍ക്കുലേഷനില്‍ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നില്‍ക്കുന്ന പത്രങ്ങള്‍ക്ക് ഒരുവര്‍ഷം മുമ്പ് സര്‍ക്കാര്‍ പരസ്യങ്ങളുടെ നിരക്ക് മുന്നൂറും ഇരുന്നൂറും ശതമാനമാണ് വര്‍ധിപ്പിച്ച് നല്‍കിയത്. മറ്റൊരു പത്രത്തിനും വര്‍ധന വരുത്തിയുമില്ല. ഇത് രൂപവും ഭാവവും മാറിയ പെയ്ഡ് ന്യൂസ് ആണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലുള്ള നീക്കം കണ്ടിട്ടില്ല. അപകടകരമായ നീക്കമാണിത്. പരസ്യത്തിന്റെ താരിഫ് വര്‍ധന വാര്‍ത്തകളിലെ നിഷ്പക്ഷതയെ ബാധിച്ചുവോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ അത് അപകടകരമാണ്. പത്രങ്ങളുടെ പേര് ഈ ഘട്ടത്തില്‍ പറയുന്നില്ല. തെരഞ്ഞെടുപ്പു കമീഷന് റിപ്പോര്‍ട്ട് നല്‍കിയശേഷം പേര് വെളിപ്പെടുത്തും.ഈ പത്രങ്ങളുടെ 2014ലെ സര്‍ക്കുലേഷന്‍, അന്ന് നല്‍കിയ സര്‍ക്കാര്‍ പരസ്യ താരിഫ്, ഇപ്പോഴത്തെ സര്‍ക്കുലേഷന്‍, പരസ്യ താരിഫ് എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിശദാംശങ്ങള്‍ ലഭിച്ചാലുടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും റിപ്പോര്‍ട്ട് നല്‍കും.
സാധാരണഗതിയില്‍ പത്ര പ്രവര്‍ത്തകരെ കൈയിലെടുത്തുകൊണ്ടുള്ള പെയ്ഡ് ന്യൂസ് രീതിയാണ് കാണാറ്. എന്നാല്‍, ഇക്കുറി മാനേജ്‌മെന്റുകളെ സ്വാധീനിക്കുന്ന രീതിയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന ഖജനാവില്‍നിന്ന് പൊതുജനങ്ങളുടെ പണമെടുത്തുകൊണ്ടുള്ള ഈ സ്വാധീനിക്കല്‍ അപകടകരമായ പ്രവണതയാണ്. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രത്യക്ഷത്തില്‍ പെയ്ഡ് ന്യൂസ് സംഭവങ്ങള്‍ കണ്ടത്തെിയിട്ടില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി.ആര്‍ ഏജന്‍സികളെ നിയോഗിക്കുന്നതാണ് കേരളത്തില്‍ കാണുന്ന മറ്റൊരു പ്രവണത. മിക്ക സ്ഥാനാര്‍ഥികളും പി.ആര്‍ ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് നല്‍കുന്ന പണം തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുന്നുമില്ല. സംസ്ഥാന മന്ത്രിസഭയില്‍ അംഗമായിരുന്ന ഒരു നേതാവ് പറഞ്ഞത് പി.ആര്‍ ഏജന്‍സികളെ നിയോഗിക്കുന്നത് പാര്‍ട്ടികളാണെന്നും പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവിന് പരിധിയില്ലെന്നുമാണ്. ഇതും തെറ്റായ പ്രവണതയാണ്.
സംസ്ഥാനത്ത് ഇതുവരെ പെയ്ഡ് ന്യൂസ് സംബന്ധിച്ച് 64 പരാതി കിട്ടിയിട്ടുണ്ട്. അത് പരിശോധിച്ചുവരികയാണെന്നും അമര്‍നാഥ് പറഞ്ഞു. ആദ്യമായാണ് പെയ്ഡ് ന്യൂസ് നിരീക്ഷിക്കുന്നതിന് പ്രസ്‌കൗണ്‍സില്‍ പ്രതിനിധികളെ നിയോഗിക്കുന്നത്. കേരളത്തിലേക്ക് നിയോഗിക്കപ്പെട്ട രണ്ടംഗ സംഘം തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ സന്ദര്‍ശനം നടത്തി ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
Post Your Comments