ന്യൂഡല്‍ഹി: വെറുതെ വിറ്റാമിന്‍ ഗുളിക കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി ഡല്‍ഹിയില്‍ നിന്ന് ഒരു റിപ്പോര്‍ട്ട്. അമിത ഡോസില്‍ വിറ്റാമിന്‍ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് പത്ത് വയസുകാരന്‍ മരിച്ചു. സുരക്ഷിതമായ അളവിനേക്കാള്‍ കൂടുതല്‍ ഗുളികള്‍ കഴിച്ചതിനെ തുടര്‍ന്നാണ് ബാലന് മരണം സംഭവിച്ചതെന്ന് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ശരീരം നന്നാകാന്‍ ഒരു പ്രാദേശിക മെഡിക്കല്‍ സെന്ററില്‍ നിന്നാണ് ബാലന് വിറ്റാമിന്‍ ഗുളികകള്‍ നിര്‍ദ്ദേശിച്ചത്. 21 ദിവസത്തേക്ക് വിറ്റാമിന്‍ ഡി ഗുളികയുടെ ആറ് ലക്ഷം ഐ.യു ആണ് ബാലന് പ്രിസ്‌ക്രിപ്ഷന്‍ നല്‍കിയിരുന്നത്. ഇത് പത്ത് വയസുകാരന് അനുവദനീയമായതിലും 30 മടങ്ങ് കൂടുതലാണെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അമിത അളവില്‍ വിറ്റാമിന്‍ ഗുളിക കഴിക്കുന്നത് ശരീരത്തില്‍ വിഷാംശം ബാധിക്കുന്നതിന് (വിറ്റാമിന്‍ ഡി ടോക്‌സിറ്റി) കാരണമാകുമെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.
ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അവശനിലയില്‍ എയിംസില്‍ പ്രവേശിപ്പിച്ച ബാലന്‍ ചികിത്സയിലിരിക്കെയാണ് മരണമഞ്ഞത്. ഇന്ത്യന്‍ ജേണല്‍ ഓഫ് പീഡിയാട്രിക്‌സില്‍ കുട്ടിയുടെ രോഗവിവരം അടക്കം വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments