കാൽനൂറ്റാണ്ടായി കോണ്‍ഗ്രസ് അടക്കിവാഴുന്ന തൃശൂര്‍ മണ്ഡലം നിലനിർത്താൻ കോണ്‍ഗ്രസ്സും തിരിച്ചു പിടിക്കാൻ എൽഡിഎഫും അട്ടിമറി വിജയം നേടാൻ എൻഡിഎയും കളത്തിലിറങ്ങിയപ്പോൾ തൃശൂര് ശക്തമായ ത്രികോണ മത്സരത്തിന്റെ ചൂടിലായി. എന്ത്തും സംഭവിക്കാവുന്ന സ്ഥിതിയാണ് തൃശൂരിൽ. ലോകപ്രശസ്തമായ തൃശൂര്‍ പൂരത്തിന്റെ പ്രധാന പങ്കാളികളാണ് പാറമേക്കാവ്-തിരുവമ്പാടി ദേശക്കാര്‍. ഒരുവര്‍ഷം വെടിക്കെട്ടിലും കുടമാറ്റത്തിലും പാറമേക്കാവ് മികവുകാട്ടിയാല്‍ പിറ്റേവര്‍ഷം തിരുവമ്പാടിയാകും നന്നാവുക. ഇതുപോലെയാണ് തൃശൂരില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍.
തൃശൂർ ജില്ലയിലെ തൃശൂർ നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃശൂർ നിയമസഭാമണ്ഡലം. 1977 മുതൽ നടന്ന ഒമ്പത് തിരെഞ്ഞെടുപ്പുകളിൽ തേറമ്പിൽ രാമകൃഷ്ണൻ ഇവിടെ നിന്നും അഞ്ചു തവണ വിജയിച്ചിട്ടുണ്ട് , രണ്ടു തവണ മാത്രമേ 1977 നു ശേഷം ഇടതുപക്ഷത്തിനു ഈ സീറ്റ് ലഭിച്ചിട്ടുള്ളൂ. 1991 മുതൽ തുടർച്ചയായി ജനപ്രതിനിധി ആണ് തേറമ്പിൽ രാമകൃഷ്ണൻ. കഴിഞ്ഞതവണ സിപിഐയുടെ പി. ബാലചന്ദ്രനെ തോൽപ്പിച്ചാണ് തേറമ്പിൽ വിജയിച്ചത്. കെ. കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നു, ഇടതുപക്ഷത്ത് നിന്നും ജനകീയനായ സി പി ഐ നേതാവ് വി എസ് സുനിൽകുമാർ അങ്കത്തിനു ഇറങ്ങുന്നു. ബി ജെ പി സ്ഥാനാർഥിയായി ബി ഗോപാലകൃഷ്ണനും ജനവിധി തേടുന്നു. ശക്തമായ മത്സരം നടത്തി മണ്ഡലം തിരിച്ചു പിടിക്കാൻ വേണ്ടി തന്നെയാണു ജനകീയ നേതാവിനെ സി പി ഐ രംഗത്ത് ഇറക്കിയിരിക്കുന്നത് .
ലീഡർ എന്ന് ഏറെ പ്രിയത്തോടെ അനുയായികൾ വിളിക്കുന്ന, പരേതനായ കെ. കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലാണ് ഇത്തവണ യു ഡി എഫിന്റെ സ്ഥാനാർഥി. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സ്വന്തം നഗരത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ പത്മജ ഒരുങ്ങുന്നത്. “കെ. കരുണാകരന്റെ കുടുംബത്തിന് ശക്തമായ സ്വാധീനമുള്ള ഇടമാണ് എല്ലായ്‌പോഴും തൃശൂർ മണ്ഡലം. ഇപ്പോഴും ഈ മണ്ഡലത്തിലെ ജനങ്ങളുടെ ബഹുമാനവും പിന്തുണയും അച്ഛനുണ്ട്. അവരുടെ പിന്തുണയോടെ ഞാൻ ജയിക്കുമെന്ന് എനിക്കുറപ്പാണ്.” പദ്മജ ഉറച്ചു വിശ്വസിക്കുന്നു. അച്ഛന്റെ രാഷ്ട്രീയ തട്ടകത്തിലേക്ക് ആ ഓര്‍മകളുടെയും അനുഭവങ്ങളുടെയും ബലത്തിലാണ് പത്മജ കടന്നുവന്നത്. ഗ്രൂപ്പിനപ്പുറമുള്ള സ്വീകാര്യതയാണ് പത്മജയുടെ കരുത്ത്. പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രിയും സര്‍ക്കാരും മുന്‍കൈ എടുത്തതും പത്മജയ്ക്ക് നേട്ടമുണ്ടാക്കുമെന്നാണ് യു ഡി എഫിന്റെ കണക്കു കൂട്ടൽ.
നിയമസഭയ്ക്കകത്തും പുറത്തും തീപ്പൊരിയായ സിപിഐയിലെ അഡ്വ. വി എസ് സുനില്‍കുമാറാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. മണ്ഡലം തിരിച്ചുപിടിക്കാനുറപ്പിച്ചു തന്നെ വി എസ് സുനില്‍കുമാറിന്റെ വരവ്. നിയമസഭയ്ക്കകത്തും ചാനലുകളിലും നിറഞ്ഞുനിന്ന് സംസ്ഥാനത്തുതന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന എംഎല്‍എ ആയി മാറാന്‍ സുനില്‍ കുമാറിന് കഴിഞ്ഞിട്ടുണ്ട്. ചേര്‍പ്പിലും കയ്പ്പമംഗലത്തും വിജയക്കൊടി പാറിച്ച ചരിത്രം തൃശൂരിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് മുന്നണിയും പാര്‍ട്ടിയും വിശ്വസിക്കുന്നത്. എഐഎസ്എഫ് പ്രവര്‍ത്തനകാലം മുതല്‍ തൃശൂര്‍ രാഷ്ട്രീയത്തിന്റെ എല്ലാ തുടിപ്പുകളും അറിഞ്ഞ അനുഭവ സമ്പത്ത് അഡ്വക്കേറ്റ് ആയ സുനിൽ കുമാര് കയ്പമാങ്ങലത്ത് നിന്ന് മത്സരിച്ചു വിജയിച്ചതാണ്.
ബിജെപി സംസ്ഥാന സെക്രട്ടറി കൂടിയായ അഡ്വ. ബി ഗോപാലകൃഷ്ണനും വിജയപ്രതീക്ഷയോടെയാണ് മല്‍സരിക്കുന്നത്. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് പ്രതീക്ഷക്കാധാരം. ജയിച്ച് കയറിയ ആറു ഡിവിഷനുകള്‍ക്ക് പുറമെ രണ്ടാം സ്ഥാനത്തെത്തിയ ഒരു ഡിവിഷനും മണ്ഡലത്തിലുണ്ട്. ബിഡിജെഎസ് സംഖ്യം കൂടിയാവുമ്പോള്‍ ഒരട്ടിമറിക്കുള്ള സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ വിശ്വാസം. രണ്ടു മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും തൃശൂരിന് ഒരു വികസനവും ഉണ്ടായില്ല, ഗതാഗത കുരുക്ക് കൂടിവരുന്നതെയുള്ളൂ. താന്‍ വിജയിച്ചാല്‍ തൃശൂരിനെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒപ്പം തൃശൂര്‍ ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഇതുവരെ ഇവിടെ തുടര്‍ച്ചയായി ഭരിച്ചവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതും ബി.ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുണ്ടാക്കിയ മുന്നേറ്റം അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ സുരക്ഷിത മണ്ഡലമാണെന്ന പ്രതീക്ഷ തൃശൂരിലെ യു ഡി എഫിനുണ്ട്.ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇവിടെയും മുന്‍തൂക്കം ആര്‍ക്കും പ്രവചിക്കാന്‍ പറ്റുന്നതല്ല.
Post Your Comments