കൊച്ചി: പുല്ലേപ്പടിയില്‍ ചെറുകരയത്ത് ലെയ്നില്‍ പത്തു വയസ്സുകാരന്‍ റിസ്റ്റിയെന്ന റിച്ചിയെ കൊലപ്പെടുത്തിയതിനു കാരണം കുട്ടിയുടെ പിതാവു ജോണിനോടു പ്രതി അജി ദേവസ്യക്കു തോന്നിയ അന്ധമായ വൈരാഗ്യമെന്ന് നിഗമനം. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അജി തന്നെയാണു ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ലഹരി ഉപയോഗിക്കുന്ന പ്രതി മാനസിക വിഭ്രാന്തി കാരണമാണു കൊല നടത്തിയതെന്ന ബന്ധുക്കളുടെയും പൊലീസിന്റെയും നിലപാടിനെതിരെ പുല്ലേപ്പടി റസിഡന്റ്സ് അസോസിയേഷന്‍ രംഗത്തു വന്നു. കൊലപാതകത്തിനു ലഹരിയുടെ ഉപയോഗം കാരണമായേക്കാമെങ്കിലും പ്രതിയെ മനോവൈകല്യമുള്ളയാളായി ചിത്രീകരിച്ചു നിയമത്തിന്റെ ആനുകൂല്യം ലഭ്യമാക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നാണു അസോസിയേഷന്റെ ഉറച്ച നിലപാട്.
റിസ്റ്റിയുടെ പിതാവ് ജോണിനോട് അയല്‍വാസിയായ അജി പലപ്പോഴും പണം ആവശ്യപ്പെടുമായിരുന്നു. ഒരു സാധാരണ ഓട്ടോറിക്ഷ തൊഴിലാളിയായ ജോണിന് അജി ആവശ്യപ്പെടുന്ന പണം നല്‍കാന്‍ കഴിയാറില്ല. പല ദിവസങ്ങളിലും അജി സ്വന്തം മാതാപിതാക്കളെ മര്‍ദിക്കാറുണ്ട്. പണം ചോദിച്ചിട്ടു നല്‍കാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭത്തിലാണ് ഇയാള്‍ ആക്രമണകാരിയാകുന്നത്. മകന്റെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ അജിയുടെ അമ്മ അഭയം തേടാറുള്ളത് ജോണിന്റെ വീട്ടിലാണ്.
ഇതും പ്രതിക്കു വൈരാഗ്യം തോന്നാന്‍ കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. ജോണിനെ ആക്രമിക്കാനുള്ള ആരോഗ്യമില്ലാത്ത അജി, പകതീര്‍ക്കാന്‍ മകന്‍ റിസ്റ്റിയെ ഇരയാക്കുകയായിരുന്നെന്നു സമീപവാസികള്‍ പൊലീസിനു മൊഴി നല്‍കി. കുട്ടിയുടെ പിതാവു ജോണിനോടുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു പ്രതിയും അന്വേഷണ സംഘത്തോടു പറഞ്ഞു. പല ബിസിനസുകള്‍ തുടങ്ങിയെങ്കിലും എല്ലാം പരാജയപ്പെടുത്തിയതു ജോണാണെന്നാണ് അജിയുടെ ആരോപണം.
എന്തു ബിസിനസാണു തുടങ്ങിയതെന്ന പൊലീസിന്റെ ചോദ്യത്തിനു ‘ടൈല്‍ ബിസിനസ്’ എന്നായിരുന്നു അജിയുടെ മറുപടി. തന്നെ ഉപദ്രവിക്കാന്‍ ജോണ്‍ പലരേയും അയച്ചതാണു വൈരാഗ്യത്തിനു കാരണമെന്നും അജി പൊലീസിനോടു പറഞ്ഞു. എന്നാല്‍ ജോണ്‍ ഏതെങ്കിലും തരത്തില്‍ അജിയെ ഉപദ്രവിച്ചതിനു തെളിവുകള്‍ ഇല്ലെന്നു പൊലീസ് പറയുന്നു.
പ്രതി അജി ഇപ്പോള്‍ റിമാന്‍ഡിലാണ്. കൊലപാതകത്തിന് ഒന്നിലധികം ദൃക്സാക്ഷികളുണ്ട്. കൊലയാളി ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ തെളിവെടുപ്പിന്റെ ആവശ്യമില്ലെന്നാണു പൊലീസിന്റെ നിലപാട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ഇനി ചോദ്യം ചെയ്യണോ എന്ന കാര്യം തീരുമാനിച്ചട്ടില്ല. എറണാകുളം സെന്‍ട്രല്‍ സി.ഐ വിജയകുമാറിനാണ് അന്വേഷണ ചുമതല.
Post Your Comments