ലണ്ടന്‍: പാസ്‌പോര്‍ട്ട് റദ്ദാക്കിയതു കൊണ്ടോ തന്നെ അറസ്റ്റ് ചെയ്തതു കൊണ്ടോ വായ്പയെടുത്ത പണം ബാങ്കുകള്‍ക്കു തിരികെ കിട്ടാന്‍ പോകുന്നില്ലെന്നും ഉടന്‍ ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിവാദ മദ്യവ്യവസായി വിജയ് മല്യ. വായ്പാ പണം വിദേശത്തേക്കു കടത്തി മറ്റ് ആവശ്യങ്ങള്‍ക്കു വിനിയോഗിച്ച കേസിലും വണ്ടിച്ചെക്ക് കേസിലും ജാമ്യമില്ലാ വാറന്റ് നിലനില്‍ക്കുന്ന മല്യയെ തിരിച്ചയയ്ക്കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഈ പ്രതികരണം.
നഗരമധ്യത്തിലെ മെയ്‌ഫെയറില്‍ ആഡംബര വസതിയില്‍ താമസിക്കുന്ന മല്യ ‘ദ് ഫിനാന്‍ഷ്യല്‍ ടൈംസി’ന് അനുവദിച്ച നാലുമണിക്കൂര്‍ നീണ്ട അഭിമുഖത്തിലാണു മാതൃരാജ്യത്തെ ഭരണാധികാരികളും ബാങ്കുകളുമായുള്ള തര്‍ക്കത്തെക്കുറിച്ചു മനസ്സുതുറന്നത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ കടബാധ്യതയുടെ കാര്യത്തില്‍ ബാങ്കുകളുമായി അനുയോജ്യമായ ഒത്തുതീര്‍പ്പാണു താന്‍ ആഗ്രഹിക്കുന്നത്.
പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തതും പിന്നീടു റദ്ദാക്കിയതും തിടുക്കത്തില്‍ കൈക്കൊണ്ട നടപടിയാണ്. അവധിദിവസമാണു പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നോട്ടിസ് കിട്ടിയത്. അതിനു നല്‍കിയ മറുപടി പരിഗണിക്കുക പോലുമുണ്ടായില്ല. 9000 കോടി രൂപയുടെ ബാധ്യത എന്ന കണക്കും മല്യ ഖണ്ഡിച്ചു. ഇതു ബാങ്കുകളും മാധ്യമങ്ങളും ചേര്‍ന്നു സൃഷ്ടിച്ചതാണ്. യഥാര്‍ഥത്തില്‍ ബാങ്കുകള്‍ക്കു കൊടുക്കാനുള്ളത് 5000 കോടി രൂപയാണ്. ബാക്കി പലിശയാണ്. വായ്പ തിരിച്ചടയ്ക്കാത്ത മറ്റു കമ്പനികളുടെ കാര്യവും പരിഗണിക്കണമെന്നും തനിക്കു നേരെ മാത്രം സമ്മര്‍ദം ചെലുത്തുന്നതില്‍ അര്‍ഥമില്ലെന്നും മല്യ പറഞ്ഞു.
കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ 6000 കോടി രൂപയുടെ നിക്ഷേപമാണു നടത്തിയത്. സര്‍ക്കാര്‍ നയങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് എയര്‍ലൈന്‍സിനെ തകര്‍ത്തത്. വളരെ ലളിതജീവിതം നയിക്കുന്ന വ്യക്തിയാണു ഞാന്‍. ആര്‍ഭാട ജീവിതത്തപ്പറ്റിയുള്ള കഥകള്‍ ഇവിടെ പ്രചരിക്കുന്നു. കടങ്ങള്‍ തീര്‍ത്തു സമാധാനമായി ജീവിക്കണമെന്നാണ് ആഗ്രഹമെന്നും വിജയ് മല്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനിഷ്ടമുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞില്ല
Post Your Comments