തിരുവനന്തപുരം:സംസ്‌ഥാനത്തു വഴിയോരങ്ങളും പുറമ്പോക്കുകളും കൈയേറി നിര്‍മിച്ച 77 ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്‌ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി.
പൊതുസ്‌ഥലം കൈയേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു മാറ്റാത്തതിനെതിരേ കഴിഞ്ഞ മാസം സുപ്രീം കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഇക്കാര്യത്തില്‍ മേയ് നാലിനകം സത്യവാങ്‌മൂലം നല്‍കണമെന്നും ഇല്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തുമെന്നും സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് റവന്യു വകുപ്പ് പൊതുവഴികളിലും പുറമ്പോക്കുകളിലുമുള്ള ആരാധാനാലയങ്ങളുടെ കണക്കെടുത്തത്. ഇരുന്നൂറിലധികം ആരാധാനലയങ്ങള്‍ സര്‍ക്കാര്‍ ഭൂമിയും പൊതുവഴിയും കൈയേറി നിര്‍മ്മിച്ചിരുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയില്‍ കേസ് വന്നപ്പോള്‍ പൊതുവഴി കൈയേറി നിര്‍മ്മിച്ചവ പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവിട്ടതിന്റെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ പൊതുവഴിയും പുറമ്പോക്കും അളന്നുതിരിക്കുകയും ആരാധാനയാലയങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്‌തിരുന്നു. ഇതിന്റെ ഭാഗമായി ചില ആരാധനായലങ്ങള്‍ പൊതുവഴിയില്‍നിന്നു മാറ്റിസ്‌ഥാപിക്കുകയും ചിലത് പൊളിച്ചുമാറ്റുകയും ചെയ്‌തു.
ഇതിനുശേഷവും 77 ആരാധനാലയങ്ങള്‍ പൊതുവഴിയിലും പുറമ്പോക്കിലും നിലനില്‍ക്കുന്നുണ്ടെന്നാണു സര്‍ക്കാര്‍ കണ്ടെത്തല്‍. ഓരോ ജില്ലയില്‍ നിന്നും ലഭിച്ച കണക്കുകളുടെ അടിസ്‌ഥാനത്തിലാണ് ഇതു കണ്ടെത്തിയത്. ഈ ആരാധനാലയങ്ങളുടെ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയശേഷം അതു പൊളിച്ചുമാറ്റാനാണ് നിര്‍ദേശം. കഴിഞ്ഞദിവസം ചേര്‍ന്ന റവന്യു ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
Post Your Comments